രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️
മുത്തശ്ശന്റെ മൂക്ക് ഒരു മൂക്കായിരുന്നൂ.
നീണ്ടു മെലിഞ്ഞ മനുഷ്യൻ.
മെലിഞ്ഞാലും ആരോഗ്യം തോന്നുന്ന കയ്യിലെയും ശരീരത്തിലെയും എല്ലുകൾ….
ശാരീരികമായി സുഖമില്ലാതിരുന്ന മുത്തശ്ശനെയാണ് ഓർമ്മയുള്ളൂ.
നായാട്ടിന്റെയും,ഗന്ധർവന്റെയും,
പൂമാല ഗന്ധർവന്റെയും
കഥകൾ പറയുന്ന മുത്തശ്ശൻ
വലിയ മൂക്കിലേക്ക്
പൊടി വലിച്ചുകയറ്റുന്നത് കാണാൻ കൗതുകമുണ്ടായിരുന്നു…….
“ഉണ്ണിയ്ക്ക് എത്ര ദെവസ്സം ലീവ്ണ്ട്…..?”
“അഡ്‌ത്തേന്റഡ്ത്ത തിങ്കളാഴ്ച വരെ…..”
“ഇക്കൊല്ലം ലീവ് കൊറച്ചേട്ത്തുള്ളൂ…..?”
“ഞ്ഞും…..ഇട്ക്കണം…..”
അച്ഛന് മുത്തശ്ശനോടും
മുത്തശ്ശന് അച്ഛനോടും ബഹുമാനമുള്ളതായിതോന്നിയിട്ടുണ്ട്…..
കരിങ്കല്ലുകൊണ്ടുണ്ടാക്കിയ
ഗേറ്റിന്റെകാലുകളിലൊന്നിൽ
തലവളഞ്ഞ ഊന്നുവടി ചാരിവച്ച് കുന്തിച്ചിരുന്ന്,
ഇടംകാൽമുട്ടിൽ ഇടംകൈയ്യ് താങ്ങി നീട്ടിവച്ച്….
വിശാലമായ പാടത്തേക്കും
തോട്ടിൻ കരയിലേക്കും വിദൂരതയിലേക്കും നോക്കിയിരിക്കുന്ന മുത്തശ്ശനെ മറന്നിട്ടില്ല….
ഉത്തരത്തിൽ നിന്നും കയറിൽ
പനംതട്ടികയോടുചേർത്ത് കെട്ടിത്തൂക്കിയ ലൈസൻസുള്ള തോക്കും മറന്നിട്ടില്ല…..
തോട്ടിലെ കുളിക്കാനിറങ്ങുന്ന അത്തിക്കൽകടവും,മനയ്ക്കൽ കടവും, മറന്നിട്ടില്ല.മറ്റൊരു കടവിന്റെ പേര് മറന്നിരിക്കുന്നു.
വെളിത്തിരിക്കഴമ,കട്ടമോഡൻ,
പിന്നീട്അയ്യാറെയ്റ്റ്
തുടങ്ങിയ നെല്ലിന്റെ പേരുകൾ
കേട്ട് വളർന്നത് അവിടെയാണ്……
അവിടെ കോതമ്മ ഉണ്ടായിരുന്നു.
മടലങ്കാളി എന്നു വിളിക്കുന്ന കാളി എന്ന ഭ്രാന്തുള്ള തടിച്ച തള്ളമ്മയുണ്ടായിരുന്നു.
പഴയ തുണികളും മറ്റെന്തൊക്കെയോ സാധനങ്ങളുള്ള അവരുടെ
ഭാണ്ഡമായിരുന്നു അവരുടെ സമ്പത്ത്….
അവരെ കുട്ടികൾ മടലങ്കാളി എന്നു വിളിച്ച് കളിയാക്കി ഓടുമായിരുന്നു.
പാവം……
വേനലിൽ ചീർപ്പിട്ട് തടുത്ത് നിർത്തിയ വെള്ളം നിറഞ്ഞു നിൽക്കുന്ന തോട്ടിൽ മുതലയെ കണ്ടവരുണ്ടായിരുന്നു.
ആളെണ്ണം കൂടുതലുള്ള മുത്തശ്ശൻ വീട്ടിന്റെ മുറ്റം വലുതായിരുന്നു.
വലിയ കൈക്കിണ വേപ്പിന്റെ പഴം പഴുക്കുമ്പോൾ തത്തകൾ അതു തിന്നാൻ വരുമ്പോഴാണ് തുടുത്ത കൊക്കുള്ള പച്ചപ്പനങ്കിളി തത്തയെ ആദ്യമായി കാണുന്നത്.
മുത്തശ്ശൻ കോലായുടെ അറ്റത്തെ മൂലയിലിട്ട കട്ടിലിൽ ഏതാണ്ട് കിടപ്പു തന്നെ ആയിരുന്നു.
ചില ശബ്ദങ്ങളും പാട്ടുകളുമൊക്കെ മുത്തച്ഛന് അസ്വസ്ഥത ഉണ്ടാക്കുമായിരുന്നു.
മുട്ടയിട്ടശേഷം കോഴികൾ ഉറക്കെ ശബ്ദമുണ്ടാക്കാൻ തുടങ്ങിയാൽ മുത്തശ്ശന് ദേഷ്യം വരും…..
“ഡാ….. കൃഷ്ണാ………”
മുത്തശ്ശൻ വിളി തുടങ്ങും.
ഒമ്പതാമത്തെ മകൻ കൃഷ്ണൻകുട്ടി ഓടിവരും….
“അച്ഛൻ…..വിളിച്ചോ……?”
“കൃഷ്ണാ….നിയ്യാ കോഴ്യെ…..
ഒറ്റേറ് ന്…..കൊന്ന് തന്നാ അണക്ക്…..നാലണ ഇപ്പത്തന്നെ തരാ……”
മകൻ വേഗംപോയി കോഴിയെ ദൂരത്തേക്ക് ഓടിച്ചുവിടും.
“വെള്ളത്താമര മൊട്ടുപോലെ
വെണ്ണക്കൽ പ്രതിമപോലെ
കുളിക്കാനിറങ്ങിയ പെണ്ണേ…..
നിന്റെകൂടെ ഞാനും വന്നോട്ടേ…..”
എന്ന പാട്ട്,റേഡിയോയിൽ കേൾക്കുന്നതുതന്നെ മുത്തശ്ശന് കലിയാണ്.
പാട്ടുതുടങ്ങിയാൽ മുത്തശ്ശൻ വിളിതുടങ്ങും….
“ഡാ…. കൃഷ്ണാ……”
മകൻ ഓടിവരും….
“നിർത്തടാ…. അത്…….
അവന്റൊരു…..വെള്ളത്താമര……”
മകൻ ഓടിപ്പോയി റേഡിയോ ഓഫാക്കും.
ജീവിതം,അങ്ങിനെ എവിടെയൊക്കെ എങ്ങിനെയൊക്കെ ആടിത്തീർന്നിരിക്കുന്നു.
തിരിഞ്ഞുനോക്കുമ്പോൾ പലതും ആവശ്യമില്ലാത്തതായിരുന്നു.
ചുറ്റും നോക്കുമ്പോൾ കുടുംബങ്ങളുണ്ടാക്കി കെട്ടിമുറുക്കി ഒരുമിച്ചുനിർത്താൻ പാടുപെട്ടും,അസ്വാരസ്യങ്ങൾ പുറത്തറിയിക്കാതെ മൂടിവെച്ചും സ്വയം പര്യാപ്തതക്കായി ഓട്ടംപാച്ചിൽ നടത്തുകയായിരുന്നു പലരും,പലകുടുംബങ്ങളും……
എല്ലാം ഗ്രാമങ്ങളിൽ നേരിട്ട് കണ്ടും കേട്ടും മനസ്സിലാക്കാം.
