കറുപ്പാർന്നയഴലിൻചിറകുമായ് കരളുകൾ
കൊത്തിപ്പറക്കുന്നതാം ബലിക്കാക്കകൾ
കണ്ണീർക്കണങ്ങളായുള്ളിൽത്തിളങ്ങുന്ന
ചെന്നിണത്തുള്ളികൾക്കുള്ളിലിരിക്കുന്നു.
കൈകൊട്ടിയെ ത്ര വിളിച്ചുനിൻ സ്മരണകൾ
അഴൽത്തുള്ളി നിറയുന്നതാണതിന്നോർമ്മകൾ
ഉള്ളിൽ ചിറകടിയൊച്ചതൻ നിഴലുകൾ;
പൊൻവിളക്കായിത്തിളങ്ങുന്നു പുലരികൾ.
നിറമറ്റതാകുന്നതെത്ര വസന്തങ്ങൾ
നിർണ്ണയമിവരിൽത്തളിർക്കില്ല പൂവുകൾ
എണ്ണിക്കൊഴിഞ്ഞുപോകുന്നില്ലെ കനവുകൾ
കരളാൽത്തപിക്കുന്നതില്ലെയാ,ക്കുറവുകൾ ?
വേർപെട്ടുപോകുന്നതാം മഹിത കാല മേ,
ഉരുളുന്നയോർമ്മതൻ കരതലസ്പർശമേ,
ബലിക്കാക്കകൾപ്പോലെ വന്നു പോകുന്നത-
ല്ലോർമ്മത,ന്നാർദ്രച്ചെരാതുമായാ,ക്കടൽ.
തീരത്തു നിൽക്കയാണിന്നുമാ, ബാല്യകം
തീരെത്തിളങ്ങുന്നതില്ലയാ കൺതടം
കണ്ണുനീർത്തുള്ളിത്തുളുമ്പുന്ന മോതിരം
കരളാലെടുത്ത ണിയിക്കുന്നു ജീവിതം.
പാരിൻ പ്രകാശമേ, മങ്ങുന്നതെന്തു നീ;
പാരാവാരമായ ലയടിക്കുന്നു നീ
പരിപൂർണ്ണ ശാന്തിമായ്ച്ചുറയുന്ന യാമിനീ;
നിന്നിരുൾച്ചിത്രം വരയ്ക്കില്ല ഞാനിനി.
അമ്മതൻ കണ്ണീരുണങ്ങാത്ത കരളിലായ്
തിരിനാളമൊന്നായണഞ്ഞു പോയിരുളിലായ്
ജീവിതജാലകമൊന്നായടയ്ക്കയാൽ
കാഴ്ച്ചകളില്ലാത്ത നിഴലായി ജീവിതം.
ഓരോ ബലിക്കാക്കകൾക്കുമിന്നുത്സവം
കൊടിയിറക്കത്തിന്റെയഴലിലാ, ബാല്യകം
തിരുമുമ്പിൽമാത്രമിരക്കുന്നു പിഞ്ചകം
കരിന്തിരിയാക്കുന്നതെന്തെ യിപ്പാരിടം…?

അൻവർ ഷാ ഉമയനല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *