രചന : ഫിറോസ് ✍️
നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇമിഗ്രേഷൻ ക്ലിയറൻസിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ദയനീയമായ ഒരു കാഴ്ച കണ്ടത്.
ഞാൻ വന്ന അതേ ഫ്ലൈറ്റിൽ കൊച്ചിയിലിറങ്ങിയ ഒരു യാത്രക്കാരനെ എയർപോർട്ട് ജീവനക്കാർ വീൽചെയറിൽ ഇരുത്തി ഉരുട്ടിക്കൊണ്ടുവരികയാണ്.
കറുത്ത പാന്റ്സും നീല ഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ. ഒരു ഭാഗം തളർന്നിരിക്കുന്നു. വായ ഒരു ഭാഗത്തേക്ക് തുറന്നുപിടിച്ചിരിക്കുന്നു. തല അനക്കാനാവാതെ ഒരുവശത്തേക്ക് ചെരിഞ്ഞ്, ബോധമില്ലാത്ത അവസ്ഥയിൽ വീൽചെയറിൽ കിടക്കുന്നു.
ഒറ്റനോട്ടത്തിൽ ആരോഗ്യദൃഢഗാത്രനായിരുന്ന ഈ പ്രവാസിയെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.
വീൽചെയറിൽ അത്യാസന്ന നിലയിൽ കിടക്കുന്ന ആ യാത്രക്കാരന് വഴിയൊരുക്കാൻ മറ്റു യാത്രക്കാർ ക്യൂവിൽ നിന്ന് മാറിനിന്നു.
ഖത്തറിലേക്ക് വിമാനം കയറുമ്പോൾ എന്തൊക്കെ സ്വപ്നങ്ങളായിരിക്കും ഈ യുവാവ് കണ്ടിട്ടുണ്ടാവുക?
കുടുംബത്തെ നന്നാക്കണം… വീടുപണിയണം… മക്കളുടെ ഭാവി സുരക്ഷിതമാക്കണം… ഒരുപാട് സ്വപ്നങ്ങളുമായി കടൽ കടന്നുപോയിട്ടുണ്ടാവും.
പക്ഷേ, അവസാനം എല്ലാം നഷ്ടപ്പെട്ട് രോഗബാധിതനായി വീൽചെയറിൽ തിരിച്ചെത്തേണ്ടിവരുന്ന ഒരവസ്ഥ.
തികച്ചും പരിതാപകരം.
എയർപോർട്ടിന് പുറത്ത് ഇദ്ദേഹത്തിന്റെ വരവും പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഒരു ചെറുപ്പക്കാരിയായ ഭാര്യയും ചെറിയ കുട്ടിയും കാണുമായിരിക്കും.
അച്ഛൻ കൊണ്ടുവരുന്ന കളിപ്പാട്ടവും ചോക്ലേറ്റും പ്രതീക്ഷിച്ച് നിൽക്കുന്ന ആ കുഞ്ഞിനെയും, എയർപോർട്ടിൽവെച്ച് തന്നെ സ്നേഹത്തോടെ പുണരുമെന്ന് കരുതി കാത്തിരിക്കുന്ന ഭാര്യയെയും കുറിച്ചായിരുന്നു എന്റെ ചിന്ത.
സ്വപ്നങ്ങൾ തകരുന്ന നിമിഷങ്ങൾ…!
ചിലപ്പോൾ ഇദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി ഇത്രയും പരിതാപകരമാണെന്ന് സുഹൃത്തുക്കൾ പോലും അറിഞ്ഞുകാണില്ല.
സുന്ദരനും ആരോഗ്യവാനുമായിരുന്ന ഒരു യുവാവ് ശരീരം തളർന്ന്, നടക്കാനാവാതെ, കണ്ണ് മിഴിക്കാൻ പോലും കഴിയാതെ, തല ഒരുവശത്തേക്ക് തളർന്ന്, ബോധമില്ലാതെ വീൽചെയറിൽ നീങ്ങുന്ന കാഴ്ച കണ്ട ഓരോ യാത്രക്കാരന്റെയും കണ്ണുകളിൽ സങ്കടം പ്രതിഫലിക്കുന്നത് കാണാമായിരുന്നു.
അപ്പോഴാണ് എയർപോർട്ടിലെ ഒരു ഇമിഗ്രേഷൻ ഓഫീസർ വളരെ പുച്ഛത്തോടെ ആ രോഗിയെ നോക്കി ചിരിക്കുന്നത് കണ്ടത്.
ക്യൂവിൽ നിന്നവരോടൊപ്പം എന്റെ മനസ്സിലും വല്ലാത്ത അമർഷം തോന്നി.