വീടുനിർമ്മാണങ്ങളും വിവാഹങ്ങളുമാണ് പല കുടുംബങ്ങളെയും ആടിയുലഞ്ഞ് നശിക്കാനും പുറകോട്ടുപോകാനും ഇടയാക്കിയിട്ടുള്ളത്.
ജീവിതത്തിന്റെ വലിയകാലം,അതിന്റെയൊക്കെ കടംതീർക്കാനായി ഹോമിക്കപ്പെടുന്നു.
ജീവിച്ചോ….എന്നുചോദിച്ചാൽ…..
ജീവിച്ചു.
ജീവിച്ചതൊട്ടില്ലതാനും…….
ആവശ്യത്തിനുമാത്രമുള്ള,ചെറിയവീടുകളും,ലളിതമായ വിവാഹരീതികളും മാത്രമായി സമൂഹത്തെ മാറ്റിയെടുക്കാൻ കഴിഞ്ഞാൽത്തന്നെ…..
ജീവിത പ്രാരാബ്ധങ്ങൾ പകുതിയിലധികം തീരുമെന്ന് തീർച്ച.
കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന കടുംബങ്ങൾ കുടുംബാസൂത്രണത്തോടെ കൂട്ടികളുടെ എണ്ണം കുറഞ്ഞ് അണുകുടുംബങ്ങളിലേക്ക് എത്തി നിന്നു.
അതുകൊണ്ടുതന്നെ ചിലവുകൾ കുറയേണ്ടതായിരുന്നു.
ഭാഗംവെച്ച് വിഭജിച്ചുപോയ കുടുംബങ്ങൾ അവരവരുടെ പരിമിതികൾ മറന്ന് ജീവിക്കുംതോറും,വിദ്യാഭ്യാസത്തിനും,വലിയവീടിനും,വാഹനങ്ങൾക്കും,ആർഭാട വിവാഹങ്ങൾക്കുമായി,ചിലവുകൾ, വരുമാനത്തേക്കാൾ കൂടി.
“അവർ കാട്ടിക്കൂട്ടുന്നതിനേക്കാൾ”
“ഇവർ കാട്ടിക്കൂട്ടുന്ന” സാമൂഹിക ആചാരങ്ങളിലേക്ക് മനുഷ്യർ ജീവിതത്തെ വലിച്ചിഴച്ചു കൊണ്ടുപോയി.
അതൊക്കെ കാലത്തിന്റെ വിളയാട്ടങ്ങൾ എന്നു പറഞ്ഞുപോകുകയാണ് ഭേദം….
ഓർമ്മകളിലേക്ക് ഊളിയിട്ടു പൊയ്ക്കൂടാ.
അതൊരു വലിയ കുറ്റിക്കാടുകളും മുൾ കാടുകളും പൂന്തോട്ടങ്ങളും സ്വപ്നങ്ങളും ആശകളും നിരാശകളും ഒക്കെ കെട്ടിമറിഞ്ഞതാണ്……
വടക്കുനോക്കി യന്ത്രത്തെപ്പോലെ ഒരു ദിശ മാത്രം നോക്കി നടക്കുന്നതാണ് തൽക്കാലം നല്ലത്……
അയാൾ,റോഡരികിലെ പെട്ടിക്കടയിൽ നിന്നും ചായവാങ്ങി കുടിച്ചു.
“ഒരു പത്ത് പാളേങ്കോടൻ പഴം തന്നോളൂ….
ഒരുകെട്ട് ദിനേശ് ബീഡീം…..ഒരു തീപ്പെട്ടീം….”
“ദാ…..”
പീഡികക്കാരൻ ഹൈദ്രു സാധനങ്ങൾ കിറ്റിലിട്ടു നീട്ടി.
“എത്ത്റ്യാ…..?”
“അമ്പത്തൊന്ന്…. അമ്പത് മതി…..”
അയാൾ കിറ്റുംവാങ്ങി നടന്നു…..
