വീണ്ടും കണ്ടുമുട്ടാൻ
സാധിക്കുമെങ്കിൽ
ഏതു വേർപിരിയലുകളും
സന്തോഷം തരുന്നു
വീണ്ടും കാണും എന്നോർത്ത്
യാത്ര പറഞ്ഞിട്ട്
ഒരിക്കലും കാണാതെ പോകുന്ന
വേർപിരിയലിന്റെ നോവ്
അത് ….
എല്ലിൻ മേൽ സൂചികൊണ്ട്
കോറി പോകുന്നത് പോലൊരു
നീറ്റൽ ആണ് ….
പ്രതീക്ഷകൾ കടലറ്റം വരെ
നീങ്ങി പോകുന്നു
അസ്തമിക്കാത്തവരുടെ
ഇടയിൽ നിന്നു നോക്കിക്കാണാൻ
ഇടയിൽ കേറി
കാഴ്ചകളെ ചേർത്തുപിടിച്ചപ്പോഴും
താൻ ഒന്നും അല്ലാതെയായി പോകുന്ന നിമിഷങ്ങൾ ….
ഞാൻ തനിച്ചായിപ്പോയ നിമിഷങ്ങൾ ….
യാത്രയാകുമ്പോൾ പറഞ്ഞ
അറം പറ്റിയ വാക്കുകളിൽ
തുടച്ചു നീക്കലിന്റെ
ആരവം ഉണ്ടായിരുന്നത്
തിരിച്ചറിയാൻ ….
കാലം പുഴയായി
ഒഴുകി പോയ വഴികൾ
നോക്കി നിൽക്കേണ്ടി വന്നു ..
ഒഴുക്ക് കല്ലുകളിൽ
ഓർമ്മകൾ
കൂട്ടത്തോടെ പറ്റിപ്പിടിച്ചിരിക്കുന്നതു
മനോവേദനയോടെ
അടർത്തി മാറ്റേണ്ടിവരുന്നു
പിറകിലെ കാലൊച്ചകളിൽ
ഇതുവരെ തിരിച്ചറിയാത്ത
അപരിചിതത്വത്തിന്റെ
നിശ്വാസങ്ങൾ …എന്നെ
പുണർന്നു പോകുന്നത്
ഞാൻ അറിയുന്നു
പ്രതി സ്പന്ദനങ്ങൾ ഉറക്കെ
ആവാതിരിക്കാൻ
മുഖമർത്തിപിടിച്ചു മാറി
നിൽക്കേണ്ടിവരുന്നു
അവസരങ്ങൾ മാറിവരുന്നതും
ഗതിവിഗതികൾ എനിക്ക്
അപരിചിതമാകുന്നതും
എന്നത്തേയുംപോലെ തുടരുന്നു
വിറളിയെടുത്ത ഓർമ്മകൾക്ക് അവസാനമില്ലാതാക്കുവാൻ
പടിയിറങ്ങിപ്പോയ സ്വപ്‍നങ്ങളെ
എനിക്ക് തിരികെ വിളിക്കേണ്ടിവരുന്നു
ഈ നിഛലതയിൽ നിന്നും
ഞാനുണരണമെങ്കിൽ
എനിക്കായ് ഒരു നല്ല
ഉണർത്തുപാട്ട് പാടേണ്ടി വരും …
കാലമിതെത്രയായി പാരിതിൽ
കളങ്കമില്ലാതെ ചുരത്തുവാൻ
വെമ്പിനിന്ന മനകാമ്പിലൊരു
പൊൻവസന്തം തിരികെ
വന്നതാർക്കുവേണ്ടി ..!!

ഡോ: സാജുതുരുത്തിൽ

By ivayana