രചന : സഫൂ വയനാട്✍

മെഡിക്കൽ കോളേജ്,
സ്ത്രീ വാർഡുകളിലെ
പെൺ കരച്ചിലുകൾക്ക് മേൽ ഉള്ള്
പുകഞ്ഞൊരു ചിരിപുഴയൊഴുകുന്നുണ്ട്
ന്യൂറോളജി മൂന്നാം നില റൂമിൽ പതംപറച്ചിലുകൾക്കൊപ്പം
തളർന്നു പോയ ഉടലുകളുടെ
ശ്വാസ തപങ്ങളാൽ വാർഡിനകം വിയർത്തൊട്ടുന്നുണ്ട്….
കണ്ണീരുന്തിയ വേദന ഞരക്കങ്ങൾക്കിടയിൽ
അയാൾ അരികെ വരുമ്പോൾ മാത്രം ഒരുവളുടെയേങ്ങൽ തികച്ചും നേർത്തുവരുന്നുണ്ട്….
നീയങ്ങു പോയാൽ എനിക്കാരെന്നൊരു
ആധിയെ ഞരമ്പ് പൊട്ടിയൊരു
ചിരിയഴക് കൊണ്ടയാൾ
ഉരച്ചു ചുവപ്പിക്കുന്നുണ്ട്..
മക്കളില്ലാത്തവർ,മക്കളുള്ളവർ,
മക്കളുണ്ടായിട്ടുംപരിചരിച്ചു മടുത്തവർ,
കട്ടില് ഒഴിയാൻകാത്തിരിപ്പവർ,
അങ്ങിനെയങ്ങിനെ നീണ്ട വരികൾ നോക്കി,തിടുക്കമിട്ടയാൾ മെത്തയിലെ
മക്കളില്ലാ നെടുവീർപ്പിന്റെ വിടവടക്കുന്നു …
വെയിലുചാറി നേർത്തൊരു
നെഞ്ചിൻ കരയിൽ ചാരിയിരുത്തി
സ്നേഹപ്പൊതിയഴിച്ചവളെ മാമൂട്ടുന്നു…
മുത്തശ്ശിപ്രായത്തിലുമാ മുഖത്തൊരു
കുട്ടി കുസൃതി പൊട്ടുന്നു….
തൊട്ടപ്പുറത്ത് ഇതെല്ലാം
കണ്ട് കൂർത്തനോട്ടം പായിച്ച്
വിയർപ്പിന്റെയും കണ്ണീരിന്റെയും
ഉപ്പ് പ്രഹരങ്ങളേറ്റ്
മെലിഞ്ഞൊട്ടിയ ആശുപത്രി
തലയണപോൽ ,ഒരുവൾ
പെറ്റിട്ടും പെറ്റു കൂട്ടീട്ടും പെറാത്തപോൽ
മക്കളുണ്ടായിട്ടുമില്ലാതെ
ഇണയായിട്ടും തുണയാവാത്തൊരു
ഭാഗ്യത്തെ വരിപ്പുതച്ച്
കൂലിക്ക് നിർത്തിയ തമിഴത്തി പെണ്ണിന്റെ
കൈകൊണ്ടേകിയ സഹതാപത്തിന്റെ വറ്റ് തൊണ്ടയിൽ കുരുങ്ങേ പതിമൂന്നാം
നമ്പർ ബെഡിന് മേളീന്ന് ഒരുനില ഓടിട്ട
വീട്ടിടവഴികളിലേക്ക് ഓർമയുടെ റിവേഴ്സ് ഗിയറിടുന്നു ….
നിനവിൻ നീരാവിപതപെരുകിപെറ്റ്
മുറ്റത്തെ ഞാവൽ മരം,വേപ്പ്മരം
അമ്മയില,അച്ഛനില, ഏട്ടനില,അങ്ങിനെ
മുത്തശ്ശനില വരേയ്ക്കുമപ്പോ കടഞ്ഞ മനസ്സിന്റെ ഉമ്മറപ്പടി ചെത്തിമിനുക്കി മുളപ്പൊട്ടും…
വെയിലിറ്റി വാടിയ കരിയില പോലും ഇടുപ്പിൽ കൈകുത്തി എനിക്ക്
വയ്യെന്ന് എണീറ്റിരിക്കും,
മുത്തശ്ശിയില തുമ്പിൽ നിന്നൊരു
സ്നേഹ വിളിക്കൊത്തവൾ വെള്ളികൊലുസ് കുലുക്കി പൂത്തുമ്പിയേ പിടിക്കും…
കണ്ണ് കുഴിഞ്ഞ, രുചി നശിച്ച, എല്ലുന്തിയ
കദനകഥ മറന്ന് വേലിക്കൽ പോയ്‌ നിന്ന്
സൊറപറഞ്ഞുമുടിപിന്നും…..
വാവോ വാവോന്നൊരു അമ്മത്താരാട്ട്
പാട്ടിൽ മിഴികൂമ്പികിടന്ന്,കുളിമറന്ന
കാര കിളിർത്ത മുടിയടരുകൾതൊട്ട്
എന്നോ നടത്തംനിന്നുപോയ തഴമ്പ് കെട്ടി നഖംമുന്തിയ കാൽപാദത്തോളംമൊന്നു ഭ്രാന്തമായ് പൂക്കുന്നുവെന്നതോന്നലിൽ അമാവാസി കവിള് തിരുമ്മി ഉന്മാദിയാകും.
പ്രപഞ്ചത്തിലെ സകലത്തിനോടുമാനേരം അവൾക്ക് നീർ വറ്റിയ നെഞ്ചിൽ പ്രണയം പൊട്ടും …
വേലിക്കൽ നിന്നൊരു ശൂ വിളിയപ്പൊ കനക്കും..
സാറ്റ് കളി,കക്ക് കളി, അക്കുത്തിക്കുത്താന വരമ്പത്തങ്ങനെ വട്ടം വട്ടം നാരങ്ങ തൊട്ട് തൊട്ടോട്ടം
വരേയ്ക്കും കുഴിമാടത്തിലേക്കൊരിക്കൽ തള്ളിയിട്ട ഇടങ്ങൾ ഓർമ്മയിലിങ്ങനെ
ആട്ടങ്ങ കൈപ്പിൽ അമ്മനമാടും…
നോക്കിയേക്കണേന്ന് അമ്മയേൽപ്പിച്ച
പരിപ്പ് കറി അടിയിൽപിടിച്ചെന്ന് ആളികത്തിയ തീയെ ശകാരിക്കും….
അപ്പോഴേക്കും മരിച്ചെണീറ്റ് പോയ ആശുപത്രികിടക്കകളിലെല്ലാം
അവളുടെ നേരിയ മുഖഛായഉള്ളവരാൽ പെരുകും…..
തളർന്ന ഉടലിന് തളർന്നുറങ്ങുവാൻ
തന്നെ പെറ്റവളും താൻ പെറ്റവളുമങ്ങിനെ
കരിഞ്ഞു പോയൊരു കുഞ്ഞനിലയുടെ അരിക് പോലുമില്ലെന്ന്
വിലപിക്കുന്ന വെറും പ്യൂപ്പകൾ….
വിരിഞ്ഞിറങ്ങുന്ന മയിൽ‌പീലി
കുഞ്ഞിനെകാണാൻ
കാത്തിരുന്ന സ്വപ്നങ്ങളും,
വാർണാഭമാം ആപുള്ളിചിറകുകളും എത്രവഗമാണവർ അരിഞ്ഞെടുത്തെന്റെ
ആകാശത്തേ കൊത്തി നുറുക്കിയതെ-
ന്ന് കരച്ചിൽപൊട്ടി ചുണ്ട് പിളിർത്തും…
അവസാന ശ്വാസം തൊണ്ടക്കഴീന്ന് വെമ്പുമുന്നെ ഓർമ്മയിൽ നിന്ന് ഓരോർമ്മ പോലും ബാക്കി വെക്കാതെ പൊതിഞ്ഞു സൂക്ഷിച്ച ബാല്യവുമെവിടേക്കെന്നില്ലാതെ
പൊടിതട്ടിയൊടുക്കം ഇറങ്ങിപ്പോകും…
ദേ തിരക്ക് മാറ്റിവച്ചൊന്ന് തിരിഞ്ഞു നോക്കൂ…..
നിറങ്ങൾ വിലക്കപ്പെട്ടവരുടെ,
നോവ് ഭാരം ചുമക്കുന്നവരുടെ,
ഞരമ്പറ്റ ചിരികളുടെ,
കനംവച്ച ദയനീതയുടെ,
മരണം കണ്ട് മരവിച്ച നോട്ടങ്ങളുടെ ,കുണ്ണീരുന്തി വീർത്ത, മിശ്രഗന്ധങ്ങൾ കൂടിക്കലർന്ന
ലോകമാണ് ഓരോ ആശുപത്രികളും…..

സഫൂ വയനാട്

By ivayana