രചന : പ്രിയബിജു ശിവകൃപ ✍️
കാലങ്ങൾക്കപ്പുറത്തു നിന്നും ആരോ വിളിക്കുന്നത് പോലെ അയാൾക്ക് തോന്നി. ബധിരനായ തനിക്ക് എങ്ങനെ അത് കേൾക്കാൻ കഴിയും.. ഇതൊക്കെ വെറും സ്വപ്നം മാത്രം അയാളൊന്ന് നിശ്വസിച്ചു.
കുറച്ചു നാൾ മുൻപ് വരെ ഇവിടെ ഈ അടച്ചിട്ട മുറിയിൽ സ്വയം തടവുകാരനായി കഴിയുകയായിരുന്നു. അമ്മച്ചി ഇടയ്ക്കിടയ്ക്ക്. വരുമ്പോൾ മാത്രം വാതിൽ തുറക്കും. പുറംലോകവുമായുള്ള ബന്ധം അമ്മച്ചി വഴി മാത്രമായിരുന്നു.
അപ്പച്ചൻ സംഗീത പ്രേമിയായിരുന്നത് കൊണ്ട് അയാൾക്ക് സമ്മാനിച്ച പേരാണ് ബിഥോവൻ..
സ്കൂളിൽ പഠിക്കുന്ന കാലത്ത് സഹപാഠികൾക്കൊക്കെ അത്ഭുതം ആയിരുന്നു ഈ പേര്.. ചില സമയങ്ങളിൽ അധ്യാപകരൊക്കെ അയാളുടെ പേര് വിളിക്കുമ്പോൾ സാക്ഷാൽ ബിഥോവന്റെ കഥകൾ പറയുമായിരുന്നു.
അദ്ദേഹത്തിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതിനെക്കുറിച്ച് മറിയാമ്മ സാർ പറഞ്ഞപ്പോൾ അന്ന് എങ്ങലടിച്ചു കരഞ്ഞ ഒരാളുണ്ടായിരുന്നു. മേഴ്‌സി. അന്നാണ് ആദ്യമായി അവളോട് ഒരു സ്നേഹം തോന്നിത്തുടങ്ങിയത്.അവളും നന്നായി പാടുമായിരുന്നു…
വെള്ളിയാഴ്ച്ചകളിലെ അവസാന പീരിയഡുകളിൽ അവൾ മനോഹരമായി പാടി. ഒരിക്കൽ എല്ലാവരുടെയും അഭ്യർത്ഥന മാനിച്ചു അയാളോടൊപ്പം അവൾ ഡ്യൂയറ്റ് പാടി..
” പാടാം നമുക്ക് പാടാം വീണ്ടുമൊരു പ്രേമഗാനം “
എല്ലാവരും കയ്യടിച്ചു…
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ഒരിക്കൽ ഉച്ചക്കഞ്ഞി കുടിച്ച ശേഷം സ്കൂളിലെ മാവ് മുത്തശ്ശിയുടെ തണലിലിരുന്നാണ് ആദ്യമായി അവളോടുള്ള ഇഷ്ടം തുറന്നു പറയുന്നത്.. നാണത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി.
പത്താംക്ലാസ്സ് കഴിയുന്നത് വരെ തമ്മിൽ കാണാൻ കഴിയുമായിരുന്നുള്ളു.അത് കഴിഞ്ഞു അവളെ പട്ടണത്തിലെ സ്കൂളിൽ ചേർത്തു. അവിടെ അവളുടെ എളേമ്മയുടെ വീട്ടിൽ നിന്നാണ് അവൾ പ്രീഡിഗ്രിക്ക് പൊയ്ക്കൊണ്ടിരുന്നത്.
ബിഥോവൻ നാട്ടിലെ പാരലൽകോളേജിൽ ചേർന്ന് പഠിച്ചു..അപ്പച്ചന്റെ മരണശേഷം വീട്ടിലെ കാര്യങ്ങളെല്ലാം അവതാളത്തിലായി.. രണ്ടു സഹോദരിമാർ കല്യാണ പ്രായമായി നിൽക്കുന്നു.. പഠിത്തം പാതിവഴിയിൽ ഉപേക്ഷിച്ചു. ചുമട്ടുജോലി, പെയിന്റിംഗ്, കിണറുപണി, ഇലക്ട്രീഷ്യൻ, അങ്ങനെ പല പല ജോലികൾ..
ഇടയ്ക്ക് ഗാനമേളകളിൽ ഗ്യാപ്പ് പാടാൻ പോകും..
അങ്ങനെ ഇരുപതിയെട്ടു വയസ്സിനിടയിൽ പെങ്ങന്മാരെ രണ്ടാളെയും വിവാഹം ചെയ്‌തയച്ചു.. വീട് നന്നാക്കി… ഇനി കല്യാണം…
എത്രയും പെട്ടെന്ന് മേഴ്‌സിയുടെ അപ്പച്ചനുമായി സംസാരിക്കണം. അവൾ പഠിത്തമൊക്കെ കഴിഞ്ഞു വന്നിട്ടുണ്ട്. ജോലി ആയിട്ടേ കെട്ടു എന്ന് പറഞ്ഞത് കൊണ്ട് മാത്രം ഇതുവരെ വിവാഹം ചെയ്തിട്ടില്ല.
എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു അയാൾ
പേരിലെ വിസ്മയം അങ്ങനെ ആക്കിത്തീർത്തു.. പാശ്ചാത്യ സംഗീതം കേരളത്തിലും സ്വാധീനം ചെലുത്തികൊണ്ടിരുന്ന കാലമായിരുന്നു അത്…
അലവിക്കാക്കയുടെ ചായക്കടയിൽ പല ചർച്ചകളും നടക്കാറുണ്ട്. അവയിലൊന്ന് അയാളുടെ പേരിനെ കുറിച്ചായിരുന്നു..
“ഈ നാട്ടിലെങ്ങും ഇങ്ങനെ ഒരു പേരുണ്ടാവോ? ഓൻ നല്ല മനുസനാ.. പക്ഷേങ്കി ആ പേരിലുള്ള പാട്ടുകാരന് ചെവി കേൾവി ഇല്ലായിരുന്നുന്നാ കേട്ടെ “
അലവിക്കാക്ക പറഞ്ഞു..
” ഇതായിപ്പോ നന്നായെ.. ആ പാട്ടുകാരന് കേൾവി കുറഞ്ഞു കൊണ്ടിരുന്നപ്പോഴും പാട്ടുകളുണ്ടാക്കീട്ടുണ്ട് പൂർണ്ണമായും ബധിരനായപ്പോഴും ഉണ്ടാക്കീട്ടുണ്ട്.. പിന്നെന്താ കുഴപ്പം. മാത്രമല്ല അങ്ങേരുടെ പേരിട്ടെന്നും പറഞ്ഞു ഇവിടുത്തെ ബിഥോവന് എന്തോ സംഭവിക്കാനാ? “
രാമേട്ടൻ തന്റെ അറിവ് വെളിപ്പെടുത്തി..
” എന്നാലും ആ പേര്. അത് വേണ്ടാരുന്നു “
” നിങ്ങളിങ്ങനെ അന്ധ വിശ്വാസങ്ങളും കൊണ്ടു നടന്നോ. ബിഥോവൻ വളരെ മഹാനായ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ അദ്ദേഹം പിതാവിൽ നിന്നും ഒരുപാട് ക്രൂരപീഡനങ്ങളും ഉദരരോഗങ്ങളും നിമിത്തം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിനിടയിൽ കേൾവിയും കുറഞ്ഞു തുടങ്ങി… എന്നിട്ടും അദ്ദേഹം തന്റെ സംഗീത ജീവിതം തുടർന്നു. കേൾവിശക്തി തീരെ ഇല്ലാതായപ്പോഴും ആ സംഗീതം കൂടുതൽ പ്രകാശിച്ചതേയുള്ളു “
രാമേട്ടൻ പൊതുവിജ്ഞാനം വളരെ കൂടുതലാണ്. സൂര്യനു കീഴിലുള്ള എന്തു ചോദിച്ചാലും അദ്ദേഹം പറയുമെന്നാണ് അവിടുത്തുകാരുടെ വിശ്വാസം.
“ചിലപ്പോൾ ആ ബിഥോവൻ പുനർജ്ജനിച്ചതാണെങ്കിലോ?”
ഗോപിയുടെ പൊട്ടചോദ്യം കേട്ട് എല്ലാവരും ചിരിച്ചു…
ഇതൊക്കെ ബിഥോവനും അറിയുന്നുണ്ടായിരുന്നു..
