കുഞ്ഞു ഷെല്‍ഫിലെ മല്ലിപ്പൊടിയുടെ ആരവം കേട്ടപ്പോള്‍ അവളൊന്നു ഞെട്ടി.
ഇത്രയും കാലം ഇല്ലാത്തൊരു കാര്യമാണെല്ലോ.
പിന്നെയും ആരവം തുടരുന്നു.
അടുത്തിരുന്ന മഞ്ഞള്‍ സുന്ദരിക്ക് കോപം വരുന്നതും കണ്ടു.
അവളാണല്ലോ എല്ലാവര്‍ക്കും പ്രിയങ്കരി.
ഏതു കൂട്ടിനും ഒപ്പം കൂട്ടുന്നവള്‍.
ഇതെന്താ ഇപ്പോള്‍ സംഭവിച്ചത് എന്നോര്‍ത്ത് നിന്നപ്പോള്‍
മല്ലിപ്പൊടിയുടെ ആരവം വാക്കുകളായി പുറത്തു വന്നു.
“ഇന്നെന്നെ എത്ര തവണ തൊട്ടുതലോടി?
ആ മഞ്ഞള്‍ സുന്ദരിയെ ഒരു തവണ പോലും തൊട്ടില്ല. അവളുടെ അഹങ്കാരം ഒന്നടങ്ങിയല്ലോ.”
ഇത് കേട്ടപ്പോള്‍ ഒന്നും മനസ്സിലാവാതെ മൂക്കത്ത് വിരല്‍ വച്ചു.
അപ്പോഴേക്കും മഞ്ഞള്‍ സുന്ദരി പിറുപിറുത്തു.
“എന്റെ സ്ഥാനത്ത് അറിയാതെ അവളെ പ്രതിഷ്ടിച്ചപ്പോള്‍, നിങ്ങള്‍ എന്നെ മറന്നു. എന്റെ ഗുണങ്ങള്‍ മറന്നു.”

“അയ്യോ അപ്പോള്‍ ഞാനിന്ന്‌ നിനക്ക് പകരം ഉപയോഗിച്ചത് മുഴുവന്‍ മല്ലിപ്പെണ്ണിനെയായിരുന്നോ?“ വീട്ടമ്മ അത്ഭുതം പ്രകടിപ്പിച്ചു.
“ലോകര്‍ മുഴുവന്‍ ഇങ്ങനെയാണ്, സാഹചര്യം അനുസരിച്ച് കാര്യങ്ങള്‍ മാറ്റും. ആര്‍ക്കും ആരും ഒരു അവിഭാജ്യഘടകമേയല്ല.
അപ്പോഴപ്പോള്‍ കാര്യങ്ങള്‍ നടക്കണം. അല്ലാതെ ആരോടും ഒരു ആത്മബന്ധമോ കടപ്പാടോ ഉത്തരവാദിത്വമോ ഇല്ല.” മഞ്ഞള്‍ സുന്ദരി ലോകവിവരം വിളമ്പി.
“ഒരു ചെറിയ തെറ്റ് പറ്റിയതിനു ഇത്രയധികം വാചാലയാകണോ?”വീട്ടമ്മയുടെ പരിദേവനം.
മല്ലിപ്പെണ്ണ്‍ ഇപ്പോഴും ചിരിച്ചു തകര്‍ക്കുകയാണ്.

“ചെറിയ തെറ്റാണെങ്കിലും മനുഷ്യരുടെ മനസ്സ് മനസ്സിലായല്ലോ.
സുന്ദരിയായ നിന്നെയും അവഗണിക്കാന്‍ അവര്‍ക്ക് മടിയില്ലല്ലോ. അതാണെന്റെ സന്തോഷം.” മല്ലിപ്പെണ്ണ്‍ പരിഹസിച്ചു.
“ഞാന്‍ സുന്ദരിയായത് എന്റെ കുറ്റം ആണോ. നിനക്കെന്താ സുന്ദരിയായിക്കൂടായിരുന്നോ?”
“ആവാന്‍ നീ അനുവദിച്ചില്ലല്ലോ”
“മതി മതി . നിന്റെയൊക്കെ വീറും വാശിയും.” വീട്ടമ്മയുടെ രോഷം.
ഈ വീറും വാശിയും തന്നെയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.
ആര്‍ക്കും ആരെയും അംഗീകരിക്കാന്‍ കഴിയില്ല.
അല്‍പ്പം മുകളില്‍ എന്ന് തോന്നിയാല്‍ ഉടന്‍ പ്രതികാരദാഹം വളര്‍ന്നു തുടങ്ങും.
പരസ്പരം കടിച്ചു കീറാന്‍ തുടങ്ങും.

