രചന : അഡ്വ : അനൂപ് കുറ്റൂർ. ✍️
അമ്പലമെന്നതുബ്രഹ്മാലയമല്ലോ
അകമേയുള്ളത് സർവ്വവ്യാപിയും
അകത്തായുള്ള ചൈതന്യത്തേ
അകക്കണ്ണാലേവരുമറിയേണം.
അക്ഷരമെന്നതുമനശ്വരമല്ലോ
അഖണ്ഡജനതിയിലുരുവായി
അഗ്രജനായോരഗ്നിയാളവേ
അഗുവൊഴിഞ്ഞംശുമതിയായി.
അടയാളമായതുമാദിമലിംഗം
അചലമായതുസ്ഥൂലതയാലെ
അഭ്രപഥത്തിലമലമലിഞ്ഞതു
അമിഷമില്ലാതെയെങ്ങുമെങ്ങും.
അരുണകിരണമായതു മിന്നി
അമംഗളമെല്ലാമൊഴിച്ചൊഴിച്ച്
അഭിവൃന്ദങ്ങൾക്കാരാധിക്കാൻ
അഭാവമെന്നതുമറിവീലല്ലോ?
അമ്മയെന്നതുമച്ഛനെന്നെതും
അഗതികളിട്ടൊരു നാമധേയം
അൻപാലെല്ലാമന്വയമാക്കി
അപേക്ഷയാലെയഭീഷ്ടസിദ്ധി.
അടമഴ പോലെ ആരാധനയാൽ
അവനമൂർത്തി പ്രതിഷ്ഠയിലായി
അർഥം പൂജയുമുപാസനയുമായി
അമ്പലമങ്ങനെ ആകാരമാക്കി.
അനുഗ്രഹമാകിയ ഇടത്തിലായി
ആഢംബരമെന്തിനലങ്കാരമാക്കി
ആകാശഗംഗപ്പോൽ മിന്നി തിളങ്ങി
ആൾക്കൂട്ടങ്ങളെ ആകർഷിക്കാൻ.
അമ്പലമങ്ങനെ മുക്കിനു മുക്കിനു
ആതങ്കമകറ്റാനാശ്രയനിധിയായി
അർഥമധികം ഭണ്ഡാരത്തിലായി
ആളുകളിട്ടതു അവരുടേതാക്കി.
അധികാരത്താൽസർക്കാരിരുന്നു
അമ്പലമവരുടെ വിക്രിയകേന്ദ്രം
ആപണികരുടെ ഒത്താശയാലെ
ആഘോഷമെല്ലാം പൊടിപൊടിച്ചു.
അനുകൂലമായി തന്ത്രിവര്യനും
അപമാനമായതു കാട്ടി കൂട്ടി
അബദ്ധനായതു നന്നെന്നോതി
അണിയണിയായാളെത്തുന്നു.
അനവധിയനവധി കേസുകളായി
അവധിയിട്ടു കോടതി തന്നിൽ
അധികാരികളോ കച്ചേരി കയറി
അറസ്റ്റുകളെല്ലാം തീമഴ പോലെ.
ആദരവേറിയ അമ്പലമെല്ലാം
അവസരമൊത്ത തൊഴിൽശാല
അവന്ദ്യരെല്ലാമവശേഷിച്ചൊരു
അധമകേന്ദ്രമിന്നാരാധനാലയം.
അനന്തരമവിടെ അധികാരത്താൽ
ആഗ്രഹമോടെ നാസ്തികരുമായി
അന്തകരേറെ അപഹാരത്താലെ
അമ്പലമങ്ങനെ കൈയ്യടക്കാൻ.
അനുമാനിച്ചതുമനുക്ഷണത്തിൽ
അമലകേന്ദ്രമപഹാസ്യമാക്കാൻ
അന്തകരേറെയുംഉറച്ച് ഉറച്ചിതാ
അപഹരിച്ചതുപകാരമില്ലാത്തതും.
ആരുണ്ടിവിടെ ചോദിക്കാനായി
ആകുണ്ഠനമില്ലാത്താളുകളെല്ലാം
ആളായിയിന്നും അധികാരത്താൽ
അമൂല്യമായതും അളീകമാക്കാൻ.