എല്ലാം കേൾക്കുമ്പോൾ ആശങ്ക തോന്നാറുണ്ടായിരുന്നു. അതിനു ഒരു കാരണവുമുണ്ട് കേൾവിക്കുറവ് തനിക്കുണ്ടെന്നൊരു സംശയം ഉള്ളിന്റെ ഉള്ളിൽ അയാൾക്ക് ഉണ്ടായിരുന്നു. കാരണം മുറിയിലായിരിക്കുമ്പോൾ പലപ്പോഴും അമ്മ അവിടെയെത്തി ശകാരിക്കുമായിരുന്നു..
” എത്ര വിളി വിളിച്ചു നിനക്ക് ചെവി കേട്ടുകൂടെ? “
പെങ്ങമ്മാരായ സിസിലിയും സൂസിയും ഇടയ്ക്കിടെ ഈ ചോദ്യം ചോദിക്കാൻ തുടങ്ങി…
ആ സംശയത്തിന് വ്യക്തത വരുത്തിയത് വറീത് മാപ്പിള ആയിരുന്നു…
ഒരു ദിവസം പാടത്തു നിലമൊരുക്കി കൊണ്ടു നിന്നപ്പോ അയാൾ അക്കരെ വരമ്പിൽ നിന്നും കുറെ വിളിച്ചുത്രെ. നോക്കിയിട്ട് ഒന്നും മിണ്ടാതെ തിരിഞ്ഞു നിന്നു എന്നും അയാൾ നാട്ടിൽ കഥയുണ്ടാക്കി. അതോടെ ബിഥോവൻ ബധിരനായി എന്ന കഥ പ്രചാരത്തിൽവന്നു..
ശരിക്കും തകർന്നുപോയത് മറ്റൊന്ന് അറിഞ്ഞപ്പോഴാണ്..
തന്റെ മകൾക്ക് വേണ്ടി വിവാഹം ആലോചിക്കാനാണ് വറീത് അന്ന് വരമ്പിനക്കരെ നിന്നും വിളിച്ചത്..
ഒരു പൊട്ടനെക്കൊണ്ട് തന്റെ മകളെ കെട്ടിക്കാനാവില്ലെന്ന് വറീത് മുഖത്തു നോക്കി പറഞ്ഞു..
“അയ്യോ മേഴ്‌സിടെ അപ്പച്ചാ. എല്ലാവരും വെറുതെ പറയുന്നതാ എനിക്ക് ചെവി കേൾക്കാം. ഇപ്പോൾ അങ്ങ് പറയുന്നതൊക്കെ ഞാൻ കേട്ടല്ലോ.. ദയവ് ചെയ്ത് മേഴ്‌സിയെ എനിക്ക് തരണം”
” നീ കുറച്ചു അപ്പുറത്ത് മാറി നിന്നെ.. തിരിഞ്ഞു നോക്കാതെ നിൽക്ക്.. ഞാൻ നിന്നെ വിളിക്കാം. നീ കേൾക്കുകയാണേൽ ഞാൻ സമ്മതിക്കും. ഇല്ലെങ്കിൽ നീ പിന്മാറണം “
” ശരി. സമ്മതം “
ആ കവലയിലെ എല്ലാവരെയും സക്ഷിയാക്കി വറീത് കുറച്ചു ദൂരെ മാറി നിന്ന തന്നെ ഉറക്കെ വിളിച്ചു.
നിർഭാഗ്യവശാൽ അയാൾക്ക് അത് കേൾക്കാനായില്ല. അതോടെ എല്ലാവരുടെയും മുന്നിൽ ബിഥോവൻ പൊട്ടനായി.
” ഞാൻ പറഞ്ഞത് സത്യമായില്ലേ.. അന്ന് ഞാനത് പറഞ്ഞപ്പോ എല്ലാവരും കൂടി അന്ധവിശ്വാസമെന്ന് പറഞ്ഞു കളിയാക്കി.. ഇപ്പോഴോ? “
അലവിക്കാക്ക വിജയിച്ചവനെ പോലെ നിന്നു.
പരീക്ഷണത്തിൽ തോറ്റ അന്ന് ഈ മുറിയിൽ കയറിയതാണ്… പിന്നീട് ആരെയും അഭിമുഖീ കരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
അമ്മയൊഴികെ ആരും അയാളുടെയടുക്കൽ വന്നിട്ടുമില്ല.. കാലക്രമേണ ശബ്ദലോകം പൂർണ്ണമായും നഷ്ടപ്പെട്ടു…
വിഷാദ രോഗത്തിന് അടിമയായിത്തീർന്ന
ബിഥോവനെ തിരികെ കൊണ്ടുവന്നത് അമ്മച്ചിയാണ്. ചികിൽസിക്കാൻ പണവുമില്ലായിരുന്നു. മാനസികനില താറുമാറാവുകയും ചെയ്തിരുന്നു. അടച്ചിട്ട മുറിയിൽ അങ്ങനെ കഴിഞ്ഞു….
അമ്മച്ചി വിട്ടില്ല.. എന്നും കുറച്ചു നേരം മകന്റെ അരികിലിരുന്നു.. സംസാരിക്കാൻ അയാൾക്ക് മടിയായിരുന്നു… കേൾക്കാത്തിടത്തു എന്തു പറയാൻ
അമ്മച്ചി ആംഗ്യ ഭാഷയിൽ സംസാരിക്കും.. പേപ്പറിൽ എഴുതിക്കാണിക്കും.. മകനെ മടിയിൽ കിടത്തി പാട്ടുപാടും. കേൾക്കാൻ കഴിഞ്ഞില്ലെങ്കിലും തന്റെ പുറത്തു അമ്മച്ചിയുടെ താളം പിടിക്കൽ ഗ്രാഹ്യശേഷിയുടെ പടിവാതിലിൽ അയാളെ കൊണ്ടെത്തിച്ചു.
പതുക്കെ പതുക്കെ ബിഥോവൻ സാധാരണ നിലയിലേക്ക് വന്നു… അമ്മച്ചിയുടെ നിർദേശ്ശ പ്രകാരം പാട്ടുകൾ എഴുതി. അമ്മച്ചിയത് പള്ളീലച്ചനെ ഏൽപ്പിച്ചു. അദ്ദേഹം അത് സംഗീതം നൽകി കാസറ്റുകളിലാക്കി… കേരളത്തിലെ ബിഥോവനെന്ന പേരിൽ അയാൾ പ്രശസ്തനായി. അടച്ചിട്ട മുറിയിൽ നിന്നും ആർക്കും കയറിവരാവുന്ന മുറിയായി അമ്മച്ചി അത് മാറ്റിയെടുത്തു.
പഠിക്കുന്ന കുട്ടികളൊക്കെ ഇടയ്ക്ക് ബിഥോവനെ കാണാൻ വരും. അതൊക്കെ ഒരുപാട് മാറ്റങ്ങൾ അയാളിൽ വരുത്തി.
ഒരു ഞായറാഴ്ച പള്ളിയിൽ പോയി വന്നശേഷം അമ്മച്ചി മുറിയിലേക്ക് വന്നു.
മുഖത്തു വല്ലാത്ത സങ്കടം..
എന്തുപറ്റിയെന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചു.
അമ്മച്ചി ഒരു പേപ്പർ കഷ്ണം മകന്റെ കയ്യിലേക്ക് വച്ചുകൊടുത്തു.
” ഡാ കുന്നേലെ വറീതിന്റെ മോൾ മേഴ്‌സി മരിച്ചു. ഹൃദയം നിന്നുപോയതാണെന്ന് “
തന്റെ ഹൃദയമാണ് നിലച്ചതെന്ന് അയാൾക്ക് തോന്നി..
അയാളുടെ മനസ്സ് ആർത്തു കരഞ്ഞു.. സിംഫണികളുടെ വീചികൾ അയാളുടെ കാതുകളിൽ തുളച്ചുകയറി..ഇപ്പോൾ അയാൾ ബധിരനായിരുന്നില്ല.. രൂപപ്പെടാത്ത വികലമായ സിംഫണികൾ അയാളെ വിഭ്രമിപ്പിച്ചു…
“ബിഥോവൻ.. ബിഥോവൻ”
കാലത്തിനപ്പുറത്തെ ആ വിളികൾ അയാളുടെ മനസ്സിൽ വീണ്ടും മുഴങ്ങിക്കേട്ടു…
