രചന : ഖുതുബ് ബത്തേരി✍️
സ്നേഹ സ്പർശനങ്ങളുടെ
ഒരു മഴക്കാലം
ഞാനിപ്പോൾ ആസ്വദിക്കുന്നു,
ശേഷം വരാം…
ഘനീഭവിച്ച
വേനലിന്റെ
വറുതിയെങ്കിലും,
ഞാൻ ആസ്വദിക്കുന്നു
ഈ മഴക്കാലം.
വാചാലമാകുന്ന വാക്കുകളുടെ
ഒരു വസന്തകാലം
ഞാനിപ്പോൾ അനുഭവിക്കുന്നു,
ശേഷം വരാം…
ഊഷരത പ്രാപിച്ച
മൗനങ്ങളുടെ ഘോഷയാത്ര,
എങ്കിലും
ഞാൻ അനുഭവിക്കുന്നു
ഈ വാചാലത.
പ്രണയോന്മാദ
ലഹരി എന്നിലിന്നു മതിഭ്രമം
പടർത്തിയിരിക്കുന്നു.
ശേഷം വരാം…
വിരഹ വേദനയിൽ
ഉള്ളകങ്ങളെ
പിടിച്ചുലയ്ക്കുന്ന
തീരാനോവുകൾ,
എങ്കിലും
ഈ പ്രണയമഴയിൽ
ഞാൻ പാടെ നനഞ്ഞിരിക്കുന്നു.
റബ്ബിലേക്ക്
സദാ ദുആ ഇരക്കുന്നതിന്റെ
ആനന്ദം എന്നെയിപ്പോൾ
കുളിരണിയിക്കുന്നു.
ശേഷം വരാം..
നിശബ്ദമായ തേങ്ങലുകൾ,
എങ്കിലും
തേട്ടങ്ങളുള്ള
ഈ ദിനരാത്രങ്ങള്‍
എന്നെ ആനന്ദപുളകം കൊള്ളിക്കുന്നു.
