വേനൽ
വിയർപ്പിന്റെചിത്രം
വരച്ച കുപ്പായത്തിൽ
പ്രണയത്തിന്റെ
സ്മരണകളൊളിഞ്ഞു
നോക്കുന്നു.
പണ്ടൊരു
പ്രണയപ്പകലിൽ
അവളെനിയ്ക്കു
സമ്മാനിച്ചയുടുപ്പ്,
അവളെയോർക്കുമ്പോഴൊക്കെ
ഞാനതിടാൻകൊതിയ്ക്കും.
പ്രണയത്തിന്റെ
വേനലുകളവസാനിപ്പിച്ച്,
മനസ്സിലൊരു
തോരാമഴയുടെ
പ്രളയം തീർത്തവൾ
മറഞ്ഞു പോയിട്ടാണ്ടുകൾ
കുറേയായി.
എന്നുമേപ്പോഴുമെൻ
ഹൃദയംകൊതിയ്ക്കാറുണ്ട്,
ആ ഉടുപ്പിനെയണിഞ്ഞു
ഞങ്ങൾ നടന്നവഴിയേ,
ഓർമ്മകളെ
മേയ്ച്ചു നടക്കാൻ.
ഇന്നെന്റെപിറന്നാളാണ്,
ആ ഉടുപ്പിട്ടു ഞാൻ,
വെയിൽ നനയ്ക്കുന്നയുടലും
ഓർമ്മകളാൽ
നനയുന്ന മിഴികളുമായി
കാലത്തെ മായ്ക്കുന്നു.

സുരേഷ് മങ്ങാട്ട്

By ivayana

Leave a Reply

Your email address will not be published. Required fields are marked *