മഹനീയ കവിതകൾ കൈരളിയ്ക്കായ് ദിവ്യ-
ഹൃദയാർദ്രമായിപ്പകർന്നതാം സുകൃതമേ,
ചേകൂർ മനയ്ക്കലുണർന്ന നൽപ്പുലരിയായ്;
കുമരനല്ലൂരിന്റെ കാവ്യ സപര്യയായ്,
വ്യക്തിപ്രഭാവമുണർത്തിയ പുണ്യമേ,
അക്കിത്തമെന്നയനശ്വര കാവ്യമേ,
ഹൃത്താൽ നമിക്കുന്നുദയമായ് നിൽക്കുമാ,
സ്തുത്യ പ്രഭാമയം; നിത്യാർദ്ര ദർശനം.
ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിനാ,നന്മകം-
നൽകിത്തെളിച്ചുണർത്തീ മർത്യമാനസം
വ്യക്തമായോതിയിരുൾക്കാല ജീവിതം;
നിത്യപ്രകാശമായ് നിൽപ്പുദയ കാവ്യകം.
ഇരുപതാം നൂറ്റാണ്ടിന്റിതിഹാസ താരമേ,
ഇനിവരും കാലങ്ങൾക്കഭയ പ്രകാശമേ,
സമത്വാംബരത്തെയുണർത്തുന്ന കവിതകൾ
ഓരോന്നുമെന്നും ഹൃദിസ്ഥമാക്കുന്നിതേൻ.
മനീഷിതൻ മാന്ത്രിക സിദ്ധി പോൽ കാലമാ,
കാൽക്കലർപ്പിച്ചുദയ ജ്ഞാനപീഠാദരം
മനസ്സാക്ഷിതൻ പൂക്കളെങ്ങും വിടർത്തിയാ,
മാനവപൂജ ചെയ്തീടുന്നു പാരിടം.
എന്നുമൊരു കാവ്യ നക്ഷത്രമായുണരുമാ,
മഹിതാർദ്ര ഹൃദയ സ്ഫുരണങ്ങൾ നിർണ്ണയം;
ബന്ധിച്ചുനിർത്താൻ ശ്രമിക്കുന്ന ലോകമേ;
ബന്ധുരമായുണർത്തുന്നുദയ ദർശനം.
പുരോഗമനാശയത്തിൻ സൂര്യ തേജസ്സായ്
ചിറകു വിടർത്തിയന്നാദ്യമായാ,മനം
തൂലികയാലുദയമേകി തൻ ജീവിതം;
മാതൃകാലോകമായ് മാറ്റിയാ, കാവ്യകം.
പുരസ്ക്കാര മഹിമയാൽ മാത്രമല്ലാർദ്രമാം
സംസ്ക്കാര മഹിമയാലുണരുന്ന സ്മരണകൾ
ദീപ്തമാക്കുന്നുദയ കാവ്യമാം ജീവിതം;
മഹിയിതിൽ മഹിതാർദ്രമാക്കുന്നു സ്തുത്യകം,
കുമരനല്ലൂരിന്റെ കാവ്യസപര്യയ്ക്കായ്;
അനുജ കവി ഉമയനല്ലൂരിന്റെയാദരം🙏.

അൻവർ ഷാ

By ivayana