ജിന്നുകൾക്ക് പ്രേമിക്കാനറിയുമോ ?
എൻ്റെ ചോദ്യം കേട്ട്
ശൈഖ് തലയുയർത്തി.
യാതൊരു സങ്കോചവുമില്ലാതെ
ഞാൻ ചോദ്യം ആവർത്തിച്ചു.
ജിന്നുകൾക്ക് പ്രേമിക്കാനറിയുമോ ?
ഞാൻ ഇൻസുകളുടെ ശൈഖാണ്.
എന്നാലും പറയാം.
ആലം പടച്ചവൻ
ഇശ്‌ഖിനെയാണ്
ആദ്യം സൃഷ്ടിച്ചത്.
പിന്നീട് അതിൻ്റെ
ജമാൽ പെണ്ണിനേയും
ഇസ്സത്ത് ആണിനെയും
കൊണ്ട് സചേതനമാക്കി !
മറുപടിയിൽ തൃപ്തി വരാതെ
ഞാനെഴുന്നേറ്റു നടന്നു.
യാ അബ്ദുള്ളാ,എൻ്റെ മറുപടി
പൂർണ്ണമായും കേട്ട് പോകുക.
ശൈഖ് പിന്നിൽ നിന്നും വിളിച്ചു.
സൃഷ്ടിപ്പിൻ്റെ കണ്ണിയിൽ
പടച്ചവൻ പിന്നീട് കോർത്ത് വെച്ച
സർവ്വ ചരാചരങ്ങളും
ഇണകളായിരുന്നു!
ഇണകളെ ഇണക്കിച്ചേർക്കാൻ
പ്രണയത്തെയാണ് അവനേൽപ്പിച്ചത് !
ഇതാണ് ഫിത്റത്ത്.
ലോകത്തിൻ്റെ നിലനിൽപ്പ്
ഇശ്‌ഖിലാണെന്ന്
ഖദ്റിൻ്റെ കലാമിൽ
മൗലാ ഒപ്പ് വെച്ചു!
ഞാൻ പുഞ്ചിരിച്ചു കൊണ്ട്
ആലമുൽ ഗയ്ബിലേക്ക്
ചുവടുകൾ വെച്ചു..
അപ്പോൾ മേഘങ്ങളിൽ
മറഞ്ഞിരുന്ന ജിന്നുകളെല്ലാം
എൻ്റെ പാതകളിൽ
ഇരുവശത്തുമായി പറന്നിറങ്ങി..
അഹൂറാ മസ്ദാ.. അഹൂറാ മസ്ദാ
ഹകീമായ ദൈവത്തിന് സ്തോത്രം !
എന്ന് പാടി നൃത്തം വെച്ചു !

വി സി അഷ്‌റഫ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *