രചന : അൻവർ ഷാ ഉമയനല്ലൂർ* ✍️
[മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം 4 തവണ കരസ്ഥമാക്കിയ അതുല്യ അഭിനയപ്രതിഭയ്ക്ക് കവി ഉമയനല്ലൂരിന്റെ ആദരം]
💖♦️💖♦️💖♦️💖🙏
അനശ്വര നടനവിസ്മയ
പാഠപുസ്തകം
അപരഹൃദയമറിഞ്ഞുണർത്തുന്നർക്ക ജീവിതം
“മമ്മുക്ക”യെന്നേകനായക
വ്യതിരിക്ത ശൈലിതൻ ഭാവനോജ്ജ്വല ചിന്താമധുസ്മിതം.
മാതൃകാ നായക സങ്കല്പമാകെയും മാറ്റിപ്രതിഷ്ഠിച്ചയുദയാർക്ക ചിന്തകം
സ്തുത്യമായൂർജ്ജ പ്രകാശമായ് നിൽക്കുമീ,
മർത്യഹൃദയത്തെ,ക്കണ്ടു പഠിക്കണം.
എത്ര വൈദഗ്ധ്യമാ,യാർജ്ജവ പ്രകൃതിയാൽ
പുലരിപോൽ നിത്യം തുടരുന്ന വിസ്മയം
ചലച്ചിത്രലോകം മിഴിച്ചുപോകുന്നതിൻ
നടനതുല്യം വരില്ലിനിയൊരു കാലവും.
അഞ്ചു സംവത്സരം തുടരുന്നയുദ്യമം
ആസ്വദിച്ചാനന്ദ മധുരമാക്കും വിധം
ഹൃത്താലുണരുന്നയാ,നടന വൈദഗ്ധ്യ-
മെത്രകാലമാ,യറിഞ്ഞുദയ ചിത്രമായ്.
ഇതര ഹൃദയത്തിനേകുന്നു പത്തര-
മാറ്റുള്ള തങ്കസ്മിതം, മധുര ചിന്തകം
ഉഷസ്സായ്ത്തുടരാൻ കൊതിക്കുന്നു കേരളം;
അഭിമാനപൂരിതമാകുന്നു ഭാരതം.
മമ്മൂട്ടിയെന്ന മഹാനടന വിസ്മയം
മാതൃകാഹൃദയം പകരുന്നു; സാദരം
പഠനാർഹമാകട്ടെ കാലമേ, ജീവിതം
പാരിൻ വെളിച്ചമേകുംവിധമത്ഭുതം.
യുവഹൃദയമെന്നപോലുണരുന്നയാ, ഹിതം
പകരുന്നതില്ലേ യുണരേണ്ടതിൻ സ്വരം
ഉദയാർദ്ര ഹൃദയമായ്പ്പകരുന്നു ഭാരതം
യുവഹൃദയ മാതൃകാദർപ്പണ മീ മുഖം.
കണ്ടു പഠിക്കാം, യുവലോകമേ, പാവന-
പാഠപുസ്തകംതന്നെയാ, മസ്തകം
ഹൃത്തിൽപ്പകർത്തുകാ, വിസ്മയ ഹൃത്തടം
സ്പന്ദിച്ചുണർത്തുന്നു നിത്യപ്രഭാമയം.
ഹൃദയാശംസകൾ നേരുന്നു പാരിടം
കൈരളിയ്ക്കഭിമാന നിമിഷമിതു നിർണ്ണയം
വർണ്ണാഭമാക്കുന്നു ചലച്ചിത്രജീവിതം;
കരളിൽപ്പകർത്തുന്നു മലയാളമാകെയും…

