രചന : സന്തോഷ് മലയാറ്റിൽ ✍️
ഞാനിപ്പോൾ
ആകാശത്തെ
വരികളിൽ പകർത്താറില്ല.
എത്ര പെട്ടന്നാണ്
വാക്കുകളുടെ
എരിതീയിലിട്ട്
അവയെന്റെ കല്പനകളെ
കരിച്ചുകളയുന്നത്.
അപൂർണ്ണമായ
ചിത്രങ്ങൾ ഞാൻ
വരച്ചിട്ടിരുന്നത്
ഈ ആകാശത്താണ്.
എന്തിനാണ്
അവയിലെല്ലാം കടുത്തനിറങ്ങൾ
കോരിയൊഴിയ്ക്കുന്നത്..?
സായാഹ്നത്തിൽ
വായിച്ചു മതിവരാത്ത
കവിതകൾ ഉറക്കെ ചെല്ലുമ്പോൾ
ആവേശത്താൽ ആകാശം
ചുവന്നു തുടുത്തിരുന്നു.
അലസമായി മുടിയഴിച്ചിട്ട
പാതിരാക്കാറ്റ് ഓർമ്മകളിലൂടെ
വഴിതിരഞ്ഞെത്തിയത്
ആകാശത്ത്
നിലാവുമ്മവെച്ചപ്പോഴാണ്.
ഇപ്പോൾ ആകാശംനിറയെ
നക്ഷത്രങ്ങളാണ്.
അവയുടെ മിഴികളിൽ
അവസാനിക്കാത്ത
ചോദ്യങ്ങളുണ്ട്.
ഞാനിപ്പോൾ
ആകാശത്ത്
മുഷ്ടിചുരുട്ടിയെറിഞ്ഞ്
മുദ്രാവാക്യങ്ങൾ
വിളിയ്ക്കാറില്ല.
പൂത്തുലയുമെന്ന
പ്രതീക്ഷയിൽ എത്രയെത്ര
സ്വപ്നങ്ങളെയാണ്
ഞാൻ ഹൃദയത്തിൽ
കരുതിവെച്ചിരുന്നത്.
ബാക്കിയാവുന്ന
മഴമേഘങ്ങൾക്ക്
നിറം കൊടുത്ത്
മഴവില്ലുകൾ തീർക്കുന്ന
ആകാശത്തിന്
ഇനിയുമെൻ്റെ
പ്രണയത്തിന്റെ
വേവലാതികൾ
അറിയില്ലെങ്കിലോ..?

