രചന : അഫ്സൽ ബഷീർ തൃക്കോമല✍

1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (ഇൻസ്ഡ്) ലോക ജലദിനമെന്ന ആശയത്തിന് നാന്ദി കുറിച്ചത് തുടർന്ന് ഐക്യ രാഷ്ട്ര സഭ 1993 മാർച്ച് 22 മുതൽ ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.എന്നാൽ ഇന്ത്യയിൽ ഡോക്ടർ ബി.ആർ. അംബദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 ദേശീയ ജലദിനമായി ആചരിക്കുന്നു.


ഇനിയുമൊരു മഹായുദ്ധം ഉണ്ടായാൽ അത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നാണ് കണക്ക് .ജനസംഖ്യ വർദ്ധനവും മലിനീക രണവും ഭൂമിയിൽ ജല ദൗർലഭ്യതക്കു കാരണമായി മാറി എന്ന് സാമാന്യമായി പറയാമെങ്കിലും കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുന്ന വർത്തമാന കാല പരിതസ്ഥിതികളിൽ കിണറുകളും കുളങ്ങളും ഉൾപ്പടെ ജലാശയങ്ങളെല്ലാം പൂർണ്ണമായോ ഭാഗികമായോ ഉപയോഗ ശൂന്യമായി മാറി. കൊറോണ കാലത്തു അടച്ചിരുന്നപ്പോൾ കേരളത്തിലെ ഉൾപ്പടെയുള്ള ജലാശയങ്ങൾ മലിനീകരണത്തെ അതി ജീവിച്ചത് എടുത്തുപറയേണ്ടിയിരിക്കുന്നു .


“കുത്തൊഴുക്കുള്ള വെള്ളമായാലും മിതമായേ ഉപയോഗിക്കാവൂ ” എന്ന നബി വചനവും .നദി ദേവതയാണ് ജലാശയങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തരുതെന്നും നഗ്നരായി കുളിക്കരുതെന്നുമുള്ള ആർഷ ഭാരത സംസ്കാരവും മാത്രം മതി ജലത്തിന്റെ പ്രാധാന്യത്തെ മനസിലാക്കാൻ . അഗ്നിയോളം വിശുദ്ധി ജലത്തിനുമുണ്ടെന്നുള്ള ആചാര്യ ദർശനവും കൂടി ആകുമ്പോൾ ജലം ഭക്തിയുടെ ഭാവത്തിലും മുൻപന്തിയിലാണ് .മാത്രമോ ഹൈന്ദവ വിശ്വാസത്തിൽ ഗംഗാ നദിയും ക്രൈസ്തവ വിശ്വാസത്തിൽ യോർദ്ദാൻ നദിയും ഇസ്ലാമിക വിശ്വാസത്തിൽ സംസം കിണറും ജല സ്രോതസ്സുമാത്രമല്ല ആത്മ നിർവൃതിയുടെ പ്രതീകം കൂടിയാണ് .


മണ്ണും മനുഷ്യനും പക്ഷി മൃഗാദികളും സസ്യ ലതാതികളും അടങ്ങുന്ന ആവാസ വ്യവസ്ഥ നില നിൽക്കുന്നത് ജല ലഭ്യതയുടെ അടിസ്ഥാനത്തിലാണ് അത് കൊണ്ട് ജീവ വായുവിനോളം ജലത്തിനും പ്രാധാന്യമുണ്ട്.നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളെയും അരുവികളെയും നീരുറവകളെയും നദികളെയും ഒപ്പം സമുദ്രത്തെയും സംരക്ഷിക്കാനും അടുത്ത തലമുറയ്ക്ക് കൈമാറാനും ഓരോരുത്തർക്കും ബാധ്യതയുണ്ട് .
ഏന്റെ ആദ്യ പുസ്തകം “പമ്പാ നദിയിലൂടെ” (പഠനം ) എന്നതിൽ ഏറെ അഭിമാനിക്കുന്നു.
ഏവർക്കും ലോക ജല ദിനാശംസകൾ ….

അഫ്സൽ ബഷീർ തൃക്കോമല

By ivayana