രചന : ഡോ. ബിജു കൈപ്പാറേടൻ ✍️
പച്ചക്കരിമ്പിന്റെ മെയ്യഴകുള്ള
സുമംഗലക്കു
മൂവന്തിയുടെ ചുവപ്പാണല്ലോയെന്ന്
രണ്ടാം നിലയിലെ വാടകമുറിയുടെ
ജനൽ പാളിയിലൂടെ
താഴെ ഇടുങ്ങിയ തെരുവിൽ
അവളെ ഓരോ തവണ കാണുമ്പോഴും
ഞാൻ വെറുതെ ഓർക്കുമായിരുന്നു.
അവൾ സ്ഥിരമായി ധരിച്ചിരുന്ന
ഓരേയൊരു ചേലക്ക്
കറുപ്പും ചുവപ്പും കലർന്ന,
മങ്ങിയ മറ്റേതോ നിറമായിരുന്നു.
അവളുടെ ചുരുൾ മുടിക്ക്
പരിചിതമല്ലാത്ത ഏതോ എണ്ണയുടെ
മണമായിരുന്നു.
അവളുടെ കരിയെഴുതിയ മിഴികളിൽ
ഉറവ വറ്റിപ്പോയ
കവിതയുണ്ടായിരുന്നു.
അവളുടെ രാത്രിമൊഴികളിൽ
ഏതോ ഭോജ്-പൂരി താരാട്ടിന്റെ
താളം തെറ്റിയ
ശീലുകളുണ്ടായിരുന്നു.
അവളിലേക്കു പടർന്നു കയറാൻ
ഒരുപാടുപേർ
അവളെത്തേടി
വന്നുകൊണ്ടിരുന്നു.
അവളെ പ്രാപിച്ചവരാരും
അവളെ അറിഞ്ഞില്ല.
അവളെ പ്രാപിക്കാൻ
വന്നരിൽ ആരോ ഒരാളെ
തന്റെ മടിയിൽ കിടത്തി
മുടിയിഴകളിൽ മെല്ലെ തലോടി
അയാൾ ഉറങ്ങുവോളം
ആ മുഖത്തു പ്രണയപൂർവ്വം
കണ്ണുനട്ടിരിക്കുന്നത്
അവൾ ഇടയ്ക്കിടെ
സ്വപനം കണ്ടിട്ടുണ്ടാവണം.
എല്ലാ പ്രഭാതങ്ങളിലും
അവൾ അവളുടെ
തളർന്ന മയക്കമുണരുന്നത്
ചിലപ്പോൾ അങ്ങനെയൊരു ദിവസം
കൊതിച്ചു കൊതിച്ചായിരിക്കണം.
പക്ഷേ
അവൾ അറിഞ്ഞവരാരും
അവളെ പ്രാപിച്ചില്ല.
അവളെ പ്രാപിച്ചവരാകട്ടെ,
അവളെ അറിഞ്ഞതുമില്ല.
എന്റെ കുടുസ്സു മുറിയിലെ
വോൾട്ടേജ് കുറഞ്ഞ ബൾബിന്റെ
മഞ്ഞ വെളിച്ചത്തിലേക്ക്
അവളെ ആദ്യമായി
വിളിച്ചുവരുത്തിയ നാൾ മുതൽ
ഞാനാലോചിക്കുകയായിരുന്നു..
ആരായിരിക്കും
ആ പാവത്തിന് സുമംഗല
എന്ന് പേരിട്ടത് ?

