രചന : കാഞ്ചിയാർ മോഹനൻ ✍️
എന്തുണ്ടെന്ന് പറഞ്ഞിട്ടെന്തേ ?
ഒന്നുമില്ലാത്തയവസ്ഥ
വരുമെന്നതുറപ്പല്ലേ?
എന്തുണ്ടെന്നു പറഞ്ഞിട്ടെന്തേ ?
വരാനിരിക്കുന്നതൊന്നും
വഴിയിൽ തടയില്ലന്നതുറപ്പല്ലേ
എന്തുണ്ടെന്നു പറഞ്ഞിട്ടെന്തേ ?
എന്നെങ്കിലുമൊരിക്കൽ
കണ്ണുകളടയുമെന്നതും, ഉറപ്പല്ലേ?
എന്തു ചിന്തിച്ചാലെന്തേ
പെയ്യും മഴയൊക്കെയും
തോർന്നു തീരുമെന്നതും ഉറപ്പല്ലേ?
എന്തുണ്ടെങ്കിലെന്തേ
തടുത്തു കൂട്ടിയതൊക്കെയും
മറ്റൊരാളിലാകുമെന്നതും, ഉറപ്പല്ലേ?
എന്തു ഭക്ഷണം ഭുജിച്ചാലും
എല്ലാം മണ്ണിലേയ്ക്കായി
മടങ്ങുമെന്നതും
ഉറപ്പല്ലേ ?
വന്നപ്പോൾ കൈകൾ ചുരുട്ടിയും
പോകുമ്പോൾ കൈനിവർത്തിയും
ഒന്നും കയ്യിലേന്താതെ
പോകുമെന്നതും ഉറപ്പല്ലേ?
സമയം കാത്തു നിൽക്കാറില്ല,
കാലവും അതുപോലവെ,
നല്ല കർമ്മങ്ങൾ ചെയ്താ
ലതു കുറെക്കാലം നിലനിന്നിടും.
രണ്ടല്ലെങ്കിൽ, മൂന്നു തലമുറ
വല്യപ്പച്ചനെയോർത്തിടും.
പിന്നെ, താൻ തൻ കാര്യങ്ങളായ്
കുഞ്ഞു മക്കളുപോയിടും?
ഭിത്തിയിൽ തുങ്ങും പടം
കുറെ നാൾ കിടന്നിടാം
ഗ്യാരണ്ടി തീരുമ്പോളതും
തീയിൽ കത്തിയമർന്നിടും .
ഒരു നാഴി അരി വാങ്ങിടാൻ
രക്തം വിയർപ്പാക്കുന്നോർ,
ആ വിയർപ്പാകമാനം തിന്ന്
മദിച്ചു ജീവിക്കുന്നു മറ്റൊരാൾ.
എല്ലാമെല്ലാർക്കും വേണ്ടി
ദാനം തന്ന പ്രകൃതിയെ
തുണ്ടു തുണ്ടാക്കി നാമിന്ന്
വീതം വച്ചു തിരിയ്ക്കുന്നു.
വന്നപ്പോളൊന്നും തന്നെ
കൊണ്ടു വന്നില്ലാ നമ്മൾ,
പോകുമ്പോളൊന്നും തന്നെ
കൊണ്ടുപോകാനുമില്ല ഹേ
ഒറ്റയ്ക്കു ജനിക്കുന്നു
ഒറ്റയ്ക്കു മരിയ്ക്കുന്നു
ഒറ്റയാണെന്നൊന്നോർത്താൽ
ഒറ്റയാക്കില്ലാരെയും…

