ഐ വായനയുടെ എല്ലാ നല്ലവരായ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ !

“എന്റെ ആദ്യകാല കഥകളൊക്കെത്തന്നെ ഉരുളികുന്നത്തെ മഴയുടെയും, വെയിലിന്റെയും, കാടുകളുടെയും, തോടുകളുടെയും, ഇരുട്ടിന്റെയും, നാലുമണികാലത്തിന്റെയും, നിലാവെളിച്ചത്തിന്റെയും കഥയുടെ മറവിലിരുന്നുകൊണ്ടുള്ള ആരാധനയുടെ മാത്രമായിരുന്നു.
ഇന്നും ഞാനുപയോഗിക്കുന്ന ഓരോ വാക്കിന്റെയും പിന്നിലെ മാറ്റൊലിക്കുവേണ്ടി ഞാൻ ഉരുളികുന്നത്തേക്കാണ് ചെവിയോർക്കുന്നത്.
ഞാൻ വേറൊന്നുമല്ല, ഉരുളികുന്നത്തെ കള്ളിന്റെയും, മണ്ണിന്റെയും,കാറ്റിന്റെയും,മുള്ളിന്റെയും,മേഘത്തിന്റെയും, വെള്ളത്തിന്റെയും ഒരു പാർശ്വ ഉൽപ്പന്നം മാത്രമാണ്.

എന്നെ ഉരുളികുന്നത്തുകാരനാക്കിയതിന് പ്രപഞ്ചത്തിനും, എന്റെ അപ്പനും അമ്മയ്ക്കും നന്ദി പറയുന്നു”.
ഒരു ഡോക്യുമെന്ററി ചിത്രത്തിന്റെ ആരംഭത്തിനെ വശ്യമനോഹരമായ ഗ്രാഫിക് ആനിമേഷന്റെ അകമ്പടിയോടെ ഒരു എസ്റ്റേറ്റ് പശ്ചാത്തലമുള്ള ഗ്രാമമുറ്റത്തേക്ക് പ്രേക്ഷകനെ കൂട്ടികൊണ്ടുപോയതിനുശേഷം, കാലങ്ങളായി കേരളത്തിന്റെ സാംസ്കാരിക വേദികളിൽ മുഴങ്ങുന്ന പരിചിതമായ ശബ്ദത്തിന്റെ ഉറവ ഒഴുകിവന്ന് പ്രേക്ഷകരോട് വെളിപ്പെടുത്തുന്ന വാക്കുകളാണ് മേലുദ്ധരിച്ചത്.
ചിത്രത്തിലെ മുഖ്യ കഥാപാത്രമായ കഥാകാരൻ തന്നെയാണ് സ്വയം പരിചയപ്പെടുത്തലുമായി നമ്മെ തന്റെ ജീവിതകഥയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. ഇത്രയും ഭാഗംകൊണ്ട് സക്കറിയയെ അറിയുന്നവരിലും, അറിയാത്തവരിലും ഉണർവിന്റെ സ്വരദീപം തെളിച്ച് ജാഗരൂഗരാകാനുള്ള സന്ദേശം സംവിധായിക മനോഹരമായി ഒരുക്കി കഴിഞ്ഞു.

ഉരുളികുന്നു വഴി മൈസൂറിലേക്ക്
പതിനാറാമത്തെ വയസ്സിൽ മാതൃഗ്രാമമായ ഉരുളികുന്നത്തുനിന്ന് മൈസൂറിലേക്ക് വണ്ടികയറി പഠിച്ച്, പ്രണയിച്ച്, വായിച്ച്, എഴുതി, വായിപ്പിച്ച്, വളർന്നുവലുതായ ബാഹുല്യം നിറഞ്ഞ വലിയൊരു പരമ്പരയാണ് സംവിധായികയായ
ഷൈനി ബെഞ്ചമിൻ ഒരു മണിക്കൂറിനുള്ളിൽ ആധുനിക സാങ്കേതികവിദ്യയുടെ അലങ്കാരത്തോടെ നമ്മെ ബോധ്യപ്പെടുത്തുന്നത്.
എഴുത്തുകാരനായ
പ്രദീപ്‌ പനങ്ങാടും സക്കറിയയും ചേർന്നുള്ള സംഭാഷണരൂപേന വികസിച്ചുവിടരുന്ന ഈ ഡോക്യുമെന്ററി ചിത്രം കഥാകാരനെക്കുറിച്ചുള്ള അനേകം മലയാളികളുടെ ആകാംക്ഷകളിൽ നറുമണമുള്ള നിലാവ് പൊഴിക്കുവാൻ ഏറെ സഹായകരമായിട്ടുണ്ട്. അതിൽ സക്കറിയയുടെ ജീവിതത്തിൽ സംഭവിച്ച തിരിച്ചറിവുകളുടെ ആഴമുള്ള വിഷയങ്ങളുണ്ട്, വായനയുടെ ഗഹനമായ ആകാശങ്ങളിൽ വിഹരിക്കാൻ പ്രാപ്തമാക്കിയ പടിപ്പുരകളുടെ മറക്കാനാകാത്ത വർണ്ണചിത്രങ്ങളുണ്ട്, സ്വന്തം വ്യക്തിത്വം പുനർനിർമ്മിക്കാൻ സാഹചര്യമൊരുക്കിയ വിശിഷ്ടവ്യക്തികളുടെ വിവരണങ്ങളുണ്ട്, സ്വന്തം തൂലിക ഹൃദയത്തിൽ നനച്ചുരചിച്ച കൃതികളുടെ വർണ്ണാഭമാർന്ന വ്യാഖ്യാനങ്ങളുമുണ്ട്.

അച്ചു ടാക്കീസിന്റെ ബാനറിൽ ശബ്നം ക്രിയേഷൻസ് അവതരിപ്പിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നത് ഡോക്യുമെന്ററി ചിത്ര നിർമാണത്തിൽ പരിചിതരായ
കെ. എം. ഗഫുറും,
അച്ചു ഉള്ളാട്ടിലും ചേർന്നാണ്.
സക്കറിയ എന്ന പ്രസിദ്ധനായ കഥാകൃത്തിന്റെ മനസറിഞ്ഞ സർഗവൈഭവമുള്ളൊരു കൂട്ടുകെട്ടിനുമാത്രമെ ലളിതവും, അനാവശ്യ ആഡംബരങ്ങളുമില്ലാതെ ഇത്തരം ഒരു സൃഷ്ടിനടത്താനാകൂ.
പുതിയ ലോകത്തിന്റെ പടിപ്പുരയിൽ
ബാല്യ – യൗവനങ്ങൾ കടന്നുപോയ ഗ്രാമവീഥികളും വിദ്യാലയങ്ങളും വായനശാലകളും വായിച്ചുതീർത്ത മാർത്താണ്ഡവർമ്മ, ധർമരാജ, രാമരാജബഹദൂർ, ജ്ഞാനാംബിക, നിർദ്ദേശനന്ദിനി, കപാലകണ്ടലം, ദേശസേവിനി തുടങ്ങി രതിസമ്രാജ്യം വരെയുള്ള ദീർഘമായ വായനാനുഭവങ്ങളുടെ വഴിയിലൂടെയുള്ള യാത്ര അതിരുകൾ കടന്ന് പിന്നീട് പ്രവേശിക്കുന്നത് മൈസൂറിലേക്കാണ്. അതിന് സക്കറിയ പറയുന്നത് ;
“അന്നൊക്കെ ഉരുളികുന്നിന് എത്രയോ ദൂരെയായിരുന്നു മൈസൂർ. തകരപ്പെട്ടിയും, കിടക്കയുമായി അതിരാവിലെയുള്ള
കെ. എം. എസ് ബസിൽ കയറി പാലായിലെത്തി, ബസ് മാറിക്കയറി എറണാകുളത്തെത്തി, പിന്നെയൊരു ബസിൽ കൊച്ചി ഹാർബർ ടെർമിനലിലെത്തി, മദ്രാസ് വണ്ടികയറി ജോലാർപേട്ടയിലെത്തി, ഞങ്ങളുടെ കമ്പാർട്മെന്റ് വേറൊരു വണ്ടിയിൽ കെട്ടിവലിച്ച് ബാംഗ്ലൂരിലെത്തി, അടുത്തവണ്ടിയിൽ മൈസൂറിലെത്തുമ്പോൾ പിറ്റേന്ന് വൈകുന്നേരമായി. കണ്ണിലും മൂക്കിലും, തലയിലും, ഉടുപ്പിലും കരിനിറഞ്ഞു”. സുതാര്യമായ ട്രാഫിക് വിഷ്വൽസിന്റെ സഹായത്തോടെ ഈ കഥ കേൾക്കുമ്പോൾ കഴിഞ്ഞകാലങ്ങൾ മനസിലേക്ക് കോരിയിട്ട പ്രതീതിയിൽ പ്രേക്ഷകർക്ക് ലയിച്ചിരിക്കാനായി.

