രചന : യുനസ്മണത്തല ✍️
കോടാനുകോടി സൂക്ഷ്മജീവികളുടെ
നിശ്ശബ്ദ സംഗമത്തിൽ
ഇരുളിൽ നിന്നാണ്
നമ്മുടെ തുടക്കം
അറിയപ്പെടാത്തൊരു അറയിൽ
ശരീരം മാത്രം രൂപം കൊള്ളുന്നില്ല
കാലം തന്റെ ആദ്യ ഒപ്പ് ഇടുന്നു
ഒരു നിലവിളി
വെളിച്ചത്തിന്റെ വാതിൽ തുറക്കുന്നു
ലോകം അതിനെ ചിരിയായി ആഘോഷിക്കുന്നു
ജീവിതം പിന്നെ
കൈയടികളും ആർപ്പുവിളികളും
സ്നേഹത്തിന്റെ ഉത്സവങ്ങളും
അഹങ്കാരത്തിന്റെ മിണ്ടാത്ത കിരീടങ്ങളും
വിവാഹരാത്രിയുടെ
അതിരില്ലാത്ത സന്തോഷം പോലും
കാലത്തിന്റെ വാടകവീട് മാത്രം
സ്വപ്നങ്ങൾ വീടുകൾ പണിയും
ബന്ധങ്ങൾ പേരുകൾ നൽകും
മനുഷ്യൻ സ്ഥിരതയുടെ മായയിൽ
തന്നെ മഹത്വവൽക്കരിക്കും
എന്നാൽ വിളക്കുകൾ ഒന്നൊന്നായി മങ്ങുമ്പോൾ
കൈയടികൾ കരച്ചിലായി മാറുന്നു
വീണ്ടും ഒരു അറ
ഈ പ്രാവശ്യം മൗനം മാത്രം
ഇരുളിൽ നിന്നാണ് തുടക്കം
സാശ്വതമായ ഇരുളിലേക്കാണ് മടക്കം
ഇടയിൽ നമ്മൾ
സ്ഥിരമല്ലാത്തതിനുള്ളിൽ
അർത്ഥം തേടുന്ന യാത്രയാണ് മനുഷ്യൻ.

