രചന : കെ.ആർ.സുരേന്ദ്രൻ ✍️
സന്ധ്യ മറഞ്ഞിരിക്കുന്നു.
തെരുവ് വിളക്കുകൾ
പണിമുടക്കിയിരിക്കുന്നു.
എങ്കിലും
നിലാവിളക്ക് തെളിഞ്ഞിട്ടുണ്ട്.
നിലാക്കംബളം നാടാകെ,
കാടാകെ പടർന്നൊഴുകുന്നുണ്ട്..
പുഴ ശാന്തമായൊഴുകുന്നുണ്ട്.
നിലാവിളക്കിൻ വെട്ടത്തിൽ
മലരികളും, ചുഴികളും
വായിക്കാം.
അടിയൊഴുക്കുകൾ
ശക്തമാണെന്ന്,
സൂക്ഷിക്കുകയെന്ന്
ഒരശരീരി കാതിൽ
എന്തിനോ മുഴങ്ങുന്നുണ്ട്.
പാടശേഖരങ്ങൾ
കുളിർ കാറ്റിൽ
നിലാവിളക്കിന്റെ വെട്ടത്തിൽ
ഹരിതം കൈവിടാതെ
സൂക്ഷിക്കുന്നുണ്ട്.
മരങ്ങളുടെ പച്ചപ്പ്
കളഞ്ഞുപോയിട്ടില്ല.
ഉദ്യാനങ്ങളിൽ
ഹിമബിന്ദുക്കളണിഞ്ഞ
ബഹുവർണ്ണപ്പൂക്കൾ
കുളിർ കാറ്റിൽ
നൃത്തം ചെയ്യുന്നുണ്ട്.
പൂക്കൾക്ക് നിറവും
സുഗന്ധവും
അപഹരിക്കപ്പെട്ടിട്ടില്ല.
മഞ്ഞ് പെയ്യുന്നുണ്ട്.
മഞ്ഞിൻപുതപ്പ് ചുറ്റി
ഏകനായി
ഞാൻ നടക്കുന്നു
ഈ പാതയിലൂടെ..
കുളിർന്ന് വിറക്കുന്നുണ്ട്.
നിലാവിളക്കിന്റെ മഞ്ഞക്കംബളം
എല്ലാം കാട്ടിത്തരുന്നുണ്ട്.
ഞാൻ മാനം നോക്കുന്നു.
ഒരു കറുത്ത കടലിന്റെ
അപാരത
എന്നെ നിശ്ചലനാക്കുന്നു!
വിസ്മയചിത്തനാക്കുന്നു!
ചന്ദ്രനും,നക്ഷത്രങ്ങളുമില്ല!
ഈ നിലാവിളക്ക്
ആര് കൊളുത്തി.!?
ഞാനേത് ലോകത്താണ്!?