ബാംഗ്ലൂരിൽ ഗോപാലകൃഷ്ണ അഡിക എന്ന പ്രശസ്തനായ സാഹിത്യകാരനെ ഗുരുനാഥനായി ലഭിക്കുന്നതോടെ ഇംഗ്ലീഷ് സാഹിത്യവിദ്യാർത്ഥിയായ സക്കറിയയുടെ മുന്നിൽ മറ്റൊരു ലോകം തുറക്കപ്പെടുന്നതിന്റെ രസകരമായ വിവരണങ്ങളും ഈ ചിത്രത്തിന്റെ യാത്രയുടെ സൗന്ദര്യഗതികളിലേക്ക് മനസ് കൂർപ്പിക്കുവാൻ സഹായിക്കുന്ന ഘടകംതന്നെ.
വി. കെ. മാധവൻകുട്ടിയുടെ തണലും വഴികളും
സക്കറിയയുടെ അറിവിന്റെ വാതായനം ശരിക്കും തുറക്കുന്നത് ഡൽഹി കാലങ്ങളിലാണെന്നും അവിടുത്തെ തെരുവോരങ്ങളെ സമ്പന്നമാക്കിയിട്ടുള്ള സെക്കന്റ് ഹാൻഡ് പുസ്തകങ്ങളുടെ പ്രപഞ്ചവും, സംഗീത കാസ്സറ്റുകളുടെ വിപുലമായ സാമ്രാജ്യവും, തന്റെ സഹജമായ പ്രിയങ്ങളെ സാക്ഷാൽക്കരിക്കുന്നതിന്റെ ദൃശ്യങ്ങളും വിവരണങ്ങളും ഒപ്പിയെടുത്തത് മാഞ്ഞുപോകാൻമടിക്കുന്ന പുതുകാഴ്ചകളായി.
വി. കെ. മാധവൻകുട്ടിയുമായുള്ള നിരന്തര സമ്പർക്കത്തിലൂടെയാണ് പ്രേംനസീർ മുതൽ
പി. കുഞ്ഞിരാമൻ നായർ വരെയുള്ള പ്രതിഭകളുടെ വൻ സൗഹൃദലോകത്തിലേക്കുള്ള പടവുകൾ കയറുന്നതെന്നും, അടിയന്തിരാവസ്ഥയുടെ പിന്നിൽ പ്രവർത്തിച്ച ഇത്തിരിയോളമുള്ള കുഞ്ഞുകുഞ്ഞു വ്യക്തികളെയും കാര്യങ്ങളെയും ശരിക്കും മനസ്സിലാക്കിയത് ഡൽഹിയിലെ
INS ന്റെയും, Press Club ന്റെയും ഇടയിലൂടെയുള്ള ജീവിത പഥങ്ങളാണെന്നും സക്കറിയ വെളിപ്പെടുത്തുന്നുണ്ട്.

