കുത്തരി ചോറ് കാണാനില്ല
പുത്തരി ചോറ് എവിടേമില്ല
പരിപ്പിന്നുള്ളിൽ പയറുമില്ല
നെയ്യില്ലാത്ത സദ്യയുമായി
പപ്പടം വട്ടത്തിൽ ഏതുമേയില്ല
കഷണങ്ങളൊട്ടും സാമ്പാറിലില്ല
കൂട്ടുകറിക്ക് കൂട്ടങ്ങളില്ല
തോരൻ നോക്കു തോലുകൾ മാത്രം
അവിയൽ പെട്ടു കലത്തിൽ പെട്ടു
കാളനും ഓലനും കോലത്തിൽ പെട്ടു
എരിശ്ശേരി പുളിശ്ശേരി കൂടെക്കൂടി
ഇലയിൽ പകർന്നാൽ പുഴ പോലെ
പച്ചടി കിച്ചടി വെച്ചടിയായി
ഉപ്പേരിയുണ്ട് ഉഗ്രത പൂണ്ട്
കൊണ്ടാട്ടം തട്ടി മൂലയ്ക്കിലയിൽ
രസത്തിനുണ്ടൊരു ക്ലോറിൻ ടച്ച്
തൊടാൻ ഉണ്ട്‌ കൂട്ടങ്ങളുണ്ട്
പാലറിയാത്ത മോരും തൈരും
പഴം അങ്ങനെ സേഫല്ലാതെ
മധുരം മാറിയ പായസവും
സ്വാമിയെ ഊട്ടാൻ വഴിയില്ലെന്നായി
വരവില്ലാകാലം, ചിലവേറുംകാലം
ചിലവും വിലയും റോക്കറ്റ് പോലെ
മുണ്ട് മുറുക്കി വയറ് ചുരുക്കി
കൃഷി പെരുമയിൽ പുലർന്നൊരു നാട്
കൃഷിയില്ലാണ്ടായി കാടും കയറി
കാട്ട് ജീവികൾ താവളമാക്കി
നാട്ടുകാരെല്ലാം പൊറുതിയും മുട്ടി
ചുറ്റി പറക്കും തമിഴർ വണ്ടികൾ
കേരള നാട്ടിൽ ചരക്കും നിറച്ച്
കാണം വിറ്റ് സദ്യയൊരുക്കി
സാദ്യയിലുണ്ടൊരു തമിഴിൻ ടച്ച്
മിണ്ടാതുണ്ടു രാജാധിരാജൻ
നീരസം ഒന്നും കാട്ടീല പാവം
യാത്ര പറഞ്ഞു പോയിവേഗം
വരുമെന്നായി യാത്രയുമായി.

നിസാർ റഹിം

By ivayana