രചന : സിദ്ദിഖ് പട്ട ✍️
എന്പത്തിയഞ്ച് വയസുള്ള എഡ്വേർഡ് സായിപ്പ് മരിച്ചു..
ശവ സംസ്കാരവും അനുബന്ധ ചടങ്ങുകളും കഴിഞ്ഞു..
ആകസ്മികമായി മുത്തച്ഛന്റെ ഡയറി വായിച്ച് ജോൺ ആകാംക്ഷ ഭരിതനായി..
അത് കടലാസിലാക്കണമെന്ന് അവനു തോന്നി..
അവസാന വർഷങ്ങളിലെ ഡയറിയായിരുന്നു അവന് കിട്ടിയിരുന്നത്..
ഫിലോസഫി അധ്യാപകനായ ജോൺ അതുപോലെ തന്നെ അവസാനത്തിൽ നിന്ന് ആദ്യത്തിലേക്ക് എന്ന നിലയ്ക്ക് വ്യത്യസ്തമായി അതെഴുതാൻ തീരുമാനിച്ചു..
അവൻ എഴുതിത്തുടങ്ങി..
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുത്തച്ഛന് എഴുതാൻ കഴിഞ്ഞിരുന്നില്ല..
അദ്ദേഹത്തിന്റെ അവസാന ദിവസത്തെ ഡയറിയുടെ അവസാന ഭാഗം ഇങ്ങനെയായിരുന്നു,
“ഇപ്പോഴും ഞാൻ ശ്രമിക്കുന്നുണ്ട്, സ്വയം മലമൂത്ര വിസർജനം നടത്താനും, എന്റെ ജെട്ടിയിലോ ഡയപ്പറിലോ ആകാതിരിക്കാനും”..
കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മുമ്പ് വരെ മുത്തച്ഛൻ ഊന്നു വടി ഉപയോഗിച്ച് നടക്കുകയും അടുത്ത തെരുവിൽ പോയി സാധനങ്ങൾ വാങ്ങി തിരിച്ചു വരികയും ചെയ്തിരുന്നു..
അതിനദ്ദേഹം എഴുതിയത്,
“പരസഹായം കൂടാതെ നടക്കാൻ ശ്രമിക്കുകയും വീട്ടിലേക്ക് തിരിച്ചു വരാൻ വഴി ഓർത്തു വെക്കുകയും ചെയ്തിരുന്നു” എന്നാണ്..
ഞാൻ ജനിച്ചപ്പോൾ മുത്തച്ഛൻ ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമം ജീവിതം നയിക്കുകയായിരുന്നു..
ആ ഡയറി വായിച്ചപ്പോളാണ് മനസ്സിലാവുന്നത്, മുത്തച്ഛന്റെ ജീവിതം എത്ര മനോഹരമായിട്ടാണ്, സന്തോഷമായിട്ടാണ് അദ്ദേഹം ജീവിച്ചത് എന്ന്..
എന്റെ പത്ത് പന്ത്രണ്ട് വയസ്സ് മുതൽ അതായത് മുത്തച്ഛന്റെ അറുപത് വയസ്സ് മുതൽ എനിക്ക് മുത്തച്ഛന്റെ ജീവിതം ഭാഗികമായിട്ടെങ്കിലും അറിയാം..
സ്കൂൾ പഠനത്തിനുശേഷം ഗ്രാജുവേഷനും ഉപരി പഠനവും ജോലിയും കുടുംബവുമായി ന്യൂജേഴ്സിയിൽ താമസമാക്കിയ ഞാൻ ഇടയ്ക്കിടയ്ക്ക് ജോർജിയിൽ വന്ന് അച്ഛനെയും അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും സന്ദർശിച്ചിരുന്നു..
മുത്തച്ഛന് വിശ്രമ ജീവിതം എന്നുവച്ചാൽ അദ്ദേഹത്തിന് സംതൃപ്തി കിട്ടുന്ന കാര്യങ്ങൾ ചെയ്യുക എന്നതായിരുന്നു..
മുത്തശ്ശി എഴുന്നേൽക്കുന്നതിന് മുമ്പ് അതിരാവിലെ എഴുന്നേറ്റ് കുളിയും ന്യൂസ് പേപ്പർ വായനയും കഴിഞ്ഞ് ഒരു കട്ടൻകാപ്പി കുടിച്ച് തൊടിയിലേക്ക് ഇറങ്ങും..
പൂന്തോട്ടത്തിന് ചുറ്റും നടന്ന് കൊഴിഞ്ഞുവീണ ഇലകളും പൂവുകളും പെറുക്കി കളഞ്ഞും കമ്പുകളും മറ്റും വെട്ടി ഒതുക്കിയും ഏറ്റവും ഭംഗിയായി ആ പൂന്തോട്ടവും പുരയിടവും പരിപാലിക്കും..
എട്ടുമണിയോടുകൂടി മാർക്കറ്റിൽ പോയി വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങിയിട്ട് വരും, എന്നെ കുളിപ്പിക്കാനും ഉടുപ്പ് മാറ്റാനും സഹായിച്ചിരുന്നതും സ്കൂളിൽ കൊണ്ടുപോയി വിട്ടിരുന്നതും മുത്തച്ഛനായിരുന്നു ..
അതൊക്കെ അദ്ദേഹം ചെയ്തിരുന്നത് മനസിനും ശരീരത്തിനും ഒരു വ്യായാമം എന്ന നിലയ്ക്കാണ് എന്ന് എനിക്ക് മനസ്സിലാവുന്നത് അദ്ദേഹത്തിന്റെ ഡയറി വായിച്ചപ്പോളാണ്…
ബ്രേക്ക് ഫാസ്റ്റിന് ശേഷം, കോളേജ് അധ്യാപകനായി ജോലിയിൽ നിന്ന് വിരമിച്ച അദ്ദേഹം, എഴുത്തിലേക്കും വായനയിലേക്കും തിരിയും..
ഊണ് കഴിഞ്ഞ് ഒന്നൊന്നര മണിക്കൂർ ഉറങ്ങും. മൂന്നര നാലുമണിയോടെ അവിടെ അടുത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സമപ്രായക്കാരും അംഗങ്ങളായിരുന്ന ഒരു ക്ലബ്ബിലേക്ക് പോകും..
എല്ലാ സൗകര്യങ്ങളോടും കൂടിയുള്ളതായിരുന്നു ആ ക്ലബ്ബ്. സുഹൃത്തുക്കളോട് സൊറ പറഞ്ഞും തമാശ പറഞ്ഞും ഉല്ലസിച്ച് ആനന്ദിച്ച് നേരം പോക്കലായിരുന്നു അവിടെ മുത്തച്ഛൻ എന്നാണ് ഞാൻ കരുതിയിരുന്നത്..
നാലഞ്ചുവർഷം മുമ്പ് വരെ സ്ഥിരമായി ക്ലബ്ബിൽ പോയിരുന്ന മുത്തച്ഛനെ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാനവിടെ കൊണ്ട് വിട്ടിട്ടുമുണ്ട്..
അവിടെ അദ്ദേഹം സംസാരിച്ചിരുന്നതും പ്രവർത്തിച്ചിരുന്നതും സാമൂഹികവും സാംസ്കാരികവുമായ ജീവിത സാഹചര്യമൊരുക്കാൻ എന്തെല്ലാം ചെയ്യണം എങ്ങനെയെല്ലാം ചെയ്യണം എന്നതിനൊക്കെ വേണ്ടിയായിരുന്നു എന്ന് ആ ഡയറി വായിച്ചപ്പോഴാണ് ഞാൻ പൂർണ്ണമായും മനസ്സിലാക്കുന്നത്..
ക്ലബ്ബിൽ നിന്ന് വന്ന് കുളി കഴിഞ്ഞ് കുഞ്ഞായിരുന്ന എന്നെ കളിപ്പിക്കാനും പഠിപ്പിക്കാനും മുത്തശ്ശിയും അമ്മയും അച്ഛനുമൊക്കെയായി സംസാരിച്ചും തമാശ പറഞ്ഞും എപ്പോഴും സന്തോഷവാനായിരിക്കുന്ന എന്റെ പ്രിയ മുത്തച്ഛനെ ഞാനിന്നും ഓർക്കുന്നു..
പത്തുവർഷം മുമ്പുള്ള മുത്തശ്ശിയുടെ മരണം അദ്ദേഹത്തെ തെല്ലൊന്ന് അസ്വസ്ഥപ്പെടുത്തിയെങ്കിലും, മരണമെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് പിന്നീടുള്ള ജീവിതവും സന്തോഷകരമാക്കി തീർക്കാൻ അദ്ദേഹം സ്വീകരിച്ച വഴികളും പ്രവർത്തികളും അദ്ദേഹം ആ ഡയറിയിൽ വ്യക്തമായി എഴുതിയിട്ടുണ്ട്…
കൂടെക്കൂടെയുണ്ടായിരുന്ന പേമാരിയിലും കൊടുങ്കാറ്റിലും വീടും കൃഷിയും പലതവണതവണ ഭാഗികമായും പൂർണ്ണമായും നശിച്ചത് പലയിടങ്ങളിലായി അദ്ദേഹം എഴുതിയത് കണ്ടു. അതോർത്ത് വേവലാതിപ്പെടുന്നതോ സങ്കടപ്പെടുന്നതോ എവിടെയും അദ്ദേഹം കുറിച്ചിട്ടില്ല..
ഭൂരിഭാഗം ആളുകളും കൃഷി ഉപജീവന മാർഗമാക്കിയിരുന്ന ജോർജിയയിൽ പ്രകൃതിക്ഷോഭങ്ങൾ സർവ്വസാധാരണമായിരുന്നു..
മറ്റുള്ളവരുടെ നാശനഷ്ടങ്ങളും സങ്കടങ്ങളും പലയിടുത്തായി വായിക്കാൻ കഴിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ നഷ്ടങ്ങൾ അദ്ദേഹം മനസ്സിലാക്കി അതിനെ ധൈര്യസമേതം അതിജീവിക്കുന്നതാണ് കണ്ടത്..
തന്റെ വിദ്യാർത്ഥികളെ സ്നേഹിക്കുകയും അതിലൂടെ അവരുടെ കഴിവും വാസനയും വേർത്തിരിച്ചറിയുകയും, ഓരോരുത്തരുടെയും കഴിവിനനുസരിച്ച് അവരുടെ മേഖലയിലേക്ക് എത്തിപ്പെടാൻ സഹായിക്കുകയും ചെയ്ത അദ്ദേഹത്തിലെ അധ്യാപകൻ എപ്പോഴും മികച്ചു നിന്നിരുന്നു..
എയ്റോ നോട്ടിക്ക് എൻജിനീയറായിരുന്ന തന്റെ അച്ഛനും, മുത്തച്ഛന്റെ ഒരേ ഒരു മകനുമായ റീച്ചാർഡും മുത്തച്ഛന്റെ അതെ നിലപാടുകാരനായിരുന്നു എന്ന് ആ ഡയറി വായിച്ചപ്പോൾ ഞാൻ അറിയാതെ ചിന്തിച്ചു പോയി..
തന്റെ അച്ഛൻ അല്പം കർക്കശക്കാരനായിരുന്നു എന്ന ഒരു വ്യത്യാസമേ അവർ തമ്മിൽ ഉണ്ടായിരുന്നുള്ളൂ..
മുപ്പത്തിയഞ്ച് നാല്പത് വയസ്സുവരെ എന്തും തിന്നും കുടിച്ചും ജീവിച്ചിരുന്ന എന്റെ മുത്തച്ഛൻ നാൽപ്പതിയഞ്ച് വയസ്സോടെ ആരോഗ്യകരമായ ഭക്ഷണ രീതി ശീലിച്ചു തുടങ്ങി..
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കി..
മുത്തച്ഛന്റെ 40 വയസ്സിലെയും 35 വയസ്സിലെയും 30 വയസ്സിലെയും പത്തു വയസ്സിലെയും അഞ്ചുവയസ്സിലെയും ഒരു വയസ്സിലെയും ജീവിതാനുഭവങ്ങളും ചിന്തകളും കാഴ്ചപ്പാടും ആ ഡയറിയിൽ വായിച്ചപ്പോൾ ഞാൻ ഒരു കാര്യം മനസ്സിലാക്കി, 35 വയസ്സുവരെ ഞാൻ ജീവിച്ച ജീവിതം, മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും എന്നെ പരിശീലിപ്പിച്ച് പഠിപ്പിച്ച ആ ജീവിതം തന്നെയായിരുന്നു മുത്തച്ഛന്റെ 35 വയസ്സ് വരെയുള്ള ജീവിതമായി മുത്തച്ഛൻ ആ ഡയറിയിൽ കുറിച്ചിട്ടിരുന്നത് എന്ന്..
കാലവും സാഹചര്യവും മാറിയിട്ടുണ്ട്..
എനിക്ക് ആശ്ചര്യം തോന്നി..
തുടർന്നെഴുതാൻ എനിക്ക് ആ ഡയറിയുടെ ആവശ്യമുണ്ടായിരുന്നില്ല..
എന്റെ ഇതുവരെയുള്ള ജീവിതം ഓർത്തെടുത്ത് എഴുതിയാൽ മതിയായിരുന്നു..
ഒന്നാം വയസ്സിൽ നടക്കാൻ എന്റെ മാതാപിതാക്കളും മുത്തച്ഛനും എന്നെ പ്രാപ്തനാക്കിയിരുന്നു..
മൂന്ന് വയസ്സുള്ള ഞാൻ ട്രൗസറിൽ മൂത്രമാവാതെ കാര്യങ്ങൾ ചെയ്യുമായിരുന്നു..
നാലു വയസ്സ് ആയപ്പോഴേക്കും അച്ഛന്റെയും അമ്മയുടെയും പേരും മേൽവിലാസവും അവരെന്നെ പഠിപ്പിച്ചു തന്നിരുന്നു..
ആ പ്രായത്തിലുള്ള ഞാൻ എവിടെയെങ്കിലും ഒറ്റപ്പെട്ടുപോയാൽ അതെനിക്ക് സഹായകമാകും എന്നവർ കരുതിയത് കൊണ്ടാണത്..
ഏഴു വയസ്സുള്ള എന്റെ മകൾക്കും അവളുടെ ചെറുപ്പത്തിലേ ഞാനിതൊക്കെ പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്..
മൂന്ന് നാല് വയസ്സായപ്പോഴേക്കും, എന്റെ മകൾ കഴിച്ച ഒരു മിഠായി പൊതിഞ്ഞ പേപ്പറാണെങ്കിൽ കൂടി എവിടെയും വാരി വലിച്ചെറിയാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാൻ ഞാനെന്റെ മകളെ പഠിപ്പിച്ചിട്ടുണ്ട്..
12 വയസ്സായപ്പോഴേക്കും എനിക്ക് സുഹൃത്തുക്കളായി, പതിനെട്ടിൽ ഡ്രൈവിംഗ് ലൈസൻസ് എടുത്തു, 23ൽ ഗ്രാജുവേഷൻ, 25 ൽ ജോലി, 28 ൽ വിവാഹം കഴിച്ച് ഫാമിലി മാനായി..
വളരെ സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്ന ഞാൻ, എന്റെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും എക്സ്ട്രാ വരുമാനം നേടിത്തുടങ്ങി..
സ്നേഹമാണ് അഖിലസാരമൂഴിയിൽ എന്ന മുദ്രാവാക്യം മുത്തച്ഛന്റെ എഴുത്തിൽ ഉടനീളം കാണാം..
പല മേഖലകളിലായി ഒരുപാട് സുഹൃത്തുക്കളുള്ള ഞാനും സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനുവേണ്ടി, മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സദാസമയവും ജാഗരൂകനാണ്..
അത്തരം പ്രവർത്തികളിൽ മുത്തച്ഛൻ അനുഭവിച്ചിരുന്ന സംതൃപ്തി, ഞാനിപ്പോൾ അനുഭവിക്കുന്നു..
എന്നെ സ്നേഹിക്കുകയും സന്തോഷിപ്പിക്കുകയും മാത്രം ചെയ്തിരുന്ന എന്റെ മുത്തച്ഛനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു..
അദ്ദേഹത്തിന്റെ ഡയറി വായിച്ചതിനുശേഷം ഞാൻ വിചാരിക്കുന്നു He is my hero..
മുത്തച്ഛാ, തീർച്ചയായും ഞാനും അങ്ങയെപ്പോലെ സന്തോഷവും അർത്ഥപൂർണ്ണവുമായ ജീവിതം നയിക്കാനും എനിക്ക് ചുറ്റുമുള്ളവരെ ആ വഴിയിലേക്ക് നയിക്കാനും തീവ്രമായി പരിശ്രമിക്കും..
I Love You Grandpa..
