രചന : സുമേഷ് കെ മണക്കുളം ✍
കുട്ടിക്കാലത്ത് ഓണം എന്നാൽ ഓണക്കോടിയും, വിഷുവെന്നാൽ കൈനീട്ടവും ആയിരുന്നു.
കൊല്ലത്തിൽ ഓണത്തിന് മാത്രമാണ് ഒരു കോടി വസ്ത്രം കിട്ടുന്നത്. അടുത്ത ഓണം വരേയ്ക്കും ഉള്ള എല്ലാ കല്യാണങ്ങൾക്കും, ഉത്സവത്തിനും ഒക്കെ ഇട്ടു പോകാൻ ഈ ഒരു പുതു വസ്ത്രം മാത്രമായിരിക്കും ഉണ്ടാവുക.
ഓണത്തിന് കുറച്ചു ദിവസങ്ങൾക്ക് മുൻപേ ഓണക്കോടിയെടുക്കാൻ അച്ഛന്റെ വിരലിൽ പിടിച്ച് ഞാനും അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് അനിയത്തിയും ബസ് സ്റ്റോപ്പിന്റെ അവിടുള്ള തുണിക്കടയിലേക്ക് പോകും. ഒരു ഷർട്ടിനും, ട്രൗസറിനും ഉള്ള തുണി എനിക്ക്, അമ്മക്ക് സാരിയും ബ്ലൗസും, അനിയത്തിക്ക് ഒരു പട്ടു പാവാടയുടെ തുണി.
എത്ര നിർബന്ധിച്ചാലും അച്ഛക്ക് ഒന്നും വാങ്ങില്ല. എനിക്ക് ആവശ്യത്തിന് ഉണ്ടല്ലോ എന്ന് പറയുകയാണ് പതിവ്.
ഷർട്ടിന്റെയും ട്രൗസറിന്റെയും തുണി ബസ് സ്റ്റോപ്പിന്റവിടെത്തന്നെയുള്ള ‘തലക്കനം’ രാമേട്ടന്റെ അടുത്ത് തയ്ക്കാൻ കൊടുക്കും.
മുപ്പർക്ക് എപ്പോളും തലക്കനം ആണ്, തയ്ച്ചത് കഴിഞ്ഞോ എന്ന് ചോദിക്കുന്നവരോട് മൂപ്പരുടെ സ്ഥിരം മറുപടിയാണ്, ഇല്ല്യടാ, ഭയങ്കര തലക്കനം, നാളെ തരാമെന്ന്. വർഷങ്ങൾക്ക് ശേഷം അടഞ്ഞു കിടന്ന ആ കടയുടെ മുന്നിൽ രാമേട്ടന്റെ ഫോട്ടോ വെച്ച ഫ്ളക്ക്സിൽ ആദരാഞ്ജലികൾ എന്നെഴുതി കണ്ടപ്പോൾ ആരോ പറയുന്നത് കേട്ടു നല്ല തുന്നൽക്കാരൻ ആയിരുന്നു രാമൻ, എന്തുട്ടാ ചിയ്യാ അജ്ജാതി കുടിയായിരുന്നില്ലേ? ലിവറിന്റെ സ്ഥാനത്ത് ഒന്നും ഇണ്ടാറഞ്ഞില്ല്യാന്നാ കേട്ടേ.
അപ്പോളാണ് രാമേട്ടൻ തലക്കനത്തിന്റെ കാരണം മനസ്സിലായത്.
അത്തം മുതൽ എന്നും സ്കൂൾ വിട്ടാൽ നേരെ രാമേട്ടന്റെ കടയുടെ മുന്നിൽ ചെല്ലും.
“രാമേട്ടാ എന്റെ ഓണക്കോടി തയ്ച്ചോ?”
” ഓണം ആയില്ല്യല്ലോടാ …… പൂരാടത്തിന്റെ അന്ന് തരാം, നീ അന്ന് വാ”
എന്നാലും പിറ്റേന്നും സ്കൂൾ വിട്ടാൽ നേരെ രാമേട്ടന്റെ കടയിൽ ചെന്ന് ചോദ്യം ആവർത്തിക്കും.
ക്ലാസ്സിൽ ഒപ്പം പഠിക്കുന്ന കുട്ടികൾ, ‘ടൗണിലെ കടയിൽ നിന്ന് ഓണക്കോടി എടുത്തു, അവിടെ നമ്മുടെ അളവിൽ തയ്ച്ച ഡ്രസ്സ് ഉണ്ട്, റെഡിമേഡ് എന്നാ പറയാന്നൊ’ ന്നൊക്കെ പറയുമ്പോൾ, അവർ വെറുതെ പറ്റിക്കാൻ നുണ പറയുന്നതാണ് എന്നാണ് അന്ന് കരുതിയിരുന്നത്.
