രചന : സന്തോഷ് ഇളപ്പുപാറ.✍️
ആരോ മരിച്ചുവെന്നാക്കാക്ക ചൊല്ലി,
പോണം ബലിച്ചോറു തിന്നാൻ.
കൊത്തിപ്പെറുക്കാൻ കൊതിക്കുമന്നമേ
ആഗതനാകാം ഞാൻ നൂനം!
പോയിവരാമാത്മാവിൻ ശാന്തിക്കായൊ-
രുന്നുള്ളുകൊത്തുവാൻ ഞാനും!
ഇതുജന്മനിയോഗമെൻ ജീവിത-
പ്പാത കല്പിച്ചു തമ്പുരാൻ!
പണ്ഡിത, പാമരഭേദമില്ലവ-
ന്നുമൂഴിയിലെല്ലാം തുല്യം!
തീർത്ഥയാത്രയിൽ കൂട്ടുമവരുടെ
ജാതി ചികയില്ലവനും!
പാരിൽ പഴുതുള്ള സ്നേഹബന്ധത്തിന്റെ
വാലിൽ കരിന്തേളുപോലെ,
ആമാടപ്പെട്ടിതൻ ഘനം നോക്കിയാടും
മനുഷ്യക്കോലങ്ങളല്ലോ
അർദ്ധചിത്തത്താൽ നോവാതെ കൈകളാൽ
മുദ്രകൾ കാട്ടുന്ന നേരം,
പേരിൽ പഴിചേർത്തെടുത്തില്ലെന്നൊരു
പാഴ്ശ്രുതിയെന്തേ ശ്രവിപ്പാൻ!
മോക്ഷമവനോ,യെനിക്കോ കല്പിതം
ഈശാജ്ഞയാരറിയും!
ജന്മനിയോഗമതെത്ര കഠിനം
പുല്ലിനും പുഴുവിനും മണ്ണിൽ.
കർമ്മമാണിന്നേറെ മുഖ്യമീധര-
തന്നിലോ ധർമ്മമായുള്ളൂ!
കെട്ട സൗന്ദര്യവും കട്ടപണവും
പട്ടടയെത്തുവോളം.
മൂകതയില്ലാതെ കോണിലാളുകൾ
ഭാവി പ്രവചനം തീർക്കേ,
ചെന്നുഞാൻ കൊത്തി പിണ്ഡാംശവറ്റെന്റെ
ജന്മാവകാശമാം പുണ്യം!
ഇല്ലാത്തരികൊണ്ടു വയ്യാത്തൊരമ്മ
അന്നം തരുന്നതാണെന്നും
കൊത്തിപ്പെറക്കുവാൻ പോകട്ടെ ഞാനും
ആത്മവേ! സ്വസ്തി നിനക്കും!


സന്തോഷം 🤝
Awesome ❤️