ഒരു കൃഷ്ണതുളസികതിർ പൂത്തപോലെ
എൻ നെഞ്ചിൽ തളിർത്തതാണെന്നോ
ഒരു വെളളാമ്പൽ പൂവിടർന്ന പോലെ
ആ മുഖം എന്നുളിൽ പതിഞ്ഞതാണന്നേ
എന്നും ഉദിക്കും പ്രഭാതനക്ഷത്രം പോലെ
സ്വപ്നത്തിൻ വർണ്ണങ്ങളായി നീ പെയ്തിറങ്ങി
ശ്യാമള സന്ധ്യകൾ ചുവന്നുതുടുക്കുന്നനേരം
ഹൃദയത്തിൽ നിലവിളക്കായി നീ തെളിഞ്ഞു നിന്നു
നിശയുടെ നീലിമയിൽ മാനത്തമ്പിളി തെളിയുമ്പോൾ
ഈറൻ നിലാവായെന്നിൽ നീ കുളിരണിഞ്ഞു
ഒരു തുലാവർഷമഴച്ചാറ്റൽ പോലെ ഒഴികി നിറയും
ആ മിഴിനീർ തുള്ളിയിൽ എന്നും ഞാൻ നനഞ്ഞിരുന്നു
അന്നൊരു കുഞ്ഞാറ്റകിളി കൂട് നെയ്യുംപോലെ
എന്നുള്ളിൽ പ്രണയത്തിൻ തേൻകൂട് നീ നെയ്തിരുന്നു
തുഷാരമുണരും രാവിൻ്റെ തോണിയിൽ
പാലകൾ പൂത്ത പൂമണമോടെ എന്നും നീ
എന്നെ പുണർന്നു നിന്നു
നിന്നെ മറക്കുവതെങ്ങിനെ ഓമലെ
എൻ്റെ ജീവൻ്റെ ജീവനായി തീർന്നതല്ലേ
ഒരു പ്രണയതുളസിയായി നീ ഇന്നും
എന്നുള്ളിൽ വാടാതെ തളിർത്തു നിൽപ്പൂ

By ivayana