പൂരാടം ആയാലും ഷർട്ട് തയ്ച്ചിട്ടുണ്ടാകില്ല. ഉത്രാടത്തിന്റെ അന്ന് രാത്രിയാകും മൂപ്പര് ഷർട്ടും ട്രൗസറും തയ്ച്ചു തരുന്നത് , അത് തന്നെ അച്ഛൻ പോയി ചീത്ത പറഞ്ഞു വാങ്ങി കൊണ്ട് വരികയായിരിക്കും.
അത് കയ്യിൽ കിട്ടിയാൽ പിന്നെ ഉറക്കം വരില്ല. എങ്ങനെയെങ്കിലും നേരം വെളുത്തിട്ട് ഓണക്കോടി ഇടാൻ ഉള്ള കൊതി.
എപ്പോളെങ്കിലും ഉറങ്ങിയാൽ പിന്നെ സ്വപ്നങ്ങൾ ആണ്, ഓണക്കോടി ഇട്ട് അമ്പലത്തിൽ പോകുന്നത്, ഊഞ്ഞാൽ ആടുന്നത്, കളിക്കുന്നത്, സദ്യ ഉണ്ണുന്നത്.
ഇക്കൊല്ലത്തെ ഓണക്കോടി എടുത്ത് വന്നപ്പോൾ അച്ഛക്ക് വാങ്ങിയ ഷർട്ട് അച്ഛയുടെ കയ്യിൽ കൊടുത്തു.
മക്കളും, ഭാര്യയും, അമ്മയും അവർക്ക് ഞാൻ എടുത്ത് കൊടുത്ത ഓണക്കോടി അച്ഛക്ക് കാണിച്ചു കൊടുത്തു.
അകത്തെ മുറിയിൽ പുറത്ത് പോയി വന്ന ക്ഷീണം മാറ്റാൻ, കുപ്പായം മാറി ഒന്ന് കിടന്നപ്പോൾ, ഉമ്മറത്തിരിക്കുന്ന അച്ഛ അമ്മയോട് ചോദിക്കുന്നത് കേട്ടു.
“അവന് ഓണക്കോടി എടുത്തില്ല്യേ?”
“ഇല്ല്യാ…. അവന് ആവശ്യത്തിന് ഷർട്ട് ഉണ്ട്, അതോണ്ട് എടുക്കണില്ല്യാന്ന് പറഞ്ഞു. “
“ഉം…”
ആരോ തലമുടിയിൽ തലോടുന്ന പോലെ തോന്നിയപ്പോൾ ആണ് ഉറക്കത്തിൽ നിന്ന് ഉണർന്നത്.
അച്ഛൻ……
“എന്താ അച്ഛേ …?”
“ഇന്നാ…. നീയൊരു ഷർട്ട് എടുത്തോ…..”
എന്റെ കയ്യിലേക്ക് ചുരുട്ടിയ നോട്ടുകൾ വെച്ചിട്ട് അച്ഛ പറഞ്ഞു.
“വേണ്ടാ, എന്റേൽ ഷർട്ട് ഉണ്ട്, വെറുതെ എന്തിനാച്ചട്ടാ എടുക്കാഞ്ഞേ “
“ആ, എനിക്കറിയാം…. ചില കാര്യങ്ങൾക്ക് ഒരു മാറ്റവും ഉണ്ടാവില്ല്യാ. ചില ഒഴിവുകിഴിവികുകൾക്കും.
എന്തുട്ടാ അച്ഛ പറയണേ?
.പണ്ട് ഓണത്തിന് ഞാനും ഇതേ കാരണം തന്നെയാ പറയാറ് “
“അച്ഛാ …”
കണ്ണ് നിറഞ്ഞത് മറയ്ക്കാൻ ശ്രമിച്ചിട്ടു തൊണ്ട ഇടറി
“സാരല്ല്യടാ …. ഇന്നലെ പെൻഷൻ കിട്ടി…. നീ ഒരു ഷർട്ട് എടുക്ക്..
എന്റെൽ അധികം ഇടാത്ത ഷർട്ട് ഇണ്ട്, അത് മതിച്ചട്ടാ….”ഓണം സന്തോഷത്തിന്റെ കൂടി ഉത്സവമല്ലേ….. എല്ലാരും സന്തോഷിക്കുമ്പോ അച്ഛക്കും സന്തോഷിക്കണ്ടേടാ…….”
കയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകൾക്ക്, പണ്ട് അച്ഛന്റെ കൈവിരൽ പിടിച്ച് ഓണക്കോടി വാങ്ങാൻ പോകുമ്പോളുള്ള അതേ ചൂട് അനുഭവപ്പെട്ടു.
