രചന : മരിയ സബ്‌നം ✍️
അദൃശ്യ സ്നേഹത്തിന്റെ
നേർത്ത സുഗന്ധം
ദൈവത്തിന്റെ പുഞ്ചിരിയാകുന്നു..!
ആത്മാവിപ്പോൾ തണുത്തുറഞ്ഞിരിക്കുന്നു
ദുഃഖം സ്വതന്ത്രമായിരിക്കുന്നു.
ഹൃദയമിപ്പോൾ ചുരമിറങ്ങുന്ന കാറ്റിലെന്ന
പോലെ ഉന്മാദിയാണ്.
നിന്നെ ഞാൻ എവിടെയോ വെച്ചു കണ്ടു..
അല്ല ഹൃദയത്തിന്റെ വനാതിർത്തിയിൽ.
മന്ദമാരുതന്റെ തലോടൽ പോലെ ഞാൻ ആ കാഴ്ച്ചയെ ഓർമ്മിക്കുന്നു.
അവിടെ മനുഷ്യരേക്കാൾ മനോഹരമായ മരത്തിന്റെ ഭാഷ.!
അതെന്റെ ലോകത്ത് മാത്രം നിറഞ്ഞു നിൽക്കുന്നു.
എനിക്കവരോട് പറയണമെന്നുണ്ട്
“ഒന്നുമാഗ്രഹിക്കാതെ എത്രമാത്രം
നിങ്ങൾ ഭൂമിയിലേക്ക് കരുണ ചൊരിയുന്നു. അവൻ തൊട്ടപോലെ…”
ഓർമ്മകളുടെ മഞ്ഞു തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ട്.
പക്ഷെ,
ഇവിടെ കൊടും വേനലിന്റെ കടുത്ത തീച്ചൂടെരിയുന്നു..!
നീ ഉരുകി ഒലിച്ചു വീണ്ടും
ആത്മാവിനെ സ്ഫുടം ചെയ്തു കൊണ്ടിരിക്കുന്നു.
എന്റെ വേനൽ ചിന്തകൾ എരിഞ്ഞില്ലാതാവും…
എനിക്ക് മരിക്കേണ്ട..!
നീയെന്നെ വാരിയെടുത്തു ഉമ്മ വെക്കുമ്പോൾ
മാത്രം മെല്ലെ എന്റെ റൂഹിനെ മരണത്തിന്റെ
മലക്ക് കൈ വെള്ളയിൽ ഒതുക്കട്ടെ.
ഒരു കൈപിടിയോളം പോന്ന എന്റെ ലോകം നിറയെ നീ.,
നീ മാത്രമാകുമ്പോൾ…
‘അതേ,
നീ മാത്രമാകുമ്പോൾ…!’💕

