ഭയക്കമ്പിളി പുതച്ചെത്തും
വിഷം തീണ്ടിയ രാവുകൾ
വിശപ്പിൻ തുടി കൊട്ടിയാർക്കും
നിറം മങ്ങിയ പുലരികൾ
നിശ്ശബ്ദം നീ നിന്നുകത്തും
നിലാവെട്ടക്കതിർ പോലെ
ഉയിരിൻ ചൂടേറ്റു പൊള്ളിയ
കാരിരുമ്പിന്നൊളിപോലെ
തീനിലങ്ങളെയോർത്തു പാടിയ
കെട്ടകാലക്കവിതയൊന്നിൽ
ചെളിക്കുണ്ടിൽ നിന്നു പൊങ്ങിയ
മദയാനപ്പെരുപ്പങ്ങൾ
നിഴൽ പോലും നിറം മാറും
നിണത്തിൻ പൊരുളന്യമാകും
നിലയില്ലാക്കയത്തിൽ നാം
നിലപാടിൻ മൂർച്ചയേറ്റും
ഒളിമങ്ങാഭൂതകാല-
ക്കുളിരല്ലത് പെരുംചൂടെ-
ന്നറിവാർന്നോരിടം കൈയിൽ
സമത്വത്തിന്നൊളി പാറും
മദപ്പാടാൽ നിന്നുകത്തിയ
കഴുക്കോൽ നാം വലിച്ചൂരി
പിറക്കേണ്ടൊരു പുതുലോകം
ജ്വലിക്കുന്നൊരു കൊടി നാട്ടും
മാററുത്തവൾ വച്ച ചേമ്പില
മാടുപോലെ വിയർത്ത കൂട്ടർ
കല്ലമാലകൾ കൈവിലങ്ങുകൾ
മൺതടത്തിലെ ചീഞ്ഞ വറ്റും
വില്ലുവണ്ടിമണികിലുക്കം
പഞ്ചമിക്കു ചിരിത്തിളക്കം
ചങ്കുപൊട്ടിയ ഭൂതകാല-
ക്കമ്പളങ്ങളതേറ്റുപാടും
പന്തമേന്തിയലഞ്ഞ രാവുകൾ
പന്തിഭോജനമാരവങ്ങൾ
നെഞ്ചുകീറിയ പാതയേറി നാം
തണ്ടുവാടാപ്പൂക്കളാകും
ചേറിലും ചെമ്മണ്ണിലും നാം
വീണുരുണ്ടു കഴിഞ്ഞ നാളുകൾ
ചോരവറ്റും നാൾവരേക്കും
പോരടിക്കാനൂർജ്ജമാകും
അടിമത്തച്ചെളിക്കുണ്ടി-
ലടിതെറ്റിയുഴലാതെ
അധികാര ഗർവ്വുകൾനേർ-
ക്കരിവാൾ പോൽ മൂർച്ചയേറ്റും.

വാക്കനൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *