രചന : ശ്രീജിത്ത് ഇരവിൽ ✍️
‘മൈരേ, ഇന്നത്തോടെ ഇവിടുത്തെ കുളി നിർത്തിക്കോണം…!’
ഞാനും വിട്ടുകൊടുത്തില്ല. എന്റെ കുളത്തിൽ വന്ന് എന്നോട് നിർത്താൻ പറയാൻ നീയാരാടാ മൈരേയെന്ന് ചോദിച്ച് സുധാകരനോട് ഞാൻ കയർത്തു. താൻ ആരാണെന്ന് വൈകാതെ നീയറിയുമെന്ന് പറഞ്ഞാണ് അവൻ പോയത്.
മക്കളായ അപ്പുവിനേയും കുഞ്ഞപ്പുവിനേയും നീന്താൻ പഠിപ്പിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. സുധാകരൻ സഹോദരനാണ്. വീതം വെച്ചപ്പോൾ എനിക്ക് വീടും പറമ്പും, സുധാകരന് ടൗണിലെ തുണിക്കടയും അയൽഗ്രാമത്തിലെ ഒരേക്കർ തെങ്ങിൻ തോപ്പും കിട്ടി. എനിക്ക് കിട്ടിയ പറമ്പിന്റെ അതിരിനോട് തെളിഞ്ഞ് കിടക്കുന്ന കുളം തനിക്കും കൂടി അവകാശപ്പെട്ടതാണെന്നാണ് പുതിയ വാദം.
കിഴക്കൻ ആഫ്രിക്കൻ വംശജരായ പെഴ്സിഫോമെസ് മത്സ്യഗോത്രത്തിലെ തിലാപ്പിയ കൃഷി ലാഭമുള്ളതാണെന്ന് അറിഞ്ഞതിൽ പിന്നെയാണ് സുധാകരന് ആ കുളത്തിന്റെ മേലെ ഇത്രയും ആവേശം. കുളം തനിക്കും കൂടി അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് കോടതിയിൽ പരാതി കൊടുത്തിട്ട് കാര്യമില്ലാതെ വന്നപ്പോഴാണ് അവൻ ഇങ്ങനെ ഇറങ്ങുന്നത്.
സ്വന്തം സഹോദരനായ എന്നെക്കൊണ്ട് എങ്ങനെയും കുളം എഴുതി വാങ്ങണമെന്ന ഒറ്റ ചിന്തയേ ഇപ്പോൾ സുധാകരനുള്ളൂ… ഒരേ ചോരയായത് കൊണ്ടാണെന്ന് തോന്നുന്നു, എനിക്കും ഒരിഞ്ച് താഴാൻ തോന്നിയില്ല. ആസ്തിയെന്ന് വന്നാൽ അച്ഛനായാൽ പോലും വിട്ട് കൊടുക്കരുതെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. അവനും അത് തന്നെയാകും മനസിലാക്കിയിട്ടുണ്ടാകുക..!
ആകെയുള്ള മഹാഭാഗ്യം എന്തെന്നാൽ, പണ്ട് കെട്ടിപ്പിടിച്ച് കിടന്ന പിള്ളേര് തമ്മിൽ കാണുമ്പോഴെല്ലാം കുത്തിക്കൊല്ലാൻ നിൽക്കുന്നത് കാണേണ്ട അവസ്ഥ അവരുടെ മാതാപിതാക്കൾക്ക് ഇല്ലായെന്നതാണ്. ജന്മം തന്ന രണ്ടുപേരേയും മരണം വന്ന് അനുഗ്രഹിച്ചിട്ട് വർഷങ്ങളായി…
അന്ന് പതിവ് പോലെ ആയിരുന്നില്ല. ജീവിതത്തിൽ ഇങ്ങനെയൊരു പശ്ചാത്തലം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. പരിസരവാസികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് സുധാകരൻ മുങ്ങിച്ചത്തെന്ന വാർത്ത നാട് മുഴുവൻ പടർന്നത്. അതും എന്റെ കുളത്തിൽ..! അറിഞ്ഞവരെല്ലാം ശ്വാസം പിടിച്ച് അവിടേക്ക് ഓടിയെത്തി. മൊഴിയെടുക്കാൻ വന്ന പോലീസുകാരുടെ മുന്നിൽ എനിക്ക് തലകുനിച്ച് നിൽക്കേണ്ടി വന്നു.
ഞങ്ങളുടെ പരസ്പര വൈരാഗ്യം അറിയുന്ന ആൾക്കാരെല്ലാം ചത്തത് കീചകനാണെങ്കിൽ കൊന്നത് ഭീമനാണെന്ന് പലയാവർത്തിച്ച് പറഞ്ഞു. സുധാകരൻ മുങ്ങി ചാകുന്നതിന് മുമ്പേ മൂക്കറ്റം കുടിച്ചിട്ടുണ്ടായിരുന്നുവെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നിട്ടും നാട്ടുകാരിൽ പലരും തങ്ങളുടെ നിഗമനം മാറ്റാൻ തയ്യാറായില്ല. കുളം പോകാതിരിക്കാൻ ഓൻ ഓനെ കൊന്നുവെന്ന് പലരും പാടിനടന്നു. സ്കൂളിൽ പഠിക്കുന്ന എന്റെ പിള്ളേരുടെ കാതിൽ പോലുമത് എത്തിയെന്ന് പറയുമ്പോൾ നോക്കണേ വായ് പ്രചാരണത്തിന്റെ ശക്തി..!
സുധാകരന്റെ മരണശേഷം എനിക്ക് വിഷാദമായിരുന്നു. അതിനപ്പുറം, ഒരു ചാക്ക് ദുഃസ്വപനങ്ങളുമായി കുറ്റബോധം പിടിമുറുക്കിയിരിക്കുന്നു. പടവിൽ നിന്ന് കുടിച്ച് കൊണ്ടിരിക്കുമ്പോൾ അറിയാതെ വീണതാണോ..! ഇനിയീ നാട്ടുകാരെല്ലാം പറയുന്നത് പോലെ ഞാൻ തന്നെയാണൊ അവനെ തള്ളിയിട്ടതെന്ന് പോലും നിശ്ചയമില്ല. സുധാകരൻ അത്രയും ആഗ്രഹത്തോടെ തുടക്കത്തിലേ ചോദിച്ച ആ കുളം അവന് കൊടുക്കാമായിരുന്നു…
സഹോദരനെ ഓർത്ത് സ്ഥിരത നഷ്ട്ടപ്പെട്ടുവെന്ന് പിന്നീട് കടന്നുപോകുന്ന ഒരോനാളും അനുഭവപ്പെട്ടു.എങ്ങും പോകാതെ മാസങ്ങളോളം വീട്ടിൽ ചടഞ്ഞിരുന്നു. ജീവിച്ചിരിക്കുന്നവരെ ഇത്രയും മാനസികമായി തളർത്താൻ മരിച്ച് പോയവർക്ക് സാധിക്കുമെന്ന് അറിഞ്ഞപ്പോൾ കണ്ണുകൾ നിറയുകയാണ്.
‘പിള്ളേരോട് മിണ്ടീം പറഞ്ഞുമിരുന്നാൽ തന്നെ പാതി ശരിയാകും…’
എന്റെ അങ്കലാപ്പ് മനസ്സിലാക്കിയത് കൊണ്ടായിരിക്കണം ഭാര്യ അങ്ങനെ പറഞ്ഞത്. ആലോചിച്ചപ്പോൾ കുഞ്ഞുങ്ങളോളം മുന്നോട്ടുള്ള പ്രകാശം തരാൻ മറ്റാർക്കും കഴിയില്ലായെന്ന് എനിക്കും തോന്നി.
സുധാകരന്റെ മരണത്തിന് ശേഷം ആദ്യമായിട്ടാണ് വീണ്ടും ഞാൻ ആ കുളത്തിലേക്ക് പോകുന്നത്. ആഹ്ലാദത്തോടെ മക്കളായ അപ്പുവും, കുഞ്ഞപ്പുവും കൂടെയുണ്ട്. അവരെ നീന്താൻ പഠിപ്പിക്കുമ്പോൾ അവസാനമായി സുധാകരനോട് കയർത്ത രംഗം ഉള്ളിൽ പതിഞ്ഞു.
കുട്ടിക്കാലത്ത് എന്റെ ചുമലിൽ കയറി ചേട്ടാ രക്ഷിച്ചോയെന്നും പറഞ്ഞ് കുളത്തിലേക്ക് എടുത്ത് ചാടുന്ന സഹോദരന്റെ ഓർമ്മ തണുത്ത വെള്ളത്തിലായിട്ടും എന്നെ പൊള്ളിക്കുകയാണ്…
തലയും തോർത്തി പോകാൻ ഒരുങ്ങുമ്പോഴാണ്, വലുതാകുമ്പോൾ കുളം തനിക്കും വീട് അപ്പുവിനും കൊടുത്താൽ മതിയെന്ന് ഇളയവൻ ചെറിയ വായയിൽ വലുതായി പറഞ്ഞത്.
‘നിനക്കെന്തിനാണ് മോനെ കുളം…?’
കുഞ്ഞപ്പുവിനോട് വാത്സല്ല്യത്തോടെ ഞാൻ ചോദിച്ചു. ഈ മൈരൻ അപ്പുവിനെ മുക്കിക്കൊല്ലാനാണ് അച്ഛായെന്ന് കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ എനിക്ക് ശബ്ദം ഉണ്ടായിരുന്നില്ല. സുധാകരൻ വന്ന് കാരണത്ത് അടിച്ചത് പോലെയൊരു തോന്നൽ മാത്രം. അവൻ മുങ്ങിപ്പോയ ആഴങ്ങളിലേക്ക് താഴ്ന്ന് പോകുന്ന അനുഭവം മാത്രം….!!!

