രചന : ഗിരിജാവാര്യർ ✍️
സത്യയുഗത്തിൽ ( കൃതയുഗത്തിൽ ) അവതാരമെടുത്ത വിഷ്ണു വാമനമൂർത്തിയായി തപസ്സുചെയ്യാനുള്ള മൂന്നടി മണ്ണു യാചിച്ച് നർമ്മദാതീരത്തുള്ള ബലിയുടെ യാഗഭൂമിയിൽ എത്തിയപ്പോഴാണ് രത്നമാല ആ ബാലകനെ കണ്ടത്.വാമനന്റെ ചേതോഹരൂപം കണ്ട രത്നമാലയിൽ മാതൃനിർവ്വിശേഷമായ അനുഭൂതി പടർന്നിറങ്ങി. ഈ ഓമനക്കുട്ടനെ പുത്രനായി ലഭിച്ചാൽ അമ്മിഞ്ഞപ്പാൽ കൊടുത്തു വളർത്താമായിരുന്നു എന്ന വാത്സല്യഭാവമാണ് അവളിൽ അങ്കുരിച്ചത്
ഭക്തയുടെ മോഹം സാധിപ്പിക്കാൻ ഭഗവാൻ നിശ്ചയിച്ചു. ദ്വാപരയുഗത്തിൽ ഉണ്ണിക്കണ്ണനെ വാരിയെടുത്തു കൊഞ്ചിക്കാനും മതിവരുവോളം അമ്മിഞ്ഞപ്പാൽ നൽകാനും രത്നമാലയ്ക്ക് കഴിഞ്ഞു, പൂതനയെന്ന കംസദാസിയായുള്ള പുനർജ്ജന്മത്തിലൂടെ..
പൂതനയുടെ ആത്മവിചാരങ്ങളുടെ ആവിഷ്കാരമാണ് ഈ കവിത!
രത്നമാലയുടെ മോഹം
കണ്ണാ! കാർമുകിൽവർണ്ണാ!നീയെന്റെ-
യിംഗിതം അറിഞ്ഞെന്നെന്നോ?
കണ്ണിന്നാനന്ദം നൽകും രൂപമെൻ
കണ്മണീ!മുന്നിൽ കാണുമോ?
കേൾപ്പതുണ്ടു ഞാൻ ഗോകുലം തന്നിൽ
വായ്ച്ചിടും നിന്റെ ലീലകൾ
കേളികേട്ടോരാ നന്ദഗോപർക്കു
കാഴ്ച്ചയായ് നീയണഞ്ഞതും
കംസൻ ചൊല്ലിയ വാർത്തകൾ കാതിലിമ്പമായ് വന്നുവീഴവേ, രാക്ഷസീയത മുറ്റുമുൾത്തടം
സാക്ഷാലീശ്വരഗേഹമായ്!
എന്തുചെയ്യേണ്ടൂ, നിന്നെയെൻ മാറിൽ
ചേർത്തണച്ചൊന്നു പുല്കുവാൻ?
ചെന്തൊണ്ടിവായിലമ്മിഞ്ഞപ്പാലിൻ
തൂമരന്ദമൊന്നേകുവാൻ?
പാൽമണം തഞ്ചും ചുണ്ടിലാശതൻ
സ്നേഹമുത്തം ചൊരിയുവാൻ
ചെന്തളിർതോൽക്കും മേനിയിലാകേ
ചന്ദനക്കുളിർ തൂകുവാൻ
വേർപ്പണിമുത്തു ചന്തമേറ്റിടും
ഫാലത്തിലുമ്മ നൽകുവാൻ
താമരപ്പൂപോലുള്ള ചേവടി
താലോലിച്ചു തഴുകുവാൻ
കുഞ്ഞുകൺകോണിൽ മിന്നും ചന്ദ്രിക-
പ്പാൽപ്പുഴതന്നിൽ മുങ്ങുവാൻ
മഞ്ഞപ്പട്ടിന്റെ മഞ്ജിമയിൽപ്പൊൻ
സങ്കല്പരേഖ തേടുവാൻ
കംസഗേഹത്തിൽ നരദർ വന്നു ചൊന്നവാക്കുകളെന്നുടെ
കുത്സിതമാകും ചിന്തയിൽത്തേൻ
നിറച്ചകാര്യവുമോർത്തു ഞാൻ!
പൂർവ്വജന്മത്തിൽ മാബലിപുത്രി രത്നമാലതന്നുള്ളിലെ
വാത്സല്യം കണ്ട വാമനമൂർത്തി നൽകി നല്ലോരനുഗ്രഹം
“ദ്വാപരയുഗമെത്തുമ്പോൾ,കംസ- ദാസീവേഷമണിഞ്ഞുടൻ
സ്തന്യവുംനൽകി,വിഷ്ണുപാദേ-
യണയാൻ യോഗമുണ്ടായ്വരും”
ഇന്നതു സത്യമായ്വന്നു കണ്ണാ, നിന്നുടെ മായാവൈഭവം!
ഇന്നെന്റെ ജീവനമ്മിഞ്ഞ –
പ്പാലായ്
കണ്മണീ നീ നുകർന്നിടും!
ശ്യാമവർണ്ണ! മനോഹരാംഗ! നിൻ കോമളമാം മുഖാംബുജം
കണ്ടുകണ്ടു മരിക്കുവാനെന്തു
പുണ്യം ചെയ്തിതു ദൈവമേ!
ഇന്നെൻ ജീവകലയിലെ പ്രാണ-
തന്തു വേർപെട്ടുപോകുമ്പോൾ
ശീതളസ്പർശമേകി നിൻചിരി
മാറിലുത്സവമായീടും!
നാദബ്രഹ്മമലിയും നിശ്വാസ-
വായുവിലാഴ്ന്നുമുങ്ങീടും
ക്ലേശഹാരിയാം കേശവനുടെ
കാഴ്ചയെന്നിൽ നിറഞ്ഞീടും!
മൃത്യുഗാരമടുത്ത ചേതന
മങ്ങി നിശ്ചലമാകുമ്പോൾ
സായുജ്യമേകി കണ്ണനുണ്ണിതൻ
കാൽത്തളനാദം കേട്ടീടും!
ആനന്ദാമൃതവർഷമേറ്റെന്റെ ആത്മാവോ നൃത്തമാടീടും
ആദിമദ്ധ്യാന്തമില്ലാത്ത മോക്ഷ –
ധാരയിൽ ഞാനലിഞ്ഞീടും!!

