രചന : പ്രസീദ ദേവു ✍️
ആയിരം കൈയ്യുള്ള
പെണ്ണുങ്ങളെ പോലെയാടി
കളിക്കുന്നടുക്കളകൾ,
രാവിലത്തെ ചായ
ഊതി കുടിക്കാതെ
പാറിപ്പറക്കുന്നടുക്കളകൾ,
പ്രാതലിമിനൊപ്പമരച്ചിട്ട
ചമ്മന്തി പോലെയരയുന്നടുക്കളകൾ,
ഉച്ചത്തെയൂണിനു നന്നായി
വേകുവാൻ നീറിപ്പുകയുന്നടുക്കളകൾ,
ഉണ്ണുന്ന നേരത്തു
മോന്തകൾ വീർക്കാതെ
രുചിയൊന്നു
കൂട്ടുന്നടുക്കളകൾ,
പൊട്ടിത്തെറിക്കാതെ
ഞെട്ടിവിറക്കാതെ
പൊള്ളിക്കിടപ്പുണ്ടടുക്കളകൾ,
പാത്രങ്ങളെറേ കല പില കൂട്ടുമ്പോൾ
പാഠം പകരാറുണ്ടടുക്കളകൾ,
പാലൊന്നു കാച്ചി
കുറുക്കുന്ന പോലെ
പാതിയും വറ്റാറുണ്ടടുക്കളകൾ,
പഞ്ചാരപാത്രത്തിൽ
കേറാത്തൊറുമ്പു പോൽ
പമ്മി കളിയാണാടുക്കളകൾ,
പട്ടിണിയില്ലാത്ത
കടലുകൾ തേടുവാൻ
പാടെത്തുഴയാറുണ്ടടുക്കളകൾ,
പക്കമേളങ്ങളൊന്നുമില്ലാതെ
പെറ്റു വീഴാറുണ്ടടുക്കളകൾ,
പെൺമണം കേൾക്കുമ്പോൾ
പൂവെന്നു തോന്നീട്ട്
പൂട്ടി കിടപ്പുണ്ടടുക്കളകൾ,
ആണൊന്നു കേറിയാൽ
ആദ്യത്തെ രാവുപോൽ
നീളെത്തിരയാറുണ്ടടുക്കളകൾ,
കഞ്ഞിക്കലം പോലെ
വെട്ടിത്തിളക്കുവാൻ തുള്ളൽ
പഠിക്കാറുണ്ടടുക്കളകൾ,
ഒട്ടുമിക്കപ്പോഴും കാമുകി ഭാവത്താൽ
നട്ടം തിരിയാറുണ്ടടുക്കളകൾ,
വീടീന്നിറങ്ങാത്ത
പെണ്ണുങ്ങളെപ്പോലെ വാട്ടം
പകർത്താറുണ്ടടുക്കളകൾ,
പെണ്ണാണടുക്കളയെന്നൊരാൾ
ചൊല്ലുമ്പോൾ
പൊട്ടിത്തെറിക്കാറുണ്ടടുക്കളകൾ,
ഒട്ടു മിക്കപ്പോളും വല്ലായ്മ കാട്ടാതെ
വെട്ടിത്തിളയ്ക്കാറുണ്ടടുക്കളകൾ,
ചെറിയ ലോകത്തിൽ
യുദ്ധസമാധാനിയായ്
എന്നും വിളങ്ങാറുണ്ടടുക്കളകൾ,
പെണ്ണുങ്ങളില്ലാത്ത കാലത്തെയോർത്തീട്ട്
ഏറെ കരയുന്നു ആണടുക്കളകൾ
