വൈകുന്നേരമായാൽ ദമാമിലെ
എന്റെ ചായക്കടയിൽ വരുന്ന
നായരേട്ടന്റെ കാലിലെ നീര്
കാണുമ്പോൾ ഞാൻ ചോദിക്കും
“അല്ല അത്ഭുതമെ നിങ്ങൾക്ക്
അടുത്ത വിമാനത്തിന് നാട്
പിടിച്ചൂടെ ഇതിങ്ങനെ..”
“നായിന്റെ മോൾ”
മൂപ്പരങ്ങനെയാണ് നാട്ടിലെ
കാര്യം പറയുമ്പോൾ
ഫോണിലെ വാൾപേപ്പറിൽ
സുന്ദരപുസ്പകുസുമമായി
നിൽക്കുന്ന കെട്യോളെ ഫോട്ടൊ
നോക്കിയങ്ങനെയൊരു വിളിയാണ്,
മൂപ്പർക്കെടുക്കുന്ന കട്ടൻ
ചായയിലിട്ട ഇഞ്ചിക്കഷണങ്ങളയത്ര
ഉണ്ടാവില്ല നാട്ടിലെ
ഇഞ്ചിത്തോട്ടങ്ങളിലുള്ള ഇഞ്ചി,
അത്രയതികം ഇഞ്ചിയിട്ടിട്ട്
മൂപ്പരത് ഊതിയൂതി കുടിക്കുമ്പോൾ
ഞാനൊരു പ്ലേറ്റ് പക്കാവടച്ചേച്ചിയെ
ചായചൂടിന്റെ കാമുകിയാക്കും,
ചൂടാറുന്ന ചായയപ്പോൾ നായരേട്ടനെ
മലയാളം ഗസൽ ഗായകനാക്കും,
അറേബ്യൻ മരുഭൂമിയിൽ
പെയ്യുമെന്ന് കള്ളം പറഞ്ഞ മഴ
എന്റെ കടയുടെ മുന്നിൽ വന്നു
താളം പിടിക്കും,
“നായരേട്ടന്റെ പാട്ടുകേൾക്കാൻ
വിമാനങ്ങൾ തട്ടിക്കൊണ്ടുവന്ന
എത്രയെത്ര വാതിലുകളാണ്,
അതേയ് നല്ല തിരക്കാണ് പക്കാവട കഴിഞ്ഞു
ഞാനിച്ചിരികൂടെ ഉണ്ടാക്കട്ടെ”
“ഉള്ളി ചെറുതായി അരിഞ്ഞത്
ആവശ്യത്തിനു അതിലേക്ക്
പച്ചമുളക് കറിവേപ്പില ഇഞ്ചി
മല്ലിച്ചപ്പ് പിന്നെ കടലപ്പൊടിയൊക്കെ
പാകത്തിനിട്ട് അല്പം വെള്ളമൊഴിച്ചു
കുഴച്ച് ചൂടുള്ള എണ്ണച്ചട്ടിയിലേക്ക്”
മഴചിരിച്ച വൈകുന്നേരത്തെ
ഇരുട്ടിൽ പൊതിയാൻ നോക്കുന്ന
ആകാശം എന്റെ കടയുടെ
വാതിലിൽ കടയടക്കാനുള്ള
സമയമെഴുതിയ നോട്ടീസ്
പതിക്കുമ്പോൾ വാതിലുകളെല്ലാം
കൈക്കുള്ളിൽ ഒളിപ്പിച്ച
നാട്ടിലെ പിള്ളേരുടെ
ചിത്രങ്ങൾക്ക് ചുംബനങ്ങൾ നൽകും
“അതേയ് പിന്നെ……നിങ്ങൾ
പക്കാവടയുടെ റസിപ്പി ശ്രദ്ധിച്ചോ
ഞാനൊരു കാര്യമതിൽ മറന്നു,
ആരുമത് പറഞ്ഞില്ല അവരുടെ
കണ്ണുകൾ അതിനു പകരം
അവിടെ നിൽപ്പുണ്ടല്ലോ”
“നിങ്ങൾക്ക് നായരേട്ടന്റെ വയസറിയാമൊ
ഞാൻ നിങ്ങൾക്കൊരു കണക്ക് തരാം”
365×2 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന
സംഖ്യയുടെ മുന്നിലെ സമചിഹ്നത്തെ
കുത്തനെ വച്ചാൽ കിട്ടുന്ന സംഖ്യയുമായി
കൂട്ടിയാൽ കിട്ടുന്ന സംഖ്യയിൽ നിന്നും
700 കുറച്ചാൽ ബാക്കിവരുന്ന
സംഖ്യയോട് 10×2=20 കൂട്ടിയാൽ
കിട്ടുന്ന ഇരട്ടസംഖ്യയാണ്
മൂപ്പരെ വയസ് “
ഒരു വിമാനം കാർമേഘങ്ങളിൽ
നിന്നും ഉച്ചത്തിൽ വിളിക്കുന്നു.
“ആള് കയറാനുണ്ടോ,
ഞാൻ മിണ്ടിയില്ല നായരേട്ടൻ
ഉച്ചത്തിൽ മിണ്ടി..നായിന്റെ മോൾ”
നാട്ടിലേക്ക് പോകുന്ന കാര്യം
പറയുമ്പോൾ വാൾപ്പേപ്പറിലെ
വൈറ്റ് സിമന്റ് പറയും
ഒരു കൊല്ലം കൂടെ അതിപ്പോൾ
2×365 ൽ സമസംഖ്യയാവാതെ
പോകുമ്പോൾ മൂപ്പരെ
കാലിലെ നീര് പൂത്തവാതിലുപോലെ
എന്നെ നോക്കി ചിരിക്കും,
അങ്ങനെ കുറെ വാതിലുകൾക്കൊപ്പം
ഞാനും ചിരിക്കും.
“നിങ്ങൾ ചില തെറിവിളികളിൽ
ചുംബനങ്ങൾ ആലിംഗനങ്ങൾ
ഒളിപ്പിച്ചുവച്ചു കള്ളക്കടത്ത്
നടത്തുന്നത് കണ്ടിട്ടുണ്ടോ,
അത്രയും പ്രിയപ്പെട്ടവരോട്
ചിലർ ചിലപ്പോൾ അങ്ങനെയാണ്,
നല്ല പക്കാവടപോലെയുള്ള
തെറിവിളിക്കും എന്നിട്ടൊരു പോക്കാണ്.
ദേ……നായരേട്ടന്റെ മുഖത്ത്
പച്ചത്തെറിയുമായി വാൾപേപ്പർ
വഴി വന്നയൊരു വിമാനം ലാൻഡ്
ചെയ്തിരിക്കുന്നു.
“നാ………യരേട്ടന്റെ മോൾ”
സ്നേഹത്താൽ കടൽക്കരകളിൽ
തിരമാലകളുടെ ചുംബനങ്ങൾ
സ്വീകരിക്കുന്ന രണ്ടുപേരിലൊരാൾ
പിരിഞ്ഞു നിൽക്കുമ്പോഴുണ്ടാകുന്ന
മറച്ചുവച്ച വേദനകളായ
എത്രയെത്ര കവിതകളാണ്
വായിക്കപ്പെടാതെ,എഴുതിക്കുറിച്ചിട്ടും
പ്രകാശനം ചെയ്യപ്പെടാതെ പോകുന്നത്.

സജീദ് ആയങ്കി

By ivayana

Leave a Reply

Your email address will not be published. Required fields are marked *