പഴയ തറവാട്ടുവീട്ടിലേക്കൊന്നു
തിരികെ മടങ്ങാൻ മോഹിച്ചപ്പോൾ ……
ഓർമ്മകളുടെ തിരമാലകൾ
ആർത്തലച്ച് ഇരമ്പിക്കൊണ്ടിരുന്നു…..!!
ഓടിക്കളിച്ചു തളർന്നു വിയർപ്പിറ്റിയ
മുറ്റത്തെ പഞ്ചാര മണൽ
കാടുമൂടിയ വനാന്തരം പോലെ
നിഗൂഡ നിശബ്ദതയിൽ മുങ്ങിക്കിടന്നു….
മുറ്റത്ത് പെയ്തു നിറഞ്ഞ
കരിയിലക്കൂട്ടങ്ങൾതലചായ്ക്കാനിടമില്ലാതെ
കെട്ടിപ്പുണർന്നും കാറ്റിൻ്റെ ഉണർത്തുപാട്ടിൽ
അടിപിടി കൂടിയും നിരന്നു കിടക്കുന്നു ….
പടിയിറങ്ങും മുൻപ് നട്ടു വെച്ച തൈത്തെങ്ങ്
ദാഹനീരിനായ് വെന്തുനീറി കരിഞ്ഞുണങ്ങി
തൊഴുകൈയോടെ തളർന്നു നിൽക്കുകയായിരുന്നു…….
ഒരിയ്ക്കൽ ബഹളമുഖരിതമായി നിന്ന
അകത്തളങ്ങളിൽ മൗനം വിറങ്ങലിച്ചു നിന്നു ……
രാക്കഥകൾ പറഞ്ഞിരിക്കാറുള്ള
നടുമുറിക്കുള്ളിലെത്തിയപ്പോൾ
പേടിപ്പെടുത്തുന്ന പ്രേതകഥകളുടെ
ചീളുകൾ പാത്തും പതുങ്ങിയും
ഒളിഞ്ഞു നിൽക്കുമ്പോലെ തോന്നി…..
തെങ്ങോലകൾ വീണ് ഓടു തകർന്ന
മേൽപ്പുര മറച്ചുവെക്കാനെന്നോണം
എട്ടുകാലികൾ വലകൾ നെയ്തു നിറച്ചിരുന്നു…..
സ്വപ്നങ്ങളും മോഹങ്ങളും നെയ്തു കൂട്ടിയ
കിടപ്പുമുറിയുടെ അകത്തളങ്ങളിലിപ്പോൾ
നിറഞ്ഞു മുറ്റിയ മണ്ണും പൊടിയും എന്തോ
രഹസ്യം പറയുന്നുണ്ടായിരുന്നു……
എപ്പോഴും വെന്തുനീറി അന്നം പാകമാക്കിയ
അടുപ്പുകല്ല് തീ വിറകിൻ്റെ സാമീപ്യമില്ലാതെ
തണുത്തു മരിച്ചു മരവിച്ചിരുന്നു…..
ഉപ്പും മുളകും ചേർന്ന മസാലക്കൂട്ടുകളുടെ
ബഹളമില്ലാതെ അടുക്കളപ്പുര നിശബ്ദതയുടെ
ഉച്ഛ്വാസങ്ങളിൽ മയങ്ങുകയായിരുന്നു ………
പഴുത്തു പാകമായ വാഴക്കുല
കെട്ടിത്തൂക്കിയിടാറുള്ള മച്ചിലെചൂടിക്കയറിൽ
പണ്ടെങ്ങോ കെട്ടിത്തൂക്കിയ വാഴക്കുലത്തണ്ട് …
കരിഞ്ഞുണങ്ങി ചുക്കിച്ചുളിഞ്ഞ്
തൂങ്ങിയാടുന്നു………
വിറകു സൂക്ഷിച്ചിരുന്ന
പിന്നാമ്പുറ ചായ്പ്പിൽ
ഏതോ സീമപൂച്ചപെറ്റു കിടക്കുകയായിരുന്നു
പണ്ടത്തെ ഞങ്ങളെ പോലെ നാഴിയും
ചിരട്ടയും പോലെ മൂന്ന് കുഞ്ഞുങ്ങൾ….
