രചന : പി.ഹരികുമാർ✍

പുഴകൾ വിസ നേടി ഉലകം ചുറ്റുന്നു.
കിണറിന്റെ ആഴവും കുളത്തിന്റെ ഓളവും
കൊതിയോടെ നോക്കുന്നു.

ഉലകം ചുറ്റിയൊഴുകുന്ന പുഴക്കുണ്ട്
ആരുമറിയാത്തോരെതിരൊഴുക്ക്;
അമ്മമലയുടെ വാത്സല്യമടിയിൽ
അന്തിയുറങ്ങുവാൻ കൊതിയൊഴുക്ക്;
അറിയാ മൊഴികൾ പഠിച്ച് പതച്ച്
വേർത്ത് ലോകത്തെ നനച്ചന്തിയിൽ
മലയുടെ മടിയിൽ സ്വസ്ഥമുറങ്ങുവാൻ
സ്വപ്നം കണ്ടാണൊഴുകുന്നു പുഴകൾ.
കയ്പേറും കട്ടിയുപ്പിന്റെയാഴിയിൽ
ആരുമറിയാതൊടുങ്ങുന്ന സ്വപ്നം.
ആർദ്രമത്,തീവ്രമത്,സ്നേഹമതെങ്കിലും
അമ്മമലയും മറക്കുന്നത്,
നാട്ടുകാരൊരുനാളുമോർക്കാത്തത്.

“പാടുന്ന പുഴ”യെന്നുണ്ടായിരം പാട്ടുകൾ.
കേഴുന്നു പുഴയെന്നതാർക്കറിയാം?
പുഴയുടെ കളകളാരവം പാടുന്നു കവികൾ
പുഴയുടെ ഗദ്ഗദമതെന്നാരറിയാൻ?
സുഖിച്ചു രസിച്ചൊഴുകുന്നു പുഴയെന്ന് നാട്ടുകാർ.
തീരാനോവതെന്നാരറിയാൻ?
പുഴയുടെ ഉള്ളറിഞ്ഞൊപ്പം തുഴയുവാനുള്ളത്
പൊടിമീനുകൾ മാത്രം;
ഒഴുക്കിനെതിരെ തുഴയുമബലജീവികൾ.
ഒടുവിലവരും ഹതാശരായ്
കടലിലടിയുന്നു പുഴയുടൊപ്പം.

നാട്ടുകാരാർപ്പിട്ട് പാടം നനക്കുന്നു
കോരിക്കുടിക്കുന്നു,നീന്തിക്കളിക്കുന്നു.
വീശിപ്പിടിക്കുന്നു വിശപ്പുമടക്കുന്നു.
നാടിന്റെ ദാഹവും പശിയുമടക്കിയൊരു നാൾ
മലമടിയിലെത്തുവാനാശിച്ചലയുന്ന പുഴകളോ
ഹതാശരായ് കടലിലലിഞ്ഞു മറഞ്ഞു പോകും.
ഒപ്പമൊടുങ്ങുന്നു മീനുകളും.
ഉലകാകെ വേർത്തലയുന്ന പുഴകളുള്ളിൽ
മലയിലേക്കൊഴുകുന്ന പുഴകളത്രെ!

പി.ഹരികുമാർ

By ivayana

One thought on “<em>മലയിലേക്കൊഴുകുന്ന പുഴകൾ!</em>”

Comments are closed.