പ്രവാസിയെ ഏത് അവസ്ഥയിൽ കണ്ടാലും പരിഹസിക്കുന്ന ഒരു വിഭാഗം കേരളത്തിലുടനീളമുണ്ട്. അതിലെ ആദ്യകണ്ണി ചിലപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഓഫീസറുടെ മോശമായ പെരുമാറ്റത്തെക്കുറിച്ച് പരസ്പരം പിറുപിറുത്തതല്ലാതെ ആരും പ്രതികരിച്ചില്ല.
ഇമിഗ്രേഷനും കഴിഞ്ഞ് ലഗേജ് എടുക്കുന്ന സ്ഥലത്തെത്തിയപ്പോൾ വീണ്ടും അതേ കാഴ്ച.
സ്റ്റെയർകേസിന്റെ താഴെ ഒരു മൂലയിൽ, വീൽചെയറിൽ ബോധം നഷ്ടപ്പെട്ട ആ രോഗിയെ ഒറ്റയ്ക്കിരുത്തിയിരിക്കുന്നു.
അരികിൽ എയർപോർട്ട് ജീവനക്കാർ കൂട്ടംകൂടി നിന്ന് കളിതമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു.
വീൽചെയറിലുള്ള യാത്രക്കാരന്റെ ഒരു ചെറിയ സ്യൂട്ട്‌കേസ് മാത്രം വീൽചെയറിന് തൊട്ടടുത്ത് കിടപ്പുണ്ട്.
ഇത്രയും അത്യാസന്ന നിലയിലുള്ള ഒരു രോഗിക്ക് നൽകേണ്ട യാതൊരു പരിഗണനയും നൽകാതെ, ദയയുടെ യാതൊരു അംശവും കാണിക്കാതെ, രോഗിയെ നോക്കി പരിഹസിച്ചുകൊണ്ടിരിക്കുന്ന ആ ജീവനക്കാരോട് എനിക്ക് തോന്നിയ കലി പറഞ്ഞുതീർക്കാൻ തന്നെ തീരുമാനിച്ചു.
ലഗേജിനായി കാത്തുനിന്നിരുന്ന മറ്റുള്ളവരും ഇതൊക്കെ കണ്ട് ദേഷ്യം അടക്കിപ്പിടിക്കാൻ പറ്റാതെ നിൽക്കുന്നുണ്ടായിരുന്നു.
പ്രവാസികളെ പരിചരിക്കുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവർ പ്രവാസിയെ പരിചരിക്കുന്നതിന് പകരം പരിഹസിക്കുന്നത് കണ്ടപ്പോൾ പ്രതികരിക്കാതെ നിൽക്കുന്നത് ഒരു പ്രവാസിയെന്ന നിലയിൽ എന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കമാകുമെന്ന് തോന്നി.
അങ്ങനെ അവരുടെ അരികിലെത്തി വളരെ സൗമ്യമായി ഞാൻ ചോദിച്ചു:
“ജീവിക്കുവാൻ വേണ്ടി, മറ്റുള്ളവരെ ജീവിപ്പിക്കാൻ വേണ്ടി കടൽ കടന്ന്, എല്ലാ സ്വപ്നങ്ങളും നഷ്ടപ്പെട്ട ഒരു ഹതഭാഗ്യനോട് എന്തിനാണ് നിങ്ങൾ ഇത്രയും നിർദാക്ഷിണ്യമായി പെരുമാറുന്നത്?”
കൂട്ടംകൂടി നിന്ന ജീവനക്കാരുടെ ഉത്തരം…
ഒരു പൊട്ടിച്ചിരിയായിരുന്നു.
അവരിലൊരാൾ പറഞ്ഞു:
“എന്റെ പൊന്നു സാറേ… ഇത് സ്വപ്നങ്ങൾ നഷ്ടപ്പെട്ട ഫീനിക്സ് പക്ഷിയൊന്നുമല്ല. വിമാനത്തിൽ നിന്ന് കിട്ടിയതെല്ലാം കള്ളും കുടിച്ച് അടിച്ച് ഫിറ്റായി, വീലായി, വീൽചെയറിലായതാ. കുറച്ച് മോരും വെള്ളവും കുടിച്ചാൽ സ്വപ്നങ്ങളൊക്കെ തിരിച്ചുവരും!”
അത് കേട്ടതോടെ ഞാൻ ശരിക്കും അന്തംവിട്ടുപോയി.
അൽപ്പം ജാള്യതയോടെ വീൽചെയറിൽ ഫിറ്റായി കിടക്കുന്ന ആ ഖത്തർ പ്രവാസിയെ നോക്കി, സ്വയം ചോദിച്ചു:
“അടിച്ച് വീൽ ആകുക എന്നൊക്കെ കേട്ടിട്ടുണ്ട്…
എന്നാൽ ഇങ്ങനെയും വീൽ ആകുമോ ?” 😂😂