മുളകും മഞ്ഞളും പുരട്ടാതെ അവഗണിക്കപ്പെട്ടിട്ടും…..
അമ്മിക്കല്ല്…..
ഓടു ചിന്നിക്കീറിയ വിടവിലൂടെ
പെയ്തിറങ്ങിയ മഴ വെള്ളത്തിൽ കുളിച്ചൊരുങ്ങി
യൗവ്വന സുന്ദരിയായിരിക്കുന്നു……..
പിന്നാമ്പുറത്തെ കിണറ്റുകരയിൽ നിന്നപ്പോൾ…..
ഇതുപോലൊരു മകരമാസത്തിൽ വെള്ളം കോരി
കുളിക്കുമ്പോൾ തണുത്തു വിറച്ച്
“മതി… മതി …..തണുത്തു വിറക്കുന്നു”……
എന്ന നിലവിളി…..
വർഷങ്ങളുടെ പിന്നാമ്പുറങ്ങളിൽ നിന്നും
കാതിൽ വന്നലയ്ക്കുമ്പോലെ….!!
ആ കിണറ്റിലേക്കൊന്നെത്തി നോക്കിയപ്പോൾ …..
വർഷങ്ങളായ് നിർജ്ജീവമായ കിണറു വെള്ളത്തിൽ
കരിയിലകൾ പെയ്തു നിറഞ്ഞ പൂപ്പലും പായലും വെള്ളത്തെ
അധീനപ്പെടുത്തി വെച്ചിട്ടുണ്ടായിരുന്നു…. “
ദാഹജലം കോരിക്കുടിക്കാറുള്ള
തൊട്ടിയും കയറും .നരച്ചു ദുർബ്ബലപ്പെട്ട്
അനാഥമായിരിക്കുന്നു………
രാവിലെ നടക്കാനാവാത്ത വിധം നിറയെ പഴുത്തു
കൊഴിഞ്ഞു കിടക്കാറുള്ള തത്തമ്മ ചുണ്ടൻ
മാമ്പഴം ഒന്നു പോലും കണ്ടില്ല…..
ചില്ലകളിൽ പഴുപ്പാകാത്തത്
ഒറ്റയും തെറ്റയുമായി കാണപ്പെട്ടു….
വരിക്കപ്ലാവിൽ പഴുത്തു പാകം തെറ്റിയ
രണ്ടു ചക്കകൾകാക്ക കൊത്തി വയറുകീറി
മണം പരത്തി മഞ്ഞച്ചു നിൽപ്പുണ്ടായിരുന്നു….
ഓർമ്മകൾ നാലുപാടും ഇരമ്പലോടെ
തേങ്ങിക്കരയാൻ തുടങ്ങിയപ്പോൾ പിന്നെ
എനിക്കവിടെ നിൽക്കാൻ കഴിഞ്ഞില്ല…….
ഓർമ്മകൾ അടക്കം ചെയ്ത പഴയ
തറവാട്ടുപുരയിൽ ഹൃദയം പറിച്ചു വെച്ച്
നീറുന്ന വേദനയോടെ ഞാൻ തിരിച്ചു നടന്നു
അതിവേഗത്തിൽ…….
കാലുകൾക്ക് നല്ല ഭാരമുണ്ടായിരുന്നു….!!
നടന്നു നീങ്ങാനാവാത്ത വിധം ……
കിതപ്പ് നിശ്വാസത്തെ തോൽപ്പിക്കുന്നുണ്ടായിരുന്നു…….
എന്നിട്ടും എനിക്കു നടന്നുനീങ്ങേണ്ടി വന്നു…..!!
തറവാട്ടുപുരയിലെ
മധുരനൊമ്പര ഓർമ്മകളെ
ഒരു നാളും മറവിക്കു വിട്ടുകൊടുക്കാതെ
ഞാൻ യാത്ര തുടർന്നു…..!!

By ivayana