​ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് പ്രസാദവുമായി എന്റെ മകളും , ഫാമിലിയും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ട്രെയിൻ കയറി . പക്ഷേ കൂടെ കൊണ്ടുവന്നത് വെറും പ്രസാദം മാത്രമല്ല , ചിരിച്ചു ചിരിച്ചു വയറു പുണ്ണാകുന്ന ഒരു കഥ കൂടിയാണ് !

​സംഭവം ഇതാണ് :
മകൾ കയറിയ റിസർവേഷൻ കമ്പാർട്ട്മെന്റിൽ ഒരു പ്രായമായ ലേഡി കയറി മകളുടെ സീറ്റിന് എതിർവശത്തായിട്ട് ഇരിപ്പായി . കൂടെ ഒരു വലിയ പൊതിയും പൊങ്കാല കലവും ഒക്കെ ഉണ്ട് . ആ പൊതി കണ്ടപ്പോൾ മകൾ കരുതി ബാക്കി വന്ന വിറകും , തൊണ്ടും ഒക്കെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരിക്കും എന്ന് . പക്ഷേ ‘ ബോംബ് ‘ പൊട്ടിയത് അത് തുറന്നപ്പോഴാണ് ! ആ പൊതിയിൽ വിറകല്ല , അവരുടെ അത്രയും തന്നെ ഉയരമുള്ള ഒരു ഒന്നൊന്നര ശ്രീകൃഷ്ണ വിഗ്രഹം ! വരാനിരിക്കുന്ന വിഷുവിന് കണി വെക്കാൻ വാങ്ങിച്ചതാണത്രേ 🤭 .

​അവിടെ നിന്നാണ് യഥാർത്ഥ
‘ കളി ‘ തുടങ്ങിയത് . TTR വന്നു റിസർവേഷൻ ടിക്കറ്റ് കാണിക്കാൻ പറഞ്ഞപ്പോൾ നമ്മുടെ കക്ഷി നൈസായി പറഞ്ഞു :
” സാറേ , റിസർവേഷൻ ടിക്കറ്റ് എടുത്തിരുന്നു ( waiting list )… പക്ഷെ അത് കൺഫേം ആയില്ല !”

കൺഫേം ആകാത്ത ടിക്കറ്റും കൂറ്റൻ കൃഷ്ണ വിഗ്രഹവുമായി ഇരിക്കുന്ന അവരോട് ടിടിആർ പറഞ്ഞു : “അമ്മേ , അടുത്ത സ്റ്റേഷനിൽ ഇറങ്ങി ലേഡീസ് കമ്പാർട്ട്മെന്റിൽ കയറിക്കോ , ഇവിടെ ഇരുന്നാൽ ഫൈൻ അടക്കേണ്ടി വരും .”
​അപ്പോഴാണ് അമ്മയുടെ അടുത്ത ഡയലോഗ് : ” സാറേ , ഈ അർദ്ധരാത്രി ഈ കൃഷ്ണനേയും കൊണ്ട് ഞാൻ എങ്ങോട്ട് പോകും ? 😂
​ഫൈൻ ആയി 1000 രൂപയോളം വരുമെന്ന് പറഞ്ഞ ടിടിആറിനോട് അമ്മ : ” അത്രയൊന്നും തരാൻ എന്റെ കയ്യിലില്ല സാറേ … ഒരു 500 രൂപയാണെങ്കിൽ നോക്കാം . ഇറങ്ങേണ്ടിടത്തിറങ്ങി എനിക്ക് വീട്ടിലെത്താൻ ഓട്ടോ പിടിക്കേണ്ടേ? അതിന് കൊടുക്കാൻ ഉള്ളതേ വേറെ ഉണ്ടാകൂ .
​അമ്മയുടെ മറുപടി കേട്ട് അവസാനം ടിടിആർ തണുത്തു . എന്റെ മകളുടെ സമ്മതത്തോടെ സീറ്റിനടുത്ത് താഴെ തുണി വിരിച്ച് കിടന്നോളാൻ അവർക്ക് അനുവാദം കൊടുത്ത് അയാൾ പോയി .

രാത്രി 10 മണി കഴിഞ്ഞു , എല്ലാവരും ഉറങ്ങാൻ ഒരുങ്ങുന്നു . അപ്പോഴതാ താഴെ നിന്ന് അത്യാവശ്യം നല്ല വോളിയത്തിൽ മ്യൂസിക് കേൾക്കുന്നു ! നോക്കിയപ്പോൾ , നമ്മുടെ അമ്മ ഫുൾ സൗണ്ടിൽ യൂട്യൂബ് കണ്ടു ആസ്വദിക്കുകയാണ് ! ആരോ വഴക്ക് പറഞ്ഞപ്പോഴാണ് അത്
ഒന്ന് നിന്നത് .

​രാവിലെ മകൾ ഉണർന്നപ്പോഴേക്കും അമ്മയും , കൃഷ്ണനും എവിടെയോ ഇറങ്ങിപ്പോയിരുന്നു . തന്റെ അത്രയും പോന്ന കൃഷ്ണ വിഗ്രഹത്തേയും താങ്ങിപ്പിടിച്ച് , ടി.ടി.ആർ നോട് വിലപേശുന്ന ആ അമ്മയുടെ രൂപം ഓർക്കുമ്പോൾ ഇപ്പോഴും അവൾക്കും , കഥ കേട്ട ഞങ്ങൾക്കും ചിരി നിർത്താൻ പറ്റുന്നില്ല !

​എന്തായാലും ആ അമ്മയുടെ വിഷുക്കണി ഗംഭീരമാകട്ടെ എന്ന് ആശംസിക്കുന്നു !

തട്ടാരി രവീന്ദ്രനാഥ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *