രചന : ഗ്രാമീണൻ ഗ്രാമം ✍️
കാറ്റേ നിൻ കൂട്ടുംകൂടി
കണ്ണുറങ്ങാ കാതുറങ്ങാ
കളിവട്ടം ചൊന്നാ കടവിൽ
മീനാട്ടം കണ്ടുരസിക്കാം.
മുട്ടോളം ചെളിയിൽ പൂന്തി
ആമ്പൽപ്പൂമൊട്ടുപറിച്ചും
പൂവാലൻ പൂന്തേൻകുയിലിൻ
കുറുകൂവൽ മറുമൊഴിപാടാം.
കൈതോല മുള്ളുപിണച്ച്
അടികിട്ടാവട്ടംകുത്തി
മുള്ളിക്കാ തെച്ചിക്കായും
കുളമാങ്ങേം ഞാവൽപഴവും
കൊണിവെട്ടിയെറിഞ്ഞുതൊഴിച്ച്
പുളിമാങ്ങ ചൊനയും ചൂടി
പള്ളിക്കൂടത്തിണ്ണയിലെത്താൻ
മഴചൂടി നടന്നൊരു കാലം,
ഓർത്തോത്തെൻ പ്രായം വീണ്ടും
മഷിപ്പച്ച മായ്ച്ചു കളഞ്ഞു.
കശുവണ്ടിക്കറപൊള്ളിച്ച
തുടമേലൊരു ചുണങ്ങുപഴുത്തു.
ചോളപ്പൊടി മണവും പേറി
കാറ്റേ നീ വന്നെത്തുമ്പോൾ
വട്ടയില നിവർത്തിയൊരുക്കി
മണിനാദചേങ്ങില കാക്കും.
വരിയിട്ടു വിളമ്പും ചോള-
പ്പൊടിയെൻറെ കുംഭക്കൂട്ടിൽ
ആറാറു മടക്കിൻപാളി
നിറച്ചിട്ടാ കുടലു ചിരിക്കും.
ഇനിയാണു കളിക്കാൻ നേരം
മുക്കുഴിയിൽ രാശിയെടുക്കാം
രാശിക്കുഴി തോറ്റേ പോയാൽ
മുട്ടോളം മൂന്നടി മിച്ചം.
മുക്കോളം പൊട്ടിയ സ്ലേറ്റും
മുൻബട്ടണ്‍ പൊട്ടിയഷര്‍ട്ടും
കാലിൻമേൽ ചെമ്മണ്‍ പൊടിയും
കളവില്ലാ കഥയും കളിയും
ഓര്‍ക്കാനായ് ചൂരലുവേണ്ടാ
മിഴിയെന്തേ കലങ്ങണു കാറ്റേ…
തീപ്പെട്ടിക്കൂടുനിറച്ചും
വളത്തുണ്ടുകിലുങ്ങണുകാറ്റേ
ഒരുതുണ്ടുപെൻസിലുതായോ
എഴുതട്ടെ ഞാനെൻ പാഠം.
