മയൂഖമാലയിൽ കണ്ടു ഞാനിതാ
മേഘകാളികയുറയും ഗർജ്ജനം
മൂടുപടത്തിലഗ്നിയായി അവൾ
മൂർച്ചയോടിതാതീയായാളുവാൻ.

മൂർത്തിയായവളുഗ്രതയിലായി
മഥനഭേരിയാലുരുക്കുകാലുകൾ
മേദിനിയെ മെതിച്ചുമദിച്ചവൾ
മാരിയായി ചെയ്തിറങ്ങുവാൻ.

മാറിടങ്ങളുലച്ചുലച്ചിരുളിലായി
മിന്നലാർന്നു ഇന്ദുഗോപമായി
മാർദംഗിതൻ്റെ മിഴാവ് കൊട്ടുന്ന
മൃദുലരവമതിലൊഴുകുവാൻ.

മാലിനിയവൾ അഗ്നിലിംഗമായി
മണ്ഡലത്തിൽ തീ ചീറ്റുമ്പോൾ
മലമുകളിലെ മറുതയാർന്നങ്ങു
മഹാമേരു പോലെ വിപുലമായി.

മരീചിയേപ്പോൽ വെളിച്ചമേകുന്നു
മുഖമാകെ ഉറഞ്ഞംഗാരമാകവേ
മുറ്റമാകെയാ തെയ്യക്കോലങ്ങൾ
മാർക്കച്ചകെട്ടിയുലഞ്ഞാടുന്നു.

മുറ്റി മുറ്റിയ അലർച്ചയാൽ നീളേ
മാറ്റൊലികളാൽ ഭയവ്യധനമായി
മായയായിയവളുഗ്രയക്ഷിയായി
മേചകത്തിൽ കാളരാത്രിയായി.

മകുടമൂതിയ കൂരിരുളിലായവൾ
മുത്തമ്മയായയ്യോയജഗരമായി
മഞ്‌ജുളമായിപത്തിനീർത്തവേ
മൂർഖനായി അവൾ ജ്വലിക്കുന്നു.

മർദ്ദിച്ചിതാ അസുരഗണങ്ങളെ
മനസ്സിടിച്ചവരോടായരാടുമ്പോൾ
മാറ്റുരയ്ക്കുന്നാരണഭേരിയിലായി
മുഷ്ടിയാലൊന്നു പ്രഹരിക്കുവാൻ.

മായയാലെമാരക്കാന്തിയൂഴിയിൽ
മാടപ്രാവ് പോലെ വശ്യതയാർന്നു
മാരണമായി മരണാന്തകയായി
മൺമറക്കുന്നുഗ്രയായപസദരെ.

മഹിതരായവർക്കെന്നാലാശ്രയം
മമതയാലെ പരിപാലിക്കുവാൻ
മാനിനിമാർക്കെതിരായവർക്കോ
മാരണമായി അവൾ ഭവിച്ചിടും.

മോദമേറിയ വാടിയിലായവൾ
മുഗ്ദ്ധ ഗാനമാം മാധുരിയായി
മേഘമാലയായലിഞ്ഞലിഞ്ഞ്
മൃദുലരാഗമായിയൊഴുകിടുന്നു.

മഹാശയമായി അന്തരംഗത്തിൽ
മൃഗതൃഷ്ണയെന്നുമകറ്റുവാൻ
മെതിയടി പോലെ അടുത്തണവൾ
മന്ദഹസിച്ചനുരക്തയാർന്നലിയും.

മുക്തിയേകുന്ന ലളിതാമണിയായി
മന്ത്രത്താലെ സഹസ്രാരവമായി
മല്ലികയായി ഉദാത്തയാർന്നവൾ
മഹിതവാടിയിൽ നിർഹാരിയായി.

മേഘകാളികയായി നടനഭംഗിയാൽ
മാധവമലരിലായി പ്രകൃതിയംഗന
മനസ്സിലാകവേ ക്ഷേമചിന്തയാൽ
മനോജ്ഞകാന്തിയാലാകർഷകം.

മയിൽപ്പീലികണ്ണിലേഴഴകിലായി
മമതയേറിയ അലിവാലലിയവേ
മുത്തുപൊഴിയുന്നഉദിതത്താലെ
മത്തശോഭിനി നടനരംഗത്തിൽ.

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *