കാണാൻ ഇഷ്ടമാണ്.
കേൾക്കാൻ ഇഷ്ടമാണ്.
വെറുതെയിരിക്കുമ്പോൾ ഓർമ്മിക്കാൻ ഇഷ്ടമാണ്.
പക്ഷേ, അത് പ്രണയമൊന്നുമല്ല.
ഒരു കൗതുകം… അത്രമാത്രം.
നീല സാരിയുടുത്ത് നിൽക്കുന്ന ആകാശം ചിലപ്പോഴൊക്കെ ഇയാളെപ്പോലെയാണെന്ന് തോന്നും. കാറ്റിന്റെ തലോടലേറ്റ് കണ്ണുകളടച്ച് മുഖം തിരിക്കുന്ന പനിനീർപ്പൂവിലും എവിടെയൊക്കെയോ ഈ മുഖഛായ കാണാം.
അതൊരു തോന്നൽ മാത്രം.
കന്നിമഴയുടെ ആദ്യത്തെ തുള്ളി മുഖത്ത് വീഴുമ്പോൾ നെറ്റിയിൽ പ്രിയപ്പെട്ട ഒരാൾ തൊട്ടതുപോലെ . മുടിയിഴകളെ തലോടിപ്പറപ്പിച്ചുകൊണ്ട് കടന്നുപോകുന്ന കാറ്റ് ഈപേര് പതിയെ മൂളുന്നതുപോലെ.
മഴയ്ക്കും കാറ്റിനും പറയാനുള്ളത് ഒരേയൊരു പേര് മാത്രം.അതെന്താണെന്ന് അറിയില്ല.
എന്തായാലും അത് പ്രണയമല്ല.
ഒരു ഇഷ്ടം.അത്രമാത്രം.
എങ്കിലും, കായലിൽ അലിഞ്ഞുപോയ നിലാവുപോലെ പതിയെ ഉള്ളിലേക്കിറങ്ങിപ്പോയ ഒരു ആർദ്രവികാരമായിരുന്നു ആ ഇഷ്ടം.
കോളേജ് മാഗസിനിലേക്ക് ഒരു കവിത എഴുതിക്കൊടുക്കണമെന്ന് പറഞ്ഞിരുന്നു. പേന കയ്യിലെടുത്തപ്പോൾ വിരൽത്തുമ്പിൽ അക്ഷരങ്ങൾ പിടയുന്നു .. പറയാതെ വച്ചിരുന്ന ഏതോ വികാരം ചൂടും വേവും ചേർന്ന് കടലാസിലേക്ക് ഒഴുകിപ്പരക്കുന്നു.
മുത്തുപോലുള്ള മുഖം ഇതെനിക്കല്ലേ…’
എന്ന് കൊഞ്ചുന്നു .
അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്—
ഇയാളോട് എനിക്ക് വെറുമൊരു ഇഷ്ടമല്ല.
പ്രണയമാണ്.
അതി തീവ്രമായ പ്രണയം.
വാക്കുകൾക്ക് പറയാനാകാത്ത, വരികൾക്ക് ഒതുക്കാനാകാത്ത, വരകളിൽ പകർത്താനാകാത്ത… ഹൃദയമെടുത്ത് അമ്മാനമാടുന്ന പ്രണയം.
ഇതെല്ലാം പറയുന്നത് എന്തിനാണെന്നറിയാമോ?
ഒരു പാട് കാലം ജീവിച്ചുകഴിഞ്ഞ് ജീവിതം മടുത്തുപോകുമ്പോൾ.
ചുറ്റും ആളുകളുണ്ടായിട്ടും ഉള്ളിൽ ഏകാന്തത വന്നു നിറയുമ്പോൾ.
പഴയ ഓർമ്മകൾ ഓരോന്നായി വന്ന് വാതിലിൽ മുട്ടുമ്പോൾ…
ഒന്നിനു മല്ലാതെ വെറുതെയൊന്ന് തിരിഞ്ഞുനടക്കാൻ മനസ്സ് കൊതിക്കുമ്പോൾ…
ഈ വരികളൊന്ന് ഓർത്തുനോക്കണം.
അന്ന് ഞാൻ ഈ ഭൂമിയിൽ ഉണ്ടാവണമെന്നില്ല.
കാലം ഒരുപാട് ദൂരം നമ്മളെ കൊണ്ടുപോയിട്ടുണ്ടാകാം. മുഖങ്ങൾ മാറിയിട്ടുണ്ടാകാം. മുടിയിഴകളിൽ നര വീണിട്ടുണ്ടാകാം. ഒരിക്കൽ നമുക്കിടയിൽ ഉണ്ടായിരുന്ന ആകർഷണം മാഞ്ഞുപോയിട്ടുണ്ടാകാം.
പക്ഷേ…
മഴയും വെയിലും മഞ്ഞും മാറിമാറി വീണ് മാഞ്ഞുപോയ ആ മനസ്സിൽ, ഏതെങ്കിലും ഒരു ഋതു ഇന്നും ഹരിതാഭമായി നിൽക്കുന്നുണ്ടെങ്കിൽ…
അവിടെ ഒരിക്കൽഞാൻ നിന്നിരുന്നുവെന്ന് അറിയണം.നിന്നെ കാണാൻ കൊതിച്ചിരുന്ന ഒരു മനസ്സ്…
നിന്റെ ശബ്ദം കേൾക്കാൻ കാത്തിരുന്നൊരു ഹൃദയം.മഴയിലും കാറ്റിലും നിന്റെ പേര് തിരഞ്ഞിരുന്നൊരാൾ.
ആ ഋതുവിന്റെ പച്ചപ്പിൽ ഇന്നും ഉണ്ടെന്ന് അറിയണം.
എന്നെ ഓർക്കണമെന്നില്ല.
എന്റെ പേര് ഓർക്കണമെന്നുമില്ല.
പക്ഷേ, ഒരിക്കൽ എങ്കിലും
‘ആരോ എന്നെ ഇത്രമേൽ സ്നേഹിച്ചിരുന്നു…’
എന്ന് മാത്രം ഓർത്താൽ മതി.
ജീവിച്ചു ജീവിച്ച് അസ്തമനം ദൂരെ കാണാവുന്ന സായന്തനത്തിലും ഒരു മഴത്തുള്ളിപോലെ ആ ഓർമ്മ നിന്റെ മനസ്സിൽ വീഴുന്നുണ്ടെങ്കിൽ അറിയണം നമ്മൾഎത്രമാത്രം പരസ്പരം സ്നേഹിച്ചിരുന്നുവെന്ന്.അതുമതി.സാർത്ഥകമായി എൻ്റെ പ്രണയം.

By ivayana