​ആമുഖം:
വിധി കരിനിഴൽ വീഴ്ത്തിയ ഒരു ജീവിതത്തെ സ്നേഹവും നിശ്ചയദാർഢ്യവും കൊണ്ട് തിരിച്ചുപിടിക്കുന്ന പോരാട്ടത്തിന്റെ കഥയാണ് ‘അതിജീവനം’. വൈദ്യശാസ്ത്രം പോലും കൈവിട്ട നേരത്ത്, വൈശാഖ് തന്റെ പ്രിയപ്പെട്ടവൾക്കായി നൽകിയ കരുതലിന്റെയും കരുത്തിന്റെയും സാക്ഷ്യപത്രമാണിത്.

പുലർകാലത്തെ മഞ്ഞുതുള്ളികൾ വീണ മുറ്റത്ത്, വൈശാഖ് നട്ടുനനച്ചു വളർത്തിയ ചെമ്പരത്തികൾ പൂത്തുനിൽക്കുന്നു. ജനൽപാളികൾക്കിടയിലൂടെ വന്ന വെളിച്ചം ശരണ്യയുടെ മുഖത്ത് തട്ടിയപ്പോൾ അവൾ മെല്ലെ കണ്ണുതുറന്നു. അടുക്കളയിൽ നിന്ന് ചായയുടെയും ഏലക്കയുടെയും ഗന്ധം ഒഴുകിവരുന്നുണ്ട്. അതിന് കാരണം വൈശാഖ് ആണ്. ഓരോ പ്രഭാതവും അയാൾ അവൾക്കായി കരുതിവെക്കുന്ന സ്നേഹത്തിന്റെ ഗന്ധം.

ശരണ്യ ആ വീടിന്റെ ഐശ്വര്യമായിരുന്നു. അവളുടെ ചിരിയിൽ എപ്പോഴും ഒരു നിലാവെട്ടമുണ്ടായിരുന്നു. തുന്നൽവേലകളിലും ചിത്രരചനയിലും പാട്ടിലും അവൾക്ക് പ്രത്യേകമായൊരു വഴക്കമുണ്ടായിരുന്നു. ആ സ്വീകരണമുറിയിലെ പഴയ സോഫയിലിരുന്ന് ശരണ്യ വൈശാഖിന്റെ തോളിലേക്ക് ചായുമ്പോഴാണ് ആ ലോകം പൂർണ്ണമാകുന്നത്. പുറത്ത് പെയ്യുന്ന മഴയെ നോക്കി, വൈശാഖ് മെല്ലെ പാടി:
​”നീയെന്റെ ശ്വാസമായ് ചേർന്നൊരീ വേളയിൽ കാലം നിലച്ച പോൽ കാത്തുനിൽപ്പൂ… വാടാത്ത മലരായി നീയെന്റെ നെഞ്ചിലെ പ്രാണന്റെ പാതിയായ് പൂത്തുനിൽപ്പൂ…”
​ആഘോഷപൂർണ്ണമായ ആ ജീവിതത്തിലേക്ക് വിധി കരിനിഴൽ വീഴ്ത്തിയത് പെട്ടെന്നായിരുന്നു. ചലനശേഷി കവർന്നെടുക്കുന്ന രോഗം ശരണ്യയെ തളർത്തി.

ആഘോഷങ്ങൾ ഒഴിഞ്ഞ ആ വലിയ വീട്ടിൽ വൈശാഖ് മാത്രം ബാക്കിയായി. ഡോക്ടർമാർ പോലും കൈവിട്ട നേരത്ത്, നിരാശയുടെ ആഴക്കടലിൽ നിൽക്കുമ്പോഴും അവൻ ശരണ്യയുടെ മുന്നിൽ തളർന്നില്ല. രാത്രികളുടെ കാവലിനൊടുവിൽ ശരണ്യയുടെ വിരലുകൾ ചലിച്ചു തുടങ്ങി. അസ്ഥിപഞ്ചരമായ ശരണ്യയെ വൈശാഖ് താങ്ങി എഴുന്നേൽപ്പിച്ചു. അവളുടെ വിറയ്ക്കുന്ന കാലുകൾ നിലത്തു തൊടുമ്പോൾ, തന്റെ വിരലുകൾ കോർത്തുപിടിച്ച് അവൻ ഓരോ ചുവടിലും അവൾക്ക് കരുത്തായി.
​പുലരിയുടെ പ്രസാദം എപ്പോഴും മുഖത്ത് നിറച്ചു നിന്നിരുന്ന ശരണ്യ ആ വീടിന്റെ ഐശ്വര്യമായിരുന്നു. കണ്ണുകളിൽ എപ്പോഴും ഒരു തെളിച്ചം സൂക്ഷിച്ചിരുന്നവൾ. എന്നാൽ, ആ വെളിച്ചത്തിന് മുകളിൽ പതിയെ നിഴലുകൾ വീണു തുടങ്ങി. ആദ്യം അത് വെറുമൊരു ക്ഷീണമെന്നോ വിളർച്ചയെന്നോ ആണ് വൈശാഖ് കരുതിയത്. പക്ഷേ, പതിവില്ലാതെ അവൾ പെട്ടെന്ന് നിശബ്ദയാകാനും, വാക്കുകൾക്കായി തപ്പാനും തുടങ്ങിയപ്പോഴാണ് അവന്റെ ഉള്ളിലൊരു ആധി പടർന്നത്. മുഖത്തെ ആ പഴയ പ്രസാദം മാഞ്ഞുപോകുന്നത് നോക്കിനിൽക്കാനേ അവന് കഴിഞ്ഞുള്ളൂ.

പരിശോധനകൾക്കൊടുവിൽ മെഡിക്കൽ ബോർഡ് പോലും അമ്പരന്നു നിന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു രോഗാവസ്ഥ അവളെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരുന്നു.
​”ഇനി പ്രതീക്ഷ വേണ്ട” എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോഴും, തളരാതെ വൈശാഖ് പോരാടി. അത് കേവലം മരുന്നുകൾകൊണ്ടുള്ള അതിജീവനമായിരുന്നില്ല; അവന്റെ സ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമായിരുന്നു. ഓരോ ചെറിയ ചലനത്തെയും അവൻ പ്രതീക്ഷയോടെ നോക്കിക്കണ്ടു. വിദഗ്ധമായ തുടർചികിത്സയും കൃത്യമായ പരിചരണവും ഒപ്പം ശരണ്യയുടെ തന്നെ മനക്കരുത്തും ചേർന്നപ്പോൾ, മെഡിക്കൽ ബോർഡിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അവൾ ജീവിതത്തിലേക്ക് തിരികെ നടന്നു.

​രോഗശയ്യയിൽ നിന്ന് പതിയെ എഴുന്നേറ്റ് അവൾ ജനലിലൂടെ പുറത്തെ വെളിച്ചത്തിലേക്ക് നോക്കി. കണ്ണുകളിൽ പഴയ ആ പ്രസാദം വീണ്ടും മിന്നിമറഞ്ഞു. “നമ്മൾ ജയിച്ചു അല്ലേ?” അവൾ തളർച്ചയോടെയെങ്കിലും മനോഹരമായി പുഞ്ചിരിച്ചു. അവളുടെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് വൈശാഖ് പറഞ്ഞു, “തോറ്റു കൊടുക്കാൻ നമുക്ക് കഴിയില്ലല്ലോ. നിന്റെ ഈ ചിരി കാണാനാണ് ഞാൻ കാത്തിരുന്നത്.”
​”എനിക്ക് പേടിയായിരുന്നു… നിങ്ങളെ തനിച്ചാക്കി പോകേണ്ടി വരുമെന്ന്.” അവളുടെ വാക്കുകളിൽ ആശ്വാസത്തിന്റെ നനവുണ്ടായിരുന്നു. “ഇനി ആ പേടി വേണ്ട. നമ്മൾ ഒരുമിച്ചല്ലേ…” ആ നിമിഷം ചുറ്റുമുള്ള ലോകം അത്രമേൽ സന്തോഷഭരിതമായി അവന് തോന്നി. മരണത്തിന്റെ നിഴലിൽ നിന്ന് അവൾ മടങ്ങി വന്നിരിക്കുന്നു.

