രചന : ബാബു ഡാനിയേൽ ✍️
മന്നിൽ മനുജനായ് വന്നു പിറന്നിട്ടും
മുന്നിലെ ലോകത്തെ കൊല്ലുന്നു നീ.
കാട്ടു മൃഗങ്ങളിൽ നിന്നെന്നു ചൊല്ലുന്നു-
കൂട്ടുകാരെ നമ്മൾ വന്നതെന്നോ?
ഭക്ഷണം തേടുവാൻ കൊന്നീടും സിംഹവും
ശിക്ഷയായ് മാറ്റില്ല ഹിംസയൊന്നും.
തമ്മിൽ കടിക്കില്ല സ്വന്തം കുലത്തിനെ-
നമ്മളോ ലോകത്തെ മാറ്റുന്നു ഹാ!
പതിനെട്ടു വയസ്സുള്ള പൈതലിൻ ജീവനെ-
പതിയിരുന്നെല്ലാരും ചേർന്നെടുത്തു.
കൂട്ടം ചേർന്നാക്രമിച്ചീടുന്ന നരനെ-
ക്കൂട്ടാനാവില്ലല്ലോ മൃഗങ്ങളോടും.
മൃഗമെന്നു ചൊല്ലുന്നത് ആ പാവം ജീവിക്ക്-
നൽകുന്നൊരാ വലിയ അപമാനമാം.
ബുദ്ധിയുണ്ടെന്നോതി അഹങ്കരിക്കിലും
ബുദ്ധിമുട്ടിക്കുന്നു വിശ്വമിന്ന്.
നരമൃഗമെന്നു നീ ചൊല്ലീടുമ്പോഴേ
സങ്കടം പൂകുന്നു മൃഗകുലവും.
മൃഗത്തേക്കാൾ താഴെയായ് വീഴുന്ന മാനവൻ
മൃഗത്തിന്നു പോലുമൊരു ശാപമാം.
ആഹാരത്തിനായ് മൃഗം കൊല്ലുന്നു പാരിലിന്നി-
ന്നാഹന്ത! എന്തിനായ് കൊല്ലുന്നു മാനവൻ?
അറിവും വിവേകവും വന്നീടണം ദൃഢം
അകതാരിൽ അൻപതു പൂത്തുനിൽക്കാൻ.
കൊല്ലുന്ന കൈകളെ കെട്ടുക നാമൊന്നായ്-
നല്ലൊരു ലോകത്തെ തീർക്കുക നാം.

