ഹിമശൃംഗനീലിമ ചൂടിയ കാശ്മീരഭൂവിൻ മടിത്തട്ടിൽ,
കുങ്കുമപ്പാടങ്ങൾ സന്ധ്യയ്ക്കു കനകാംബരം നെയ്തിരുന്നൂ;
ചിനാർദലങ്ങൾ കാറ്റിന്റെ ചെങ്കാൽച്ചിലമ്പിൽ ചുവടുവയ്ക്കെ,
വിതസ്താതരംഗങ്ങൾ പാടിയതേതോ വിരഹാദികാവ്യം.
ആ മണിമന്ദിരമധ്യേ വളർന്നവൾ യാമിനീപൂർണതിലക—
ചന്ദ്രകലാതുല്യമായൊരു പേര്, ചണ്ഡികാദൃഢമായൊരു ചിത്തം;
ശാസ്ത്രങ്ങൾ പലതും പഠിച്ചിട്ടും ശബ്ദാതീതം തേടിയ കണ്ണിൽ
അറിയാത്തൊരു ജീവിതത്തിന്റെ അരുണോദയം വിറച്ചുനിന്നു.
അന്നൊരുനാൾ ഹിമവഴിയിറങ്ങി ബിൽഹണകവി നഗരത്തിലെത്തി,
മഞ്ഞിൽ തീർത്തൊരു ദേവപ്രതിമപോൽ മൗനഗംഭീരനായ്;
നാവിൽ സരസ്വതീനദിയും നയനത്തിൽ നവമേഘവുമേറ്റി,
വാക്കുതൊടുന്നിടമെല്ലാം വസന്തവനങ്ങൾ വിരിയിച്ചവൻ.
രാജാവ് കല്പിച്ചു—“രാജകുമാരിക്കക്ഷരരഹസ്യം പകർന്നീടുക”;
ഇരുവർക്കുമിടയിൽ കെട്ടി ഭയത്തിന്റെ കനത്ത തിരശ്ശീല:
“ഗുരുവിനു കാഴ്ചയില്ല”—അവളോടും; “ശിഷ്യ വിരൂപ”—അവനോടും;
വിധി ചിരിച്ചൂ—രൂപം മറയ്ക്കാം; രാഗോദയം മറയ്ക്കാനാവുമോ?
മറയ്ക്കപ്പുറത്തുനിന്നവൻ മേഘത്തെ മന്ദാക്രാന്തയിൽ തീർത്തപ്പോൾ,
അവളുടെ അന്തർവീണയിൽ അനുരാഗത്തിന്റെ ആദിതാളം;
വ്യാകരണമെന്ന വരണ്ട ശാഖയിൽ വസന്തമുകുളങ്ങൾ വിരിഞ്ഞു—
വാക്കുകൾ പഠിപ്പിച്ച ഗുരുവിൽ അവൾ മൗനത്തിന്റെ അർത്ഥം പഠിച്ചു.
“ചന്ദ്രനുദിച്ചു!”—കവി ചൊന്നപ്പോൾ ചന്ദനജാലകം തുറന്നവൾ,
“അന്ധനു ചന്ദ്രനെങ്ങനെ?”യെന്ന വിസ്മയമിന്നലിൽ മറ നീക്കി;
നേത്രങ്ങൾ തമ്മിൽ തൊട്ടനേരം രണ്ടു നിശകൾ പ്രഭാതമായി,
ശ്ലോകാർത്ഥം മറന്ന നാവിൽ ശരീരാർത്ഥം പൂത്തുലഞ്ഞു.
കനകാഭരണങ്ങൾ കിലുങ്ങിയില്ല—കണ്ണുകൾ മാത്രമുരിയാടി;
അധരങ്ങൾ തൊട്ടതുമില്ല—ആത്മാവുകൾ പരസ്പരം ചുംബിച്ചു;
അവളുടെ നിശ്വാസം കവിതയ്ക്കു മദനസുഗന്ധം പകർന്നപ്പോൾ,
അവന്റെ ഹൃദയം അവളുടെ പേരെഴുതിയ രാജദ്രോഹമായി.
രാജനീതിയുടെ വാൾത്തലപ്പിൽ രഹസ്യവസന്തം രക്തം ചിന്തി,
ബന്ധനമദ്ധ്യേയും ബിൽഹണപദങ്ങൾ ചുംബനങ്ങളായി പറന്നു;
“കൊല്ലാം കവിയെ—കവിതയിൽനിന്നവളെ വേർപെടുത്താനാവില്ല”—
അന്നുമുതലോരോ പൂർണിമയും ചന്ദ്രലിപിയിൽ അവരെ വായിക്കുന്നു.

ശ്രീകുമാർ കൈമുക്ക്

By ivayana

Leave a Reply

Your email address will not be published. Required fields are marked *