വ്യക്തികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും ഉള്ള പ്രശ്നങ്ങള്‍ കത്തിപ്പടരുന്ന തീജ്വാലയായി മാറും.
ഇപ്പോള്‍ നടക്കുന്നത് എന്താണ്?
മനുഷ്യക്കുരുതി.
പിഞ്ചുകുഞ്ഞുങ്ങളെപ്പോലും നിര്‍ദ്ദയം പിച്ചിയെറിയുന്ന ക്രൂരത.
അമ്മമാരെയും അച്ഛന്‍മാരെയും ചുട്ടുകൊല്ലുന്ന കാപാലികന്മാര്‍.
ഭൂമിയെന്ന ഗോളം ഉണ്ടായതും ജീവനുകള്‍ പിറന്നതും ജീവവായുവും വെള്ളവും ലഭ്യമായതും മനുഷ്യനെന്ന ഭീകരജന്മത്തിന് പടവെട്ടിയമരാന്‍ വേണ്ടിയാണോ?
ഘാതകരായ ചെകുത്താന്മാരും ഇന്നല്ലെങ്കില്‍ നാളെ ജീവന്‍ വെടിയുന്നവരല്ലേ.
വെട്ടിപ്പിടിച്ചത് കൊണ്ട് എന്താണ് ഇവര്‍ നേടുന്നത്.

കൊറോണ കൊന്നത് ലക്ഷക്കണക്കിന് മനുഷ്യജന്മങ്ങളെ.
അന്ന് മനുഷ്യര്‍ നിസ്സഹായരെന്നു വിധിയെഴുതി.
ഇന്ന് മനുഷ്യര്‍ തന്നെ മനുഷ്യരേ ചുട്ടു കൊല്ലുന്നു.
ഇവിടെ ആരാണ് നിസ്സഹായര്‍?
ചിന്തകളില്‍ പോലും തീ പടരുന്നത്‌ പോലെ.
അടുപ്പത്തിരുന്ന ചോറ് പാത്രത്തിലെ വെള്ളം തിളച്ചു പൊങ്ങി വീണു പരിസരം മുഴുവന്‍ നനഞ്ഞത് കണ്ടില്ല.
അപ്പോഴും മല്ലിപ്പെണ്ണ്‍ കുണുകുണ ചിരിക്കുന്നു.
മഞ്ഞള്‍ സുന്ദരി പിറുപിറുക്കുന്നു.

അടുത്തിരിക്കുന്ന മുളകുപൊടിയും ജീരകവും ഉലുവയും കുരുമുളകുമൊക്കെ പരദൂഷണം പറയുന്നു.
ഇവറ്റകളുടെ വഴക്കിനെ കളിയാക്കുന്നു.
പരസ്പരം കലഹിക്കുന്നത് കാണാന്‍ എല്ലാവര്‍ക്കും സന്തോഷമല്ലേ.
സഹകരിച്ചു ജീവിക്കുന്നത് കണ്ടാല്‍ അസൂയയാണ്.
ഉടക്കിക്കാന്‍ വേണ്ടി കഴിവിന്റെ പരമാവധി ശ്രമിക്കുകയും ചെയ്യും.
അടികൂടി കഴിയുമ്പോള്‍ ദൂരെ മാറി നിന്നു ചിരിക്കും.
ഇതാണ് ലോകം.

ദൈവങ്ങള്‍ക്ക് വേണ്ടി എന്തും ത്യജിക്കാന്‍ മനസ്സുള്ള മനുഷ്യര്‍.
മുന്നില്‍ കൈനീട്ടുന്നവന് ഒരു രൂപ കൊടുക്കാന്‍ മടിക്കുന്ന മനുഷ്യര്‍.
സന്മനസ്സുള്ളവനെ അടിച്ചമര്‍ത്തുന്ന മനുഷ്യര്‍.
തെറ്റും ശരിയും അറിയാതെ പക്ഷം പിടിക്കുന്ന മനുഷ്യര്‍.
അവന്റെ ഭാവനയില്‍ പൂക്കുന്നത് സുഗന്ധമില്ലാത്ത പൂക്കള്‍.
പെരുപ്പിച്ച് കാണിക്കാന്‍ വ്യഗ്രതപ്പെടുന്നവന്‍.
മല്ലിപ്പെണ്ണ്‍ ചിരിച്ചു ചിരിച്ചു തളര്‍ന്നു.
മഞ്ഞള്‍ സുന്ദരി കരഞ്ഞും തളര്‍ന്നു.
തളര്‍ച്ചയില്ലാത്ത മറ്റു സുഗന്ധവ്യജ്ഞനങ്ങള്‍ ചിരിച്ചും കളിച്ചും ഉല്ലസിക്കുന്നു.
ലോകഗതി അറിയാത്ത പാവങ്ങള്‍.

രമ ദേവി രവീന്ദ്രൻ

By ivayana