രചന : കാഞ്ചിയാർ മോഹനൻ ✍️
ഖണ്ഡമാക്കല്ലെ ഭാരതം
ദണ്ഡമാക്കല്ലെ ജീവിതം
പുണ്യമാം വഴിത്താരയിൽ
മുള്ളുകൾ, വിതറീടല്ലെ
മണ്ണു പങ്കിട്ടെടുക്കല്ലെ
വിണ്ണിൽ വേലികൾ തീർക്കല്ലെ
സൗഹൃദങ്ങൾ തൻ തോണികൾ
മുക്കി വെള്ളത്തിലാഴ്ത്തല്ലെ.
ചേരി തീർത്തീ പെരുവഴി,
ചോര ചീന്തി പ്പരസ്പരം
പോരു തീർക്കാനനശ്വര
ജീവിതം ഭൂവിലില്ല ഹേ….?
അർത്ഥപൂർണ്ണമാംനിൻപദം
വ്യർത്ഥമാകാതിരിക്കുവാൻ
ഹൃത്തടങ്ങളിൽ സ്നേഹമാം
വിത്തുകൾ പാകിവാഴുക.
ജാതിഭേദമീ ഉർവ്വിയിൽ
വേണ്ട വേണ്ട സഹോദരാ
ആണ്ടു പോകുമീ ജീവിതം
പാരിലെത്രയോ നിഷ്ഫലം?
മറ്റൊരുത്തന്റെ ജീവിതം
കട്ടെടുത്തും ,കലഹിച്ചും
സ്വസ്തമായീ മരിക്കുവാൻ
ഒട്ടു, പറ്റില്ലൊരിക്കലും .
ഒന്നു ചൊല്ലുന്നു വേദിയിൽ
മറ്റൊന്നു, ചെയ്യുന്നു ഭാവിയിൽ
തെറ്റുപറ്റുമ്പൊഴൊക്കെയും
ബുദ്ധിപൂർവ്വം, മറിഞ്ഞിടും.
ധർമ്മമില്ലാത്ത ജീവിതം
അ,ധർമ്മമാണിതെന്നോർക്കുക
കർമ്മം ചെയ്യുക നാമെന്നും
അതിൻമർമ്മം,പയ്യെവെളിപ്പെടും
തിരികെയെത്തില്ല ജീവിതം
സ്വയമരികിലെത്തില്ലവാഴ്വ്വുകൾ
പകരമില്ലാത്തതൊത്തിരി
പലതുമുണ്ടെന്റെ ഭൂമിയിൽ
വാരിയൊത്തിരി കൂട്ടുവാൻ
ഓടുമൊത്തിരീ മുൻ വഴി
തേടിയെത്തുന്നു ബന്ധുക്കൾ
നിൻ ശവം, തേടി ആ വഴി
ആരു കാണുന്നു ,കേൾക്കുന്നൂ
കേവലം വെറും വാക്കുകൾ.
ഇന്നു നീയെങ്കിൽ നാളെ ഞാനെന്ന്
ആരു കാണുന്നു ലോകമേ …. ?

