രചന : ഷാജി പേടികുളം✍️.
‘അനാസ്ഥ’ നിരന്തരം
കേൾക്കുന്ന ശബ്ദം.
ഉത്തരവാദിത്തങ്ങൾ
വെടിഞ്ഞ മനുഷ്യൻ്റെ
നാറുന്ന നാവിൽ നിന്നു –
തിരുന്ന ചീഞ്ഞു നാറിയ
അറയ്ക്കുന്ന വാക്ക്.
അന്യരുടെ വായിലെ
ഉമിനീരു കലർന്നൊരന്നം
കൈവിരലാൽ തോണ്ടി
തിന്നു പെരുകുന്ന നാറിയ
മനുഷ്യൻ്റെ നാവിൽ
നിന്നൊലിച്ചുവീഴുന്ന ശബ്ദം.
അഭിമാനത്തിൻ്റെ കയർ
തുമ്പിൽ തൂങ്ങിയാടുന്ന
മനുഷ്യൻ്റെ ജീവനു വില
പറയുന്നവൻ്റെ നാവിൽ
നിന്നുതിരുന്ന പരിഹാസപദം.
കുത്തൊഴുക്കിലൊലിച്ചു
പോയതിൻ ബാക്കി പത്രം
പോൽ കണ്ണീരിൽ കുതിർന്ന
ജീവിതങ്ങളെ നോക്കി
മനസാക്ഷിയില്ലാത്തവൻ്റെ
മരിച്ചു വിറങ്ങലിച്ച ശബ്ദം.
ജീവിക്കുവാൻ ശസ്ത്രക്രീയ
തേടിയെത്തും മനുഷ്യൻ്റെ
ദൈന്യതയറിയാത്തധരങ്ങൾ
തുപ്പും വാക്കുകളിലുണ്ടനാസ്ഥ.
പഴകിപ്പൊളിഞ്ഞടർന്നു വീണ
ചുമരുകൾക്കടിയിൽ പ്രാണനായി
പിടയുന്നരൊമ്മതൻ ദൈന്യത
മറയ്ക്കുവാൻ പുലമ്പുന്ന
പൊയ് വാക്കിലിന്നുണ്ടനാസ്ഥ.
അധികാരമത്തിനാലന്ധരായ്
മാറിയ മനസാക്ഷി മരവിച്ച
ചെകുത്താൻമാർ മുരളുന്ന
വാക്കുകൾ തന്നെയാണനാസ്ഥ.
അനാസ്ഥയനിശ്ചിതമായി
തുടരവേ ദുരന്തങ്ങളൊടുങ്ങില്ല
ഓരോ ദുരന്തവും കാശാക്കി
മാറ്റുവോർക്കെന്തനാസ്ഥ….?
ഭരണം ജനങ്ങൾക്കു ദുരന്തം
പ്രതിപക്ഷങ്ങളതിലും വലിയ ദുരന്തം
ജീവിതം വഴിമുട്ടിപ്പകച്ചു നിൽക്കും
ജനത്തിന്നനാസ്ഥ പെരിയ ദുരന്തം