ശരണ്യ എഴുന്നേറ്റു നടന്നു തുടങ്ങിയെന്ന വാർത്ത കാട്ടുതീ പോലെ പടർന്നു. അതോടെ, ഉപേക്ഷിച്ചു പോയവർ ഓരോരുത്തരായി തിരിച്ചുവന്നു തുടങ്ങി. വൈശാഖിന് ആരോടും പരിഭവമുണ്ടായിരുന്നില്ല. അവന്റെ ലോകം ശരണ്യയിൽ മാത്രം ഒതുങ്ങിയിരുന്നു.
​വർഷങ്ങൾക്കിപ്പുറം ആ വീടിന്റെ ഉമ്മറത്ത് ക്യാമറക്കണ്ണുകൾ മിന്നിമറഞ്ഞു. ചാനൽ വാർത്തകളിൽ അന്നത്തെ പ്രധാന വാർത്ത അവരുടെ അതിജീവനമായിരുന്നു. ഒരിക്കൽ തളർന്നുപോയ ഒരു സ്ത്രീയുടെ മടങ്ങിവരവല്ല, മറിച്ച് സ്നേഹം കൊണ്ട് ഒരാൾക്ക് എങ്ങനെ മരണത്തെ തോൽപ്പിക്കാം എന്നതിന്റെ സാക്ഷ്യപത്രമായി വൈശാഖ് മാറി.
​വാർത്താ മാധ്യമങ്ങൾ അവരുടെ വീടിന് മുന്നിൽ നിരന്നു. റിപ്പോർട്ടർ മൈക്ക് നീട്ടി ചോദിച്ചു: “വൈശാഖ്, ലോകം മുഴുവൻ നിങ്ങളെ അത്ഭുതത്തോടെയാണ് നോക്കുന്നത്. എല്ലാവരും കൈവിട്ടപ്പോഴും നിങ്ങൾക്ക് എങ്ങനെ ഈ കരുത്ത് ലഭിച്ചു?”

വൈശാഖ് ശരണ്യയുടെ കൈകൾ ചേർത്തുപിടിച്ചു. “അവൾ ഇപ്പോൾ പഴയതുപോലെ സുന്ദരിയായിരിക്കുന്നു”. വൈശാഖ് ശാന്തമായി മറുപടി നൽകി: “ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. സ്നേഹം എന്നത് ഒരാളെ ആഘോഷങ്ങളിൽ പങ്കുചേർക്കലല്ല, മറിച്ച് അവർ തളർന്നു വീഴുമ്പോൾ അവരുടെ ശ്വാസമായി മാറുന്നതിലാണ്.”
​വാർത്താ ചാനലുകൾ ആ ദൃശ്യം തത്സമയം സംപ്രേഷണം ചെയ്തു. വായനക്കാരുടെയും പ്രേക്ഷകരുടെയും ഹൃദയം ഒരു നിമിഷം നിശ്ചലമായി. സ്നേഹം എന്നത് വെറും വാക്കുകളല്ലെന്നും അത് ഇത്തരം വലിയ പോരാട്ടങ്ങളാണെന്നും ലോകം തിരിച്ചറിഞ്ഞു.
​രോഗശയ്യയിൽ നിന്ന് പതിയെ എഴുന്നേറ്റ് അവൾ ജനലിലൂടെ പുറത്തെ വെളിച്ചത്തിലേക്ക് നോക്കി. കണ്ണുകളിൽ പഴയ ആ പ്രസാദം വീണ്ടും മിന്നിമറഞ്ഞു. ജനലിലൂടെ അരിച്ചെത്തുന്ന വെളിച്ചം അവളുടെ മുഖത്ത് തട്ടുമ്പോൾ പഴയതിനേക്കാൾ തിളക്കം ആ മുഖത്തിനുണ്ടായിരുന്നു. ഇപ്പോഴവന്റെ മനസ്സ് ഒന്നുകൂടി ഉറപ്പിച്ചു… അവൾ തന്റെതാണ്… തന്റെത് മാത്രം!

ശരണ്യ തന്റെ അസുഖത്തിന് മുമ്പ് പാതിവഴിയിൽ നിർത്തിയ ചിത്രം പൂർത്തിയാക്കി വൈശാഖിനെ കാണിച്ചു. അതിൽ ഒരു വലിയ ആൽമരത്തിന്റെ തണലിൽ വിരിഞ്ഞുനിൽക്കുന്ന ഒരു ചെറിയ പൂവുണ്ടായിരുന്നു. ആൽമരത്തിന് വൈശാഖിന്റെ മുഖച്ഛായയായിരുന്നു.

തളരാത്ത മനസ്സും തകരാത്ത പ്രതീക്ഷയുമാണ് ഏതൊരു അതിജീവനത്തിന്റെയും കരുത്ത്.”

ദിവാകരൻ പികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *