രചന : സബീഖ ഫൈസൽ ✍️
നിന്റെ ഹൃദയത്തിലേറ്റ
വേദനകളെയും,
ശ്വാസത്തിലേൽക്കുന്ന
മുറിവുകളെയും..
മതി വരുന്ന നാളിൽ
ഏറ്റവും ജയിച്ചുവെന്ന് കരുതി
ഏറ്റവും തോറ്റവളായ
എന്നിലേക്ക് തിരികെ വരൂ…
ചിത്രശലഭങ്ങളില്ലാത്ത
ഈ ഉദ്യാനത്തിൽ
ഏറെയേറെ മധുരമുള്ള
പുഞ്ചിരിയോടെ
നിന്നെ ഞാൻ
കാത്തിരിക്കുന്നുണ്ട്…
നീ ആത്മാഭിമാനത്തോടെ
വരൂ…
എന്റെ കരങ്ങൾ
നിന്റെ കവിളിൽ തൊട്ട്
നിന്റെ കണ്ണുകളിലേക്കെന്നെ
പകർന്ന് ഞാനാ മുറിവുകളെയെല്ലാമുണക്കാം..
എന്റെ മടിയിൽ
തലചായ്ച്ചുകിടക്കുന്ന
നിന്റെ നെറുകിൽ ചുംബിച്ച്
നിന്റെ വേദനകളെയെല്ലാം തലോടിയുറക്കാം…
ഏറ്റവുമവകാശ
ബോധത്തോടെ
നീ വരൂ..
ഒരുപക്ഷേ
നീ വരില്ലായിരിക്കാം..
എങ്കിലും നീയൊരിറ്റു
പോലുമറിയാതെ
എന്റെ ഹൃദയംനുറുങ്ങി
വേദനിച്ചു കൊണ്ടേയിരിക്കും..
നിന്നെയോർത്തവസാന
ശ്വാസം വരെ
പ്രാർത്ഥനയോടെ
വേദനിച്ചു കൊണ്ടേയിരിക്കും..!
