ഇരുട്ടിനെ പ്രണയിക്കുന്നുവെങ്കിൽ
ഭ്രാന്തമായിത്തന്നെ പ്രണയിക്കണം
ഓരോ ഇരുളിൻ നൂലിഴകളേയും
പ്രണയിച്ചുകൊണ്ടിരിക്കണം …
സ്വന്തമായി നൽകുന്ന ചിന്തകളെ
കെട്ടിപിടിച്ചു കിടക്കാൻ പായവിരിക്കുന്ന
ഇരുട്ടിനെ എന്റേത് മാത്രമെന്ന്
തോന്നിപ്പിക്കുമാറ് ഭ്രാന്തമായി
പ്രണയിക്കണം …..
നിലാവും കാറ്റും കിനാവുകളും എന്നെ
ഒറ്റപ്പെടുത്തുന്ന ആ രാത്രിയെ ….
എവിടെയോ വീശിയടിക്കുന്ന കാറ്റിനൊപ്പം
ഓരിയിടാൻ തുടങ്ങുന്ന
ഏതോ ശബ്ദത്തിനുടമയാകുന്ന രാത്രിയെ ….
തൊടിയിലെ മരച്ചില്ലകൾ പോലും
വാശിയോടെ ഭയപ്പാട് തീർക്കാൻ
കൊമ്പുകോർക്കുന്ന രാത്രിയെ …
രാക്കിളികളെ മൗനിയാക്കി കൂമന്റെ
മൂളലും കാലൻ കോഴിയുടെ കൂവലും
താളമിടാൻ കൊതിക്കുന്ന രാത്രിയെ ….
ഇന്നലെ പൂത്ത ചെണ്ടുമല്ലിയുടെയും
തൊടിയിലെ ഏതോ കാട്ടുപൂവിന്റെയും
കൂടിച്ചേരലിൽ മനം മടുപ്പിക്കുന്ന ഗന്ധം
പാരിലാകെ പരക്കുന്ന രാത്രിയെ ….
ഓർക്കാൻ കൊതിക്കാത്തതൊക്കെയും
ഓടിയെത്തി ഓർമ്മകളെ ഉണർത്തുന്ന
നാണം കെട്ട ഓർമ്മകളുടെ രാത്രിയെ …
ഇനിയീ ഉറക്കമെന്ന സമസ്യ
സത്യമാക്കാൻ കൊതിക്കുന്ന
ഈ രാത്രിയെ ….
എനിക്കായ്മാത്രം പൂത്തുലയുന്ന
മുല്ലപ്പൂവിന്റെ പരിമളം തേടുന്ന രാത്രിയെ
പ്രണയിക്കണം ഭ്രാന്തമായി തന്നെ പ്രണയിക്കണം …
ഈ ഇരുട്ടിനേയും
മുല്ലകൾ പൂക്കുന്ന എല്ലാ രാത്രികളെയും….

By ivayana

Leave a Reply

Your email address will not be published. Required fields are marked *