ഏതാണ്ട് 7 മിനിറ്റ് ധൈർഘ്യമുള്ള
ഡൽഹിഗാഥകൾ പൂർത്തീകരിച്ചപ്പോൾ ആഴമുള്ള അനവധി കാര്യങ്ങൾ പ്രേക്ഷകരിലേക്ക് സംവേദിപ്പിക്കുവാൻ സംവിധായികയ്ക്ക് കഴിഞ്ഞു എന്നത് പ്രശംസനീയമാണ്. മാത്രവുമല്ല,
ഈ സ്മരണകളിലൂടെയൊക്കെ സക്കറിയ തന്റെ അനുഭവങ്ങൾ പങ്കുവെച്ച് ചടുലചലനങ്ങളിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ കഥാകാരന്റെ ഭൂതകാല ഡൽഹിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന തൃപ്തികരമായ കാഴ്ചകളായി.
‘ഉണ്ണി എന്ന കുട്ടി’യുടെ അത്ഭുതലോകം
ചിത്രത്തിന്റെ പരിണാമഗതികളിൽ അലോസരമില്ലാതെ കാഴ്ചക്കാരിൽ പ്രസന്നത നിലനിർത്താൻ ആദ്യ കഥയായ ‘ഉണ്ണി എന്ന കുട്ടി’ മുതൽ ‘അശ്വാരൂഢ വരന്റെ വരവും പോക്കും’, ‘തീവണ്ടിക്കൊള്ള’, പറക്കും സ്ത്രീ, ‘കണ്ണാടി കാണ്മോളവും’, ‘ബ്രദർ ലൂക്കോസും പിശാചും’,വിധേയൻ’, ‘തേൻ’ തുടങ്ങിയവയിലെ വരികൾ കഥാകാരൻ തന്നെ വായിക്കുന്നതിന്റെ ശബ്ദവിന്യാസം ആകർഷകമായ ഗ്രാഫിക്സിന്റെ അകമ്പടിയോടെ ഉൾപ്പെടുത്തിയതും ഡോക്യു മെന്ററിയുടെ മേന്മ വർധിപ്പിച്ചതിൽ നിർണ്ണായകമായിരുന്നു.

“അക്കാലത്തെ ക്രിസ്ത്യാനികളുടെ ഇടയിൽ സ്വതന്ത്രമായ ബൈബിൾ വായന വിലക്കിയിരുന്നതും,പുരോഹിതൻ പറയുന്നത് കേട്ടാൽ മതി എന്ന നിർബന്ധമുണ്ടായിരുന്നതും സ്വതന്ത്രമായി വായിച്ചാൽ വായിക്കുന്നവർ സഭയ്ക്ക് വിരുദ്ധരാകും എന്നൊരു തോന്നലിൽ നിന്നാകും ഈ വിലക്ക്” എന്നും ഒരു സക്കറിയൻ സർക്കാസ്റ്റിക് ശൈലിയിലുള്ള വെളിപ്പെടുത്തലും,
‘സോവിയറ്റ് നാട്’ എന്ന മാസിക
വായിച്ച് വായിച്ച് കമ്യൂണിസ്റ്റ് ആയി പോയതും വീട്ടിൽ സ്റ്റാലിന്റെയും ലെനിന്റെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്ന കഥയും, പിന്നീട് അതിൽ നിന്ന് മോചിതനായ സാഹചര്യങ്ങളും ചായം പുരട്ടാതെ തന്നെ സക്കറിയ വെളിപ്പെടുത്തുന്ന കാഴ്ചകളും രസകരമായി.
സക്കറിയയുടെ സന്യാസിനിയായ സഹോദരി, എം. മുകുന്ദൻ, ശശികുമാർ, ആർ. ഉണ്ണി, കെ. സി. നാരായണൻ, എന്നിവരൊക്കെ തങ്ങളുടേതായ തിരിച്ചറിവുകളിലൂടെ സക്കറിയയുടെ വിശേഷമുദ്രകളെ പരിചയപ്പെടുത്തിയത് പ്രേക്ഷകരുടെ അറിവിലേക്ക് മുതൽക്കൂട്ടായി.
എങ്കിലും സക്കറിയയുടെ സർഗാത്മകതയെക്കുറിച്ച് ശശികുമാർ പറഞ്ഞ
“It’s A Newly Minted Language & Sensibility”.എന്ന പ്രയോഗം അതിൽനിന്നെല്ലാം വ്യത്യസ്തമായി സക്കറിയയുടെ സ്വത്വത്തിനോട് പൂർണ്ണമായും ഇഴചേർന്ന് നിൽക്കുന്നതായി തോന്നി.
ജെബിൻ ജേക്കബ് ചലിപ്പിച്ച ക്യാമറയും, ഡോൺ മാക്സിന്റെ സന്നിവേശവും, ശരത്തിന്റെ സംഗീതവും ഒന്നിനൊന്ന് മിഴിവ് പുലർത്തി.

2026 ലെ ഓണസമ്മാനമായി കറിയാച്ചന്റെ ശ്രേഷ്ഠമായ ജീവിതഗാഥ
ഒരു ഫ്രെയിം പോലും പരിക്കില്ലാതെ കോർത്തെടുത്ത് മലയാളിക്ക് കാഴ്ചവെച്ച ഇതിന്റെ സംവിധായികയ്ക്കും,നിർമാതാക്കൾക്കും,അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *