രചന : ചാരു വാഴക്കൻ ✍
നിന്റെ വിയർപ്പു കൊണ്ടു നനഞ്ഞ കടലാസ് തുറക്കുമ്പോൾ എന്റെ ഹൃദയം മിടിക്കുന്നതു എനിക്കു തന്നെ കേൾക്കാമായിരുന്നു..
ആ കടലാസുകളിൽ എവിടെയെങ്കിലുമൊരു കീറൽ വീണാൽ, അതിലെ വരികൾ എനിക്കു നഷ്ടമായാൽ, അതിലെ സ്നേഹം എനിക്കു അനുഭവപ്പെടാതിരുന്നാൽ അതെന്നെ എത്രത്തോളം സങ്കടപെടുത്തുമെന്നു എനിക്ക് തന്നെ അറിയില്ല..
നിന്റെ വികാര വിചാരങ്ങൾ പകർത്തിയ, എന്നോടുള്ള സ്നേഹം പകർത്തിയ,
ആ കുഞ്ഞു കടലാസ് എത്ര വട്ടം ഞാൻ വായിച്ചു എന്നെനിക് അറിയില്ല,
വീട്ടിലെ പഴയ ലാൻഡ് ഫോണിൽ പലവട്ടം നിന്നെ ഞാൻ വിളിച്ചു..
വിരലിട്ടു കറക്കി കറക്കി വേദനിച്ചു തുടങ്ങി,
അപ്പോഴാണ് ഞാൻ ഓർത്തത് നീയെനിക്കു നമ്പർ തന്നില്ലായിരുന്നല്ലോ എന്ന്, പിന്നേതു നമ്പർ ആയിരിക്കാം ഞാൻ വിളിച്ചത് ? ആ അതുമെനിക്കറിയില്ല,
നിന്നോടുള്ള സ്നേഹം കൊണ്ടു ഒരു നിമിഷം ഞാനൊരന്ധനായിരിക്കും അല്ലെങ്കിലും അങ്ങനെ ഇരിക്കുന്നതാണ് നല്ലത് അല്ലെ, ചുറ്റിനും ഇരുട്ട് അതിൽ പ്രകാശിച്ചു കൊണ്ടിരിക്കുന്ന ഒരേ ഒരു മുഖം മാത്രം, എനിക്കറിയാം ഇത് വായിക്കുമ്പോൾ നീ ചിരിക്കുമെന്ന്, നിന്റെ മുഖത്ത് അപൂർവമായി മാത്രം വിരിയുന്നൊരാ ചിരിക്ക് പൂർണ ചന്ദ്രന്റെ നിറവാണ്..
ഇനിയും എന്നാണ് നമ്മൾ കാണുന്നത്?
ഇനിയൊരിക്കൽ നമുക്ക് പാടത്തിനക്കരെ വരെ പോകണം, പാടവരമ്പിലൂടെ നിന്റെ കൈ വിരൽ തുമ്പിൽ പിടിച്ചു അസ്തമയ സൂര്യന് അടുത്ത് വരെ എത്തണം, ആ സൂര്യനെ സാക്ഷി നിർത്തി നിന്റെ നെറ്റിയിൽ ഒരു ചുംബനം നൽകണം, നാണം കൊണ്ടു കൂമ്പിയ മുഖം തെല്ലുയർത്തി എന്റെ ക്യാമറയിൽ നിന്റെ ചിരിക്കുന്നൊരാ മുഖം പകർത്തണം..
ഞാൻ കാട് കയറി ചിന്തിക്കുന്നു അല്ലെ, ഹാ നീ പേടിക്കണ്ട ഞാൻ ഇവിടെ നിർത്തി എന്റെ പെണ്ണേ, ഇനി ഇത് എങ്ങനെ നിന്റെ കയ്യിൽ എത്തിക്കണം എന്നാലോചിക്കണം. അതാണിനിയൊരു ടെൻഷൻ, നമ്മുടെ ആ പഴയ സ്ഥലത്തു തന്നെ വക്കാം, നിന്റെ മറുപടി കിട്ടുന്നത് വരെ ഇനിയൊരു നീണ്ട സമാധാനകുറവാണ്
നിനക്ക് തന്നെയാണോ അത് കിട്ടിയതെന്നോർത്തു ഇനി ഉറക്കമില്ലാത്ത രാവുകൾ ആയിരിക്കും..
എന്തും വരട്ടെ, നാളെ ഞാനതു അവിടെ വക്കും… നിന്നിലേക്കോടിയെത്തുന്ന എന്റെ സ്നേഹനിശ്വാസങ്ങൾ ആയി………….
നിന്റെ മാത്രം….
ഇന്ന് സെപ്റ്റംബർ 1
എഴുത്ത് ദിനം….
എഴുതിയെഴുതി കൈകൾ കുഴഞ്ഞു പോയിട്ടും നിർത്താതെ എഴുതി കൊണ്ടേയിരുന്നിട്ടുണ്ട്
ഉരുണ്ട, നീണ്ട, ചെരിഞ്ഞ അക്ഷരങ്ങൾ
കോറി വരച്ചത് പോലെ ആയിട്ടുണ്ട്
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ
ഇരുന്നെഴുതി കണ്ണുകൾ നീറി പുകഞ്ഞു കലങ്ങിയിട്ടിണ്ട്
കരിന്തിരി കത്തിയ വിളക്കിനരികിൽ നിന്നും നീക്കി വച്ച കടലാസിലേയ്ക്ക് വിളക്കിന്റെ തിരികളിൽ നിന്നും വിരലുകൾ കൊണ്ട് തട്ടി തെറിപ്പിക്കുന്ന ചുവന്നു കറുത്ത തിരിമണികൾ വീണു നിറം മങ്ങിയ പേപ്പറുകൾക്ക് സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും നൂറു നൂറു കഥകൾ പറയാനുണ്ടായിരുന്നിരിക്കണം…..
എഴുത്ത് ദിനാശംസകൾ……..
❤️❤️❤️❤️
