രചന : സലൂജ ✍️
അടുക്കളയൊരു കണ്ണീർകടലാണ്
അവിടെ
തീരം തൊടാൻ കൊതിക്കുന്ന
എന്നാൽ,
ആർത്തലച്ചു വന്ന്
തൊടുമെന്നാവുമ്പോൾ
പുറകോട്ടു വലിക്കപ്പെടുന്ന
തിരമാലയുണ്ട്,
വേലിയേറ്റമുണ്ട്
വേലിയിറക്കവുമുണ്ട്.
ഉള്ളിക്കും കാരറ്റിനുമൊപ്പം
അരിഞ്ഞിട്ടത്,
പറന്നുതുടങ്ങിയ
അവളുടെ
ചിറ്റകുകളെയാണ്.
ചൊറിനൊപ്പം വേവുന്നത്
അവളുടെ മനസ്സാണ്
കറിക്കൂട്ടുകളിൽ
തിളച്ചുകൊണ്ടിരിക്കുന്നത്
അവളുടെ ശരീരമാണ്.
എച്ചിൽ പാത്രങ്ങളുടെ
അവശിഷ്ടങ്ങൾക്കൊപ്പം
ഒഴുകിയിറങ്ങുന്നത്
അവളുടെ നിറമുള്ള സ്വപ്നങ്ങളാണ്.
ചപ്പാത്തി മാവിനോപ്പം
അടിച്ചുടക്കപ്പെടുന്നത്
അവളിലെ രാഗാർദ്രമായ
വികാരങ്ങളാണ്.
കിടപ്പുമുറിയിൽ
പതഞ്ഞു പോകുന്നത്
അവളിലെ സർപ്പസൗന്ദര്യമാണ്.
മറ്റുള്ളവരുടെ ആക്രോശങ്ങൾക്കൊടുവിൽ
അവളിൽ നിന്നുയർന്നു പൊങ്ങുന്നത്,
എന്നോ
അവളിൽ നിന്നടർന്നു
മാറിയ സീൽക്കാരമാണ്.
മീനിനൊപ്പം എണ്ണയിൽ
പൊരിച്ചെടുക്കുന്നത്
പൂ നിലാവുദിച്ച
പോലുള്ള അവളിലെ
പുഞ്ചിരികളാണ്….
മസാല പുരണ്ടത്
അവളുടെ പൂമേനിയിലാണ്.
CFL നൊപ്പം പ്രകാശം
പരത്തുന്നത്
അവളിൽ,
ശേഷിക്കുന്ന
ഊർജമാണ്.
വെളുക്കെ ചിരിച്
നിങ്ങളവളെ
കാണുന്നുവെങ്കിൽ
അതവളിലെ
പ്രതികാരമാണ്
ശേഷിക്കുന്ന
പാതി ജീവനെ
പിടിച്ചു നിർത്താനുള്ള
മധുര പ്രതികാരം
മൗന പ്രതികാരം.
