രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️
നേരം പുലർന്നേയുള്ളൂ,പാരാകെ നിഷാദൻമാർ,
നേരിനുനേരേയാക്രോശിച്ചു മുന്നേറീടുന്നു!
കാലത്തിൻ കണ്ണുമൂടിക്കെട്ടിയിക്കൂട്ടർ കാട്ടും
വേലത്തരങ്ങളാർക്കേ,സഹിക്കാനാവുന്നേവം?
മറന്നൂ,നമ്മൾ സത്യധർമ്മത്തിൻ പ്രതീകമായ്
പിറന്ന ശ്രീരാമനെ, ശ്രീകൃഷ്ണനെ,ബുദ്ധനെ!
മറന്നൂ ,നമ്മൾ സ്വയംനമ്മളെത്തന്നെ കഷ്‌ടം,
മറന്നീലെന്നാൽ ദുഷ്ടരാവണനെ,കംസനെ!
നന്മതൻവെളിച്ചമേ തുണച്ചീടുള്ളൂ,നമ്മെ
കന്മഷമകലുവാനുള്ളതു,മതൊന്നത്രേ
വൻമദികൊണ്ടൊന്നൊന്നും നേടുവാനാവില്ലെന്നു
തൻമയീഭാവംകൊണ്ടൊട്ടറിഞ്ഞാലതേ ധന്യം
എന്തിനെപ്പറ്റിനമ്മളറിഞ്ഞാലുമീലോക-
ഗന്ധിയായ്മേവു,മാത്മസത്തയെയറിഞ്ഞില്ലേൽ,
അന്തരംഗത്തിലന്ധകാരമല്ലാതെ മറ്റെ-
ന്തെന്തുവന്നാവോ,ഭവിച്ചീടുവാനുള്ളൂ,മേൻമേൽ!
ഇപ്രപഞ്ചവു,മതിന്നുള്ളിലെ സർവസ്വവും
ഉൾപ്പൂവിലല്ലോ,തെളിഞ്ഞങ്ങനെ നിന്നീടുന്നു!
ഒക്കെയുമൊരുവെറും തോന്നലെന്നേയീനമ്മ-
ളൊക്കെയുമറിയേണ്ടതുള്ളോരോ നിമിഷവും
ധർമ്മത്തിൻ ചിറകുകൾ വിരുത്തിപ്പറന്നുയർ
ന്നുൺമയെ പ്രകാശിപ്പിച്ചീടുവാനായെങ്കിലേ
മൃൺമയപ്രഭാവമായേതൊരു മനുഷ്യനും
ജന്മമൊട്ടർത്ഥവത്തായ് മാറ്റിടാനാവൂചിരം
വേഷങ്ങളൊരുനൂറുകെട്ടിയാടിനാം തമ്മിൽ
ഏഷണിയെത്രകണ്ടു പരത്തീടുകിലും ഹാ
രക്ഷനേടുവാനാമോ,കാലത്തിൻകൈയിൽനിന്നും
ശിക്ഷയേറ്റുവാങ്ങിടാ,തൊട്ടുനാൾ ചെന്നീടാതെ!
നേരായ വഴിയിലൂടല്ലയോചരിക്കേണ്ടൂ
പാരിലീജീവിതത്തെ ധന്യധന്യമായ് മാറ്റാൻ
അപഥ സഞ്ചാരികൾക്കാവുകില്ലൊരിക്കലും
സപദി,യപമൃത്യുവിങ്കൽ നിന്നുമോചിക്കാൻ!

