ടെഹ്‌റാനിൽ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ മോശമായതിനെത്തുടർന്ന് ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ ടെഹ്‌റാനിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് പൗരന്മാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.

‘ഇറാനിലെ നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, ഇന്ത്യൻ പൗരന്മാർ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലേക്കുള്ള യാത്ര കർശനമായി ഒഴിവാക്കാൻ വീണ്ടും നിർദ്ദേശിക്കുന്നു’ എന്നാണ് വിദേശകാര്യ മന്ത്രാലയം പങ്കുവച്ച പത്രകുറിപ്പിൽ പറയുന്നത്. മേഖലയിലെ സമീപകാല സംഭവങ്ങളിൽ വർധിച്ചുവരുന്ന ആശങ്കകളാണ് ഇത് വ്യക്തമാക്കുന്നത്.

പ്രതിഷേധങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, നിലവിൽ ഇറാനിൽ താമസിക്കുകയോ യാത്ര ചെയ്യുകയോ ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയും അഭ്യർത്ഥിച്ചു. ഈ മുന്നറിയിപ്പ് ജനുവരി 5-ന് ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ മുൻ ജാഗ്രതാ നിർദ്ദേശത്തെ തുടർന്നുണ്ടായതാണ്. ഇതിന്റെ തുടർച്ചയാണ് യാത്ര ഒഴിവാക്കാനുള്ള നിർദ്ദേശം.

വിദ്യാർത്ഥികൾ, തീർത്ഥാടകർ, വ്യാപാരികൾ, വിനോദസഞ്ചാരികൾ എന്നിവരോട് വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള യാത്രാ മാർഗങ്ങൾ ഉപയോഗിച്ച് ഇറാൻ വിടാനാണ് എംബസി പ്രസ്‌താവനയിലൂടെ നിർദ്ദേശിച്ചത്. ഇന്ത്യൻ പൗരന്മാരോടും ഇന്ത്യൻ വംശജരോടും അതീവ ജാഗ്രത പാലിക്കാനും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കാനും നയതന്ത്ര ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധം പുലർത്താനും എംബസി ആവശ്യപ്പെട്ടു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *