രചന : ദീപ ആർ അടൂർ ✍️
മണ്ണിന്റെ മടിയിൽ
ലയിച്ചു പോയി എന്ന്
മനസ്സു വിങ്ങിയ നിമിഷം,
ആകാശം നീല നിശ്ശബ്ദത്തിൽ ചിരിച്ചു –
കാരണം അസ്തമനം നിന്നിലില്ലായിരുന്നു,
പ്രഭയായി നീ ദിക്കുകളൊക്കെയും വിതറിയിരുന്നു.
നിന്റെ ഹൃദയം
അപരിചിതരുടെ
പ്രഭാതങ്ങളിൽ താളമായി,
നിന്റെ കണ്ണുകൾ
അന്യരിലെ സ്വപ്നങ്ങൾക്ക്
ജാലകം തുറന്നു,
നിന്റെ ശ്വാസം
വ്യത്യസ്ത ജീവിതങ്ങളിൽ
വസന്തമായി —
ഒരു ചെറു ശരീരം മാത്രം
ആയിരുന്നെങ്കിലും,
അത് അളന്നത്
ഒരു വിശാല ആകാശം.
ദൈവം ഭൂമിയുടെ
നെറ്റിയിൽ തൊട്ടു ചോദിച്ചു —
“എനിക്ക് ഒരു ദീപം തരൂ…” ഭൂമി കണ്ണുനീരോടെ നിന്നെ സമർപ്പിച്ചു;
അവൻ നിന്നെ കൊണ്ടുപോയില്ല,
നിന്നെ അനന്തതയുടെ നിലാവിൽ വിതച്ചു.
ഇപ്പോൾ കാറ്റ് തഴുകുമ്പോൾ
അതിന്റെ സ്നേഹസ്പർശത്തിൽ
നിന്റെ വിരലുകൾ ഉണ്ട്;
സൂര്യൻ ചിരിയുമ്പോൾ
അവന്റെ കിരണങ്ങളിൽ
നിന്റെ ചിരിയുടെ പൊൻതുള്ളികൾ.
മരണത്തിന്റെ
അതിരുകൾക്കപ്പുറം പോലും
ജീവൻ പകരുന്നവരാണ് സത്യമായ മാലാഖമാർ എന്ന്
നിശ്ശബ്ദത്തിന്റെ സംഗീതത്തിൽ നീ പഠിപ്പിച്ചു.
ഇനി നീ ഒരു നക്ഷത്രമല്ല —
നക്ഷത്രങ്ങളെ ജനിപ്പിക്കുന്ന ആകാശം തന്നെ;
നീ അപ്രത്യക്ഷമായില്ല…
നീ പല ഹൃദയങ്ങളായി വിരിഞ്ഞ്
ശാശ്വതമായി തെളിഞ്ഞിരിക്കുന്നു.🌹

