മനസ്സെന്നയത്ഭുതത്താലുദയ കിരണമായ്
കർത്തവ്യബോധമോടുണരുകിൽ മാത്രമേ
വ്യതിരിക്തനാകൂ മനസ്സിലായാർജ്ജവ
ചിന്തോദയം പകർന്നേകൂ പുലരികൾ.

തളരുന്നതെന്തിനായിരുളിലാണെങ്കിലും
മനസ്സിൻ പ്രദീപമായുണരട്ടെ ചിന്തകം
വിടരാതിരാക്കില്ലയുണരുന്ന പൂക്കൾതൻ
മനമോടുയിർക്കട്ടെയോരോ പ്രഭാതവും.

സ്തുത്യമാകട്ടെ നിന്നോരോ പ്രവൃത്തിയും
കർമ്മോത്സുകർ നൽകുമാത്മ സംതൃപ്തിയും
വൃദ്ധിനേടട്ടെ നിന്നാത്മ വിശുദ്ധിപോ
ലുണരട്ടെ ഹൃദയം തുളുമ്പുന്ന ഭക്തിയും.

പോരായ്മയോരോ വിചാരോദയങ്ങളായ്
വിസ്മയാനന്ദമായ് നൽകപര ഹൃത്തിലും
ചിത്തമുണർത്തുവാനുണരുന്ന പുലരിയായ്
നിത്യ പ്രകാശമായ് നിറയട്ടെ ശക്തിയും.

കദനപ്പിറാവായിടാതേ കഠിനമാ-
യദ്ധ്വാന നിരതരായ് മാറുകിൽ മാത്രമേ,
ഹൃദ്സ്പന്ദനങ്ങളുണർത്തും മഹിമതൻ
കർമ്മ സപര്യയൊന്നോർക്കൂ സമാദരം.

മർത്യനായ്, ഹൃദ്യ ദൈവജ്ഞനായൂർജ്ജമായ്
ശക്തിസ്വരൂപനെയോർത്തുണർന്നീടുക
സ്തുത്യമാകുംതവ ഹൃത്തൂർജ്ജ വർത്തിയായ്
നിത്യപ്രഭാമയ ശക്തിയായ്ത്തീന്നിടും.

ഛേദിച്ചതെന്തെന്നറിയുകിൽമാത്രമേ
ഖേദിച്ചിടാതുണർത്തൂ നിത്യചിന്തകം
വേദാന്തമല്ലഭയ നിർഭയ നന്മകൾ
പകരുന്നു വേദനാപുലരികൾ നിർണ്ണയം.

മയപ്പെടുത്താനെത്ര സമയം മെതിക്കുന്നു
രമ്യമാം കളിമൺ പ്രതിമകൾക്കായവൻ
അതിഹൃദ്യ സാമ്യമായോരോ മനസ്സുകൾ
മയപ്പെടുത്തുന്നുദയ വർണ്ണ മേകീടുന്നു.

നന്മാർദ്രമാകട്ടെയോരോ വിചാരവും
പുലരിത്തുടിപ്പായുണരട്ടെ ഹൃദയവും
വ്യതിരിക്തമായിത്തിളങ്ങട്ടെ ചിന്തകം
അതിശക്തമായുണർത്തട്ടെ നിൻ ശ്രേഷ്ഠകം.

അൻവർ ഷാ

By ivayana

Leave a Reply

Your email address will not be published. Required fields